തന്ത്രോപാസന എന്നാൽ പൂജാവിധി. ഇതിനെ പ്രതീകോപസന അല്ലെങ്കിൽ ബിംബാരാധന എന്നും പറയുന്നു. തന്ത്രോപസന സഗുണോപസനയിൽ പെട്ടതാണ്. ആരാധനയ്ക്കുള്ള വിഗ്രഹം എട്ട് പ്രകാരത്തിൽ നിർമ്മിക്കാം. കല്ല്, രത്നം, ലോഹം, മണ്ണ്, മരം, ചന്ദനമോ കുങ്കുമമോ ഉപയോഗിച്ച് നിലത്തു വരച്ചു, ചിത്രങ്ങൾ വെച്ച്, മനസ്സിൽ ധ്യാനിച്ച്, ഇങ്ങനെയെല്ലാം പൂജിക്കാവുന്നതാണ്.
പ്രതിഷ്ഠകൾ രണ്ടു വിധമാണ്. 1.ചലം 2.സ്ഥിരം - ആരാധനാ വിഗ്രഹത്തെ വസ്ത്ര പുഷ്പമാല്യങ്ങൾ കൊണ്ടും കൊണ്ടലങ്കരിക്കുകയും ധൂപദീപാദികൾ കൊണ്ടും അംഗന്യാസകരന്യസങ്ങൾ കൊണ്ടും ആവാഹനാദി ക്രിയകൾ കൊണ്ടും മൂലമന്ത്രജപംകൊണ്ടും വിഗ്രഹത്തിന് ചൈതന്യം വരുത്തിയിരിക്കണം. മൂലമാന്ത്രവും പൂജവിധിയും ഉത്തമാധികാരിയിൽ (തന്ത്രി) അറിയണം. ആരാധകന് വിഗ്രഹത്തിൽ ഭക്തിയും വിശ്വാസവും ഉണ്ടായിരിക്കണം. പൂജവസാനം ആത്മാർപ്പണമായി ദീർഘദണ്ഡനമസ്കാരം ചെയ്തിരിക്കണം. പൂജവിധിയുടെ ആത്യന്തിക ഉദ്ദേശവും ആത്മസാക്ഷത്കാരവും തന്നെയാണ്.
ബാഹ്യമായി ചെയ്യുന്ന പൂജക്ക് ആന്തരമായ ഒരു അർത്ഥം കൂടിയുണ്ട്. ആരാധനയ്ക്ക് ആവശ്യം വേണ്ട വസ്തുക്കൾ ജലഗന്ധ പുഷ്പധൂപദീപാദികളും നിവേദ്യവുമാണ്. ഇവ അഞ്ചും പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ്. മന്ത്രത്തിൽതന്നെ ഈ തത്ത്വം കാണിക്കുന്നു. ശരീരം പഞ്ച ഭൂതാത്മകമാണ്. അതിലെ ജലം ഇതാ ഭഗവാനിൽ ലയിപ്പിക്കുന്നു. (അബാത്മനാ ജലം സമർപ്പയാമി) ഇതുപോലെ പൃഥിവ്യാത്മാ ഗന്ധം സമർപ്പയാമി (ഭൂമിയുടെ തത്ത്വമാണ് ഗന്ധം) അഗ്നിയാത്മനാ ദീപം, വായുവാത്മനാ ധൂപം, ആകാശാത്മനാ പുഷ്പം സമർപ്പയാമി. പിന്നെ പഞ്ചഭൂതാത്മകമായ ഈ ശരീരം കൊണ്ട് ചെയ്ത കർമ്മങ്ങളുടെ ഫലമായ "നിവേദ്യം" ഇതാ ഭഗവാനെ അങ്ങയിൽ സമർപ്പിക്കുന്നു. കർമ്മങ്ങൾ എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നതിനാൽ ശരീരസ്വീകരണവും ജന്മവും ഇല്ല.
സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെ ഒരാൾക്ക് മൂന്ന് ശരീരമാണ് ഉള്ളത്. ഈ മൂന്നു ശരീരവും ഭഗവാന് സമർപ്പിക്കുന്നതിനാലാണ് ജലഗന്ധപുഷ്പ ധൂപദീപങ്ങൾ മൂന്നു പ്രാവശ്യം സമർപ്പിക്കുന്നത്. ജീവൻ പരമജ്യോതിസ്സായ പരമാത്മാവിൽ ലയിക്കുന്നതാണ് കർപ്പൂരാരതിയുടെ തത്ത്വം. പ്രതിബിംബമായ ജീവജ്യോതിസ്സ് ബിംബമായ പരമജ്യോതിസ്സിൽ ഒന്നായി ചേർന്നു കഴിഞ്ഞു എന്ന് കാണിക്കുകയാണ്.