ഗീത ഒരു പഠനം

ഹിന്ദു  മത ഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്  വേദങ്ങളാണ്. വേദങ്ങളുടെ സാരമാണ് ഉപനിഷത്തുകൾ. ആ ഉപനിഷത്തുക്കളുടെ സാരമാണ് ശ്രീമദ് ഭഗവത്ഗീത. 

ഗീത കേവലം ഹിന്ദുമത വിശ്വാസികളുടെ ഒരു മതഗ്രന്ഥമല്ല. അത് പൊതുവെ ലോകജനതക്ക് സ്വീകാര്യമായ, അത്യന്തം വിലപ്പെട്ട ഒരു അപൂർവ്വ ഗ്രന്ഥമാണ്. മനുഷ്യന് ദൈനം ദിന ജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെയും വിഷമങ്ങളെയും പരിഹരിച്ച് അവർക്ക് വിവേകവും സുഖവും ശാന്തിയും നേടുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ് ഗീത. അത് ഒരു പ്രത്യേക രാഷ്ട്രത്തേയോ സമുദായത്തേയൊ  മതത്തേയോ ലക്ഷ്യമാക്കിയല്ല ഉപദേശിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യ സമൂദായത്തിന് ഒട്ടാകെ ജന്മസാഫല്യം നേടുവാൻ അനുസരിക്കേണ്ട ഉപദേശങ്ങളാണ് ഗീതയിൽ കാണുന്നത്. മനുഷ്യ സമൂഹത്തിന്റെ സന്മാർഗ്ഗബോധത്തിനും ഉൾകർഷതിത്തിനും ഉന്നമനത്തിനും ശ്രേയസ്സിനും ഉതകുന്ന തത്വസംഹിഹകളുടെ സമാഹാരമാണത്.

ഭോഗതൃഷ്ണയിലും ഉപഭോഗസംസ്കാരത്തിലും ഉഴലുന്ന, സ്വധർമ്മം മറന്ന നമുക്ക് ഭഗവത്ഗീതയിലെ തത്ത്വോപദേശങ്ങൾ അത്യാവശ്യങ്ങളാണ്. അതി ഗഹനമാണ് ഗീതയിലെ തത്ത്വോപദേശസാരങ്ങൾ. അതുകൊണ്ടാണ് ഗീതാവ്യഖ്യാതാക്കളായ വിവധ പണ്ഡിത ശ്രേഷ്ഠന്മാർ അവരവരുടെ രുചിഭേദമനുസരിച്ച്  വവിധങ്ങളായ വ്യാഖ്യാനങ്ങൾ ഗീതയ്ക്ക്  നൽകിയിരിക്കുന്നത് . ഗീതാ സന്ദേശം ജ്ഞാനയോഗമാണ്, ഭക്തിയൊഗമാണ്, രാജയോഗമാണ്, കർമ്മയോഗമാണ് എന്നെല്ലാമാണ് ഈ  വ്യാഖ്യാനങ്ങൾ. ഓരോതരത്തിൽ ഇവയെല്ലാം ശരിയാണ് താനും. എല്ലാ യോഗങ്ങൾക്കും ഗീതയിൽ സ്ഥാനമുണ്ട്. 'സർവ്വ ശാസ്ത്രമയീ ഗീത' എന്ന് വ്യാസനും  'സമസ്ത വേദാർത്ഥ സാരസംഗ്രഹ ഭൂതം' എന്ന് ശ്രീശങ്കരനും ഗീതയെ വിശേഷിപിച്ചു . ' യുക്തിവാദികളുടെപോലും രാജാവ് എന്ന് മഹാത്മജിയുടെ പ്രഖ്യാപനവും ശ്രദ്ധേയമാണ് .  ഗീതയെ അദ്ദേഹം രണ്ടാമത്തെ മാതാവായി വിശേഷിപ്പിച്ചിട്ടുമുണ്ട്. കഷ്ടതയോ ബുദ്ധിമുട്ടോ മന:ക്ളേശമോ വരുമ്പോൾ മഹാത്മജി ഈ രണ്ടാനമ്മയുടെ മടിയിൽ അഭയം പ്രാപിക്കും. അവിടെ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന ഒരു ശ്ളോകം അദ്ദേഹം കണ്ടെത്തുന്നു. ഗീതാ ഭക്തൻ നിരാശ എന്തെന്ന് അറിയുന്നില്ല. ' അനാസക്തിയോഗ'മെന്ന  ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനം പ്രസിദ്ധമാണ്.

ഗീതയിലെ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിൽ പതിനൊന്നാം ശ്ളോകം മുതൽ പ്രത്യക്ഷമായി തന്നെ ഉപദേശ തത്ത്വങ്ങൾ ആരംഭിയ്ക്കുന്നു. കുരുക്ഷേത്ര ഭൂമിയിൽ നടന്ന കൗരവ പാണ്ഡവ യുദ്ധത്തിൽ അർജ്ജുനൻ ബന്ധുജനങ്ങളോട് പോരിൽ ഏറ്റുമുട്ടുന്നതിനു വിമുഖത കാട്ടുകയും വില്ലും അമ്പും താഴെവെച്ചു വ്യാകുലചിത്തനായി തീരുകയും ചെയ്തപ്പോൾ അദ്ദേഹത്തെ സ്വധർമ്മ തല്പരനാക്കുന്നതിനു സാരഥിയായിരുന്ന ശ്രീകൃഷ്ണൻ നല്കുന്ന ഉപദേശമാണ് ഭഗവത് ഗീത.