എന്നിട്ടെന്ത്?

Then What? എന്നിട്ടെന്ത്? ഈ ചിന്ത നിങ്ങളുടെ എല്ലാ സംരംഭങ്ങളുടേയും തുടക്കത്തിൽ നിങ്ങളെ ഭരിക്കട്ടെ!. വേണ്ടാത്ത പലതും ഒഴിവാക്കുവാൻ അത് നിങ്ങളെ സഹായിക്കും. ജീവിതത്തിൽ മുന്നോട്ട് പോകുന്തോറും നമ്മുടെ കഴിവുകൾക്ക് പരിമിതികളുണ്ടെന്ന് നാം മനസ്സിലാക്കുന്നു. ജീവിക്കാൻ പഠിക്കുമ്പോഴേക്കും ജീവിതത്തിന്റെ നല്ലൊരു ഭാഗം  പാഴായിപ്പോകുകയും ചെയ്യുന്നു. ജീവിതം അഗാധവും ഗഹനവുമാണ്‌. നിത്യജീവിതത്തിന്റെ അനന്തമായ യാത്ര തുടർന്നുകൊണ്ടിരിക്കും. ജീവിത രഹസ്യങ്ങൾ അറിഞ്ഞവർ ആരുണ്ട്‌. ജീവിതത്തിൽ ഉണ്ടായിട്ടുള്ള തോൽവികളേയും തെറ്റുകളേയും അതോടൊപ്പം ശരിയായും ഉചിതമായും സംഭവിച്ചിട്ടുള്ള കാര്യങ്ങളേയും കുറിച്ചോർക്കുമ്പോൾ കൊടുങ്കാറ്റിനേയും, പേമാരിയേയും ഭയപ്പെടേണ്ടതില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. അവ ഉഗ്രമായി ക്ഷോഭിക്കട്ടെ.! ഗർജ്ജിക്കട്ടെ!! നാം അതിനെ അതിജീവിക്കും. ഏറ്റവും കരുത്തുള്ളതല്ല മാറ്റത്തോട് ഏറ്റവും പ്രതികരണ സജ്ജമായതാണ് അതിജീവിക്കുക. വിഷമാവസ്ഥകൾ കൂടാതെയുള്ള ജീവിതം ജീവിതമല്ല. മനുഷ്യന് യഥാർത്ഥ മഹത്ത്വം കൈവരുന്നത് അവന്റെ പരാജയങ്ങളിൽ നിന്നും അവ്യക്തങ്ങളായ ആശങ്കകളോടുകൂടി എത്തും പിടിയും ഇല്ലാത്ത ലോകത്തിൽ അലഞ്ഞുതിരിയുമ്പോഴാണ്. ദുരിതാനുഭവങ്ങൾ നമ്മുടെ ആത്മവികാസത്തെ സഹായിക്കുന്നു.