പഴയകാലം മനസ്സിലൂടെ കടന്നുപോകുന്നു. ദുഃഖമുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. സുഖമുണ്ടോ? അതും ഇല്ലെന്നാണ് തോന്നുന്നത്. എന്താണ് സുഖവും ദുഃഖവും? ഒക്കെ മനസ്സിന്റെ ഒരു തോന്നൽ മാത്രം.
മന ഏവ മനുഷ്യാണാം
കാരണം സുഖ ദുഃഖയോ
മനുഷ്യന്റെ സുഖ ദുഃഖങ്ങൾക്ക് കാരണം അവന്റെ മനസ്സാണ്. സുഖവും ദുഃഖവും എല്ലാം മനുഷ്യന്റെ മറ്റുകാര്യങ്ങളിലെന്നപ്പോലെ ആപേക്ഷികങ്ങളാണ്. ജീവിതം തടഞ്ഞു നിർത്താൻ കഴിയാത്ത ഒരു ഒഴുക്കുതന്നെയാണ്. ആ ഒഴുക്കിൽ കാറ്റത്തു പറന്നുവീണ ഒരു കരിയിലയാണ് ഓരോ ജീവനും. ഒഴുക്കിനൊപ്പം ആ കരിയിലയും ഒഴുകുന്നു. ചിലപ്പോൾ വട്ടം ചുറ്റുന്നു ചിലപ്പോൾ ചുഴിക്കുത്തിൽ മുങ്ങിത്താഴുന്നു. പിന്നൊരു മലരിയിൽ ഉയർന്നു പൊങ്ങുന്നു. ചിലപ്പോൾ കറങ്ങിക്കറങ്ങി ചില കരകളിൽ അടുക്കുന്നു. വീണ്ടും ഒഴുക്കിൽ പെടുന്നു. ഒഴുക്കിന്റെ ഗതി വിഗതികൾക്കൊപ്പം ചലിക്കാൻ വിധിക്കപ്പെട്ട പാവം കരിയില!.
എത്രയെത്ര കടവുകളിൽ അത് കറങ്ങിനിന്നു. അത് ഒഴുകി നീങ്ങി. കടന്നുപോന്ന കടവുകളെ ഓർത്ത് കരിയില ദുഃഖിക്കുന്നതും സന്തോഷിക്കുന്നതും വിഡ്ഢിത്തമാണ്. ദുഃഖത്തിന്റെ കടവുകൾ, സുഖത്തിന്റെ കടവുകൾ, കഷ്ടപ്പാടുകളുടെ കടവുകൾ, ദാരിദ്ര്യത്തിന്റെ കടവുകൾ, ബഹുമതിയുടെ കടവുകൾ, അവമതിയുടെ കടവുകൾ, എത്രയെത്ര കടവുകൾ ഈ കരിയില കടന്നുപോന്നിരിക്കുന്നു. ഇനിയും എത്രയെത്ര കടവുകൾ കടന്നു പോകാനിരിക്കുന്നു.
ജീവിതം ഒരു ഭാരമായി ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. ഇത് എന്നെങ്കിലും അവസാനിക്കുമ്പോൾ ഒരു ഭാരം ഒഴിഞ്ഞു എന്ന് വിശ്വസിക്കാനും എനിക്ക് കഴിയുന്നില്ല. ജീവിതത്തോടുള്ള ശരിയായ സമീപനം ജീവിതത്തെ അവഗണിയ്ക്കലാണ്. അല്ലാതെ ജീവിതത്തെ നിഷേധിക്കലല്ല. ഞാൻ ആത്മഹത്യ ചെയ്യാത്തതിന്റെ കാരണവും അതു തന്നെയാണ്. ഓരോ ആത്മഹത്യയും സഹായത്തിനു വേണ്ടിയുള്ള നിശബ്ദമായ നിലവിളിയാണ്. ആത്മബലമില്ലാത്തവരാണ് നിലവിളിക്കുന്നത്.
ജീവിതം ഏക രസമല്ല എന്ന് എനിക്കറിയാം. ജീവിതത്തിന് നാം കല്പിക്കുന്നതിൽ കവിഞ്ഞ ഒരു ലക്ഷ്യവും ഇല്ല. സന്തോഷമുള്ള കാര്യങ്ങൾ മാത്രമല്ല സന്തോഷമില്ലാത്ത കാര്യങ്ങളും കടന്നുപോകുന്നു, അതെ വേഗതയോടെ . ചെറുതും വലുതുമായ എല്ലാ ക്ളേശങ്ങളിലും വലുത് ഒരിക്കലും സംഭവിക്കാത്തവയാണ്. ഒഴുകുന്ന വെള്ളത്തിൽ ഉരുളുന്ന പാറയിൽ പായൽ പിടിക്കയില്ല. ആരും ഈ ലോകത്ത് തികച്ചും ഒറ്റപ്പെടുന്നില്ല. നിങ്ങളെ വേണ്ടവർ, നിങ്ങൾക്കു വേണ്ടവർ ഈ ലോകത്ത് എവിടേയോ ഉണ്ട്. അന്വേഷിച്ചു കണ്ടെത്തുക. നിരാശപ്പെടാൻ മാത്രം ഈ ലോകം അത്ര ചീത്തയൊന്നുമല്ല. ജീവിതവും അത്ര ചീത്തയല്ല. ജീവിതത്തിന് ഒരു ശരിയായ നിർവ്വചനം കണ്ടുപിടിക്കുവാൻ കഴിയുമോ? എന്താണ് ജീവിതം? എന്താണ് മരണം. രണ്ടും എനിക്കറിയില്ല. ആലോചിക്കുന്നവർക്ക് ജീവിതം ഒരു ചെറിയ നേരമ്പോക്കാണ്. അനുഭവിക്കുന്നവർക്ക് ഒരു കരയിക്കുന്ന നാടകവും. മായയോ ഈശ്വര നിശ്ചയമോ യാദൃശ്ചികമോ എന്തു തന്നെയായാലും ജീവിതം കുഴഞ്ഞു മറിഞ്ഞ ഒരു പ്രശ്നമാണ്.
" ഒന്നും ഒന്നുമല്ല " എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ചിലപ്പോൾ " എന്തിലും എന്തോ ഒന്ന് ഉണ്ട് " എന്നും തോന്നാറുണ്ട്. ചുരുക്കത്തിൽ
അറിയില്ലടിയന്നൊന്നും
അറിവില്ലെന്നറിഞ്ഞിടാം
എന്ന അവസ്ഥ. ഒന്നിനെക്കുറിച്ചും ഒന്നും അറിയാതെ, ഞാൻ ഒറ്റയ്ക്കാണെങ്കിലും " ഒറ്റയ്ക്കല്ല "എന്ന് ഉരുവിടുന്ന മനസ്സുമായി ഓർമ്മയുടെ കച്ചിത്തുരുമ്പിൽ പിടിച്ച് ഒഴുക്കിനൊപ്പം ഞാനിവിടെ ഇങ്ങനെ........