യന്ത്രോപാസന വലിയതിനെ ചുരുക്കുന്ന സമ്പ്രദായമാണ്. തന്ത്രത്തിന്റെ നേരെ വിപരീതമാണ് യന്ത്രം. തന്ത്രമെന്നാൽ "തനു വിസ്താരേ" എന്നാണ്. "തനു വിസ്താരേ" എന്നാൽ ചെറുതിനെ വലുതാക്കി കാണിക്കുന്നത് എന്നർത്ഥം. മനസ്സ് ഭഗവാനിൽ നിർത്തുക എന്ന ഉദ്ദേശസാഫല്യത്തിനാണ് ഇത്രയും വിപുലമായ പൂജാവിധി (തന്ത്ര പൂജാവിധി) നിശ്ചയിച്ചിരിക്കുന്നത്.
യന്ത്രോപാസന നേരെ തിരിച്ചാണ്. വലിയ കാര്യം ഏറ്റവും ചെറുതാക്കി ചെയ്യുന്നതാണ് യന്ത്രോപാസനയിലെ തത്ത്വം. ഭൂപടത്തിൽ (map) ഭൂമണ്ഡലത്തെ (രാജ്യങ്ങളെ) ഒതുക്കുന്നതുപോലെ ചെറിയ ഒരു ലോഹത്തകിടിൽ വരകളും കുറികളും അക്ഷരങ്ങളും അടങ്ങിയ സൂചനകളിലൂടെ യന്ത്രം ലേഖനം ചെയ്യുന്നു. ഈ യന്ത്രധാരണം കൊണ്ട് അത്ഭുതസിദ്ധികൾ പലതും ഉണ്ടാകുന്നു. യന്ത്രങ്ങളും മന്ത്രങ്ങളും ഓരോരുത്തരുടെ ആഗ്രഹമനുസരിച്ച് പലതാണ്. യന്ത്ര നിർമ്മിതിക്കുള്ള വിധിയും വേറെ വേറെയാണ്. വിധിയറിയാതെ യന്ത്ര നിർമ്മാണം ചെയ്യുകയാണെങ്കിൽ അത് ആപത്തിന് ഇടയാകും.