ഭക്ത്യാ ഭാഗവതം ജ്ഞേയം - 04

തമോഗുണത്തിൽ നിന്നാണ്  പഞ്ചഭൂതങ്ങൾ ഉണ്ടാകുന്നത്. രജോഗുണത്തിൽ നിന്ന്   ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും. സത്വഗുണത്തിൽ നിന്ന് ഇന്ദ്രിയാധിഷ്ഠിത ദേവന്മാർ ഉണ്ടാകുന്നു. ജീവൻ എന്നത് ഈശ്വരചൈതന്യം തനെയാണ്‌. ജീവന് ഇന്ദ്രിയങ്ങളോടുള്ള അത്യന്ത സംയോഗം മൂലം 'ഞാൻ'  എന്ന  ഭാവം ഉണ്ടാകുന്നു. 'അഹം' എന്ന ഭാവത്തിന്റെ വളർച്ചക്ക്  ഇന്ദ്രിയങ്ങളിലൂടെയുള്ള വിഷയങ്ങളുടെ സ്വീകരണം കാരണമായിത്തീരുന്നു.

എന്നാൽ എപ്പോഴും ആത്മാവ് സാക്ഷീ ചൈതന്യമായി നിലനിൽക്കുന്നു. മനസ്സ് അനുഭവിക്കുന്ന സുഖദുഃഖങ്ങൾ   ജീവൻ സ്വയം ഏറ്റെടുക്കുകയാണ്. ആത്മാവിനുണ്ടാകുന്ന കേവലമായ ഒരു ഭ്രമഭ്രംഷമാണ്  ഇതിന് കാരണം. മനസ്സിന്റെ സുഖദുഖങ്ങളെ ജീവൻ  സ്വയം ഏറ്റെടുക്കുമ്പോൾ 'ഞാൻ' എന്ന  ഭാവമായി.

എന്നാൽ ആത്മവിചാരത്തിലൂടെ മനസ്സ് സ്വന്തം രൂപത്തെ തിരിച്ചറിയുമ്പോൾ ഭ്രമം അവസാനിക്കുകയും ആത്മബോധം തെളിയുകയും ചെയ്യുന്നു.അഹംഭാവം മാറി അഹംബോധം തെളിയാൻ 'തദനു ഭജന' (ആത്മവിചാരം) ചെയ്യുക. ജഡമേത്  ചേതനമെത്  എന്ന് അപ്പോൾ വേർത്തിരിച്ചറിയാൻ  കഴിയും. മനസ്സ് ഒരു പ്രവാഹമാണ്. ചിന്തയുടെ പ്രവാഹം. പ്രാണനെ നിയന്ത്രിച്ചാൽ മനസ്സിനെ നിയന്ത്രിക്കാം. പ്രാണശക്തിയാണ്  ജീവശക്തിക്ക് താങ്ങ്. പ്രാണായാമത്തിന്റെ പ്രാധാന്യം ഇതിൽ നിന്ന് മനസ്സിലാക്കാം.

ദുഃഖത്തിന്റെ യഥാർത്ഥ കാരണം അറിഞ്ഞാൽ മോചനത്തിന്റെ മാർഗ്ഗം  തുറന്നുകിട്ടും. അക്ഷമതയാണ് മിക്ക ദുഃഖങ്ങളുടെയും കാരണം. ദൈവത്തിന്റെ ഇച്ഹക്ക്  അനുസരിച്ചാണ് ജീവിക്ക് സുഖവും ദുഖവും വരുന്നത്. ജീവിയുടെ മുൻകാല കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് ഈശ്വരേച്ഹ സംഭവിക്കുന്നത്‌.