കർമ്മത്തിന്റെ പരിസമാപ്തി ജ്ഞാനത്തിലാണ്


***ജീവികൾ അവരുടെ കർമ്മത്താൽ ദേഹം സ്വീകരിക്കുകയും കർമ്മത്താൽ തന്നെ ദേഹവിയോഗം പ്രാപിക്കുകയും ചെയ്യുന്നു. സുഖം,ദുഃഖം ഭയം, അഭയം ഇവയെല്ലാം കർമ്മം നിമിത്തം ജീവികൾക്ക്‌ ഉണ്ടാകുന്നു. അതുകൊണ്ട് എല്ലാവരും അവരവരുടെ കർമ്മഫലം അനുസരിച്ചുള്ള സുഖദുഖങ്ങൽ അനുഭവിച്ചു കഴിയുന്നു. ജന്മാന്തര കർമ്മങ്ങൾ അനുസരിച്ചുള്ള വാസനയാൽ മനുഷ്യൻ പ്രേരിപ്പിക്കപ്പെടുന്നു.അതനുസരിച്ച് ഓരോ പ്രവർത്തിയിൽ പ്രവേശിച്ചു കർമ്മം ചെയ്യുന്നു. ഇതിനെ മാറ്റിത്തീർക്കാൻ ആരാലും സാധ്യമല്ല. കർമ്മത്തിൽ നിന്നാണ് ഫലം ഉണ്ടാകുന്നത്. കർമ്മം ചെയ്യണമെങ്കിൽ അന്തര്യാമിയായ ദേവതയുടെ പ്രേരണ വേണം. ജന്മാന്തരത്തിൽ ചെയ്‌ത കർമ്മത്തിൽ നിന്ന് സിദ്ധിച്ച സംസ്കാരമാണ് ഒരുവനെ ഇപ്പോൾ കർമ്മം ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്. കർമ്മം തന്നെയാണ് ധർമ്മമെന്നു വേദങ്ങൾ പറയുന്നു.

എല്ലാറ്റിനും കാരണമായിരിക്കുന്നത് കർമ്മമാണ്‌.ഒരുവന്റെ ബന്ധുവും ശത്രുവും ഗുരുവും ഈശ്വരനുമെല്ലാം അവന്റെ കർമ്മം തന്നെയാണ്. 

കർമ്മം ചിത്തത്തിന്റെ അന്നമാണ്. 

ഉപാസന ചിത്തത്തിന്റെ സ്നാനവും. 

കർമ്മത്തിന്റെ പരിസമാപ്തി ജ്ഞാനത്തിലാണ്.

കർമ്മത്താൽ ഉണ്ടാകുന്ന ജ്ഞാനം കർമ്മത്തെത്തന്നെ ഇല്ലാതാക്കുന്നു.

നിഷിദ്ധകർമ്മങ്ങൾ വർജ്ജിക്കുക!

കാമ്യകർമ്മങ്ങൽ സംന്യസിക്കുക!!

എതു കർമ്മവും അഹങ്കാരശൂന്യത കൈവരിക്കുമ്പോൾ അത് അനന്തതയെ പ്രാപിക്കുന്നു. 
- "സത്സംഗം"