തന്റെ പ്രിയ പുത്രനായ സിദ്ധാർത്ഥൻ ബുദ്ധ ഭിക്ഷുവായി അയൽ ഗ്രാമങ്ങളിൽ സഞ്ചരിക്കുന്നു എന്ന് കേട്ടപ്പോൾ അച്ഛനായ ശുദ്ധോധന മഹാരാജാവിന് വളരെ ദുഃഖം തോന്നി. ' രാജകുമാരനായ ഉണ്ണി ഭിക്ഷക്കാരനെപ്പോലെ............ ' അദ്ദേഹത്തിന് സഹിച്ചില്ല. പിതാവ് ഒരു ദൂതനെ പുത്രന്റെ അടുക്കലേയ്ക്ക് പറഞ്ഞുവിട്ടു. ' രാജധാനിയിലേയ്ക്ക് മടങ്ങിവരൂ ' എന്ന ദൂതുമായി.
ബുദ്ധനായി തീർന്ന മകൻ അതിനു നൽകിയ മറുപടി ശ്രദ്ധേയമാണ്. ' മഹാരാജൻ ' അങ്ങ് മഹാരാജാവുതന്നെയാണ്. പൂർവ്വ ജന്മങ്ങളിലും അങ്ങ് മഹാരാജാവുതന്നെ. പക്ഷെ ഞാൻ പൂർവ്വ ജന്മങ്ങളിലും ഇപ്പോഴും സന്യാസിയാണ്. താങ്കളുടേത് മഹാരാജപരമ്പര, എന്റേത് ഭിക്ഷുപരമ്പര. ഏതൊരാളുടേയും മാർഗ്ഗം അവരവരുടെ വാസനയ്ക്ക് അനുസരിച്ചായിരിക്കും. ഋണാനുബന്ധം കൊണ്ടാണ് നമ്മൾ രണ്ടുപേരും ഈ ജന്മത്തിന് പിതാവും പുത്രനും ആയത്. ആ ചേർച്ച അധിക കാലം നീണ്ടില്ല ക്രമേണ പിരിഞ്ഞു എന്നു മാത്രം. താങ്കളുടെ വഴി താങ്കൾക്കും എന്റെ വഴി എനിക്കും അത്രതന്നെ. നദീപ്രവാഹത്തിൽ ചുള്ളികമ്പുകൾ ഒന്നിച്ചുചേരുകയും പിന്നെ അകന്നു പോകുകയും ചെയ്യുന്നില്ലേ. സംസാരത്തിൽ ജീവന്മാരുടെ സ്ഥിതിയും അപ്രകാരം തന്നെ. കുറച്ചുകാലം ഒന്നിച്ചുകൂടി പിന്നെ അകന്നുപോകുന്നു. കാലപ്രവാഹത്തിൽ ഗതിവിഗതിയ്ക്ക് അനുസരിച്ചായിരിക്കും അടുക്കലും അകലലും. വിജ്ഞാന്മാർ ഇത്തരം സയോഗവിയോഗങ്ങളിൽ ദുഃഖിക്കാറില്ല.
" അങ്ങയുടെ രാജപരമ്പരയ്ക്ക് അവസാനമില്ല; എന്റെ സന്യാസി പരമ്പരയ്ക്കും " ബുദ്ധന്റെ വിജ്ഞാന ഭരിതമായ അമൃതവാണികേട്ട് ശുദ്ധോധനൻ നിരുത്തരനായി തന്റെ ആഗ്രഹം ഉപേക്ഷിച്ചു.
' ബുദ്ധൻ ശരണം ഗച്ഛാമി '