പുരുഷന്റെ കഴിവുകേട് സ്ത്രീയും സ്ത്രീയുടെ കൃത്രിമത്വം പുരുഷനും തിരിച്ചറിഞ്ഞു കഴിയുമ്പോൾ

പ്രേമം പണച്ചെലവുകളാൽ ചുറ്റപ്പെട്ട ഇക്കിളിയുടെ കടലാണ്. പുരുഷന്റെ കഴിവുകേട് സ്ത്രീയും സ്ത്രീയുടെ കൃത്രിമത്വം പുരുഷനും തിരിച്ചറിഞ്ഞു കഴിയുമ്പോൾ പ്രേമം ചോർച്ചയുള്ള വിളക്കിന്റെ പ്രകാശംപോലെ മങ്ങി അണയുന്നു. ഒരു വികാരത്തിനും സ്ഥിരതയില്ല. സ്നേഹമാകട്ടെ വെറുപ്പാകട്ടെ ഒന്നും സ്ഥിരമായി നിലനിൽക്കില്ല. മറവി അനുഗ്രഹമാണ്. ബന്ധങ്ങൾ ക്ഷണികവും. ആരാധനാശീലം ഒരുതരം ബലഹീനതയാണ്. അത് ആരേയും ആരുമായും അടുപ്പിക്കുന്നു. സ്നേഹം ഒരുതരം മയക്കുമരുന്നാണ്. ജീവിതത്തിന്റെ സമഗ്രമായ അർത്ഥശൂന്യത മനസ്സിലാക്കി കഴിഞ്ഞ എനിക്ക് ഒന്നേ പറയാനുള്ളു. " ലോകത്ത് ശാശ്വതമായി ഒന്നും നിലനിൽക്കില്ല". ഛേ, അത് ശരിയായില്ലെന്നോ? എങ്കിൽ മാറ്റിപ്പറയാം. " ലോകത്ത് ശാശ്വതമായി ഒന്നുമാത്രം നിലനിൽക്കും; മടുപ്പ്.

******************

മറ്റു ശരീരവ്യാപാരങ്ങളെ തെറ്റായിധരിച്ചതുമൂലം പിൽക്കാലത്ത് മൂല്യശോഷണം വന്ന ഒരു വാക്കാണ്‌ പ്രേമം. ശരിയായ പ്രേമം ദിവ്യവും മഹത്തുമാണ്. അത് നിർവചനങ്ങൾക്ക് അതീതവുമാണ്. അനുഭൂതിമാത്രമായ പ്രേമം വിവരങ്ങൾക്ക് അതീതമാണ്. ചിലപ്പോൾ ചിലർക്ക് പരസ്പരം തോന്നുന്ന ഓമന കൌതുകങ്ങളെ പ്രേമം എന്ന ലേബലിലാണ് പലരും വ്യാഖ്യാനിക്കുന്നത്. കടത്തനാടൻ കളരി വിട്ടിറങ്ങിയ കപടനാട്യക്കാരന്റെ ദുരുദ്ദേശത്തോടുകൂടിയുള്ള കരു നീക്കങ്ങളും പ്രേമം എന്നപേരിലാണ് അറിയപ്പെടുന്നത്.