ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ ഭാര്യ ഭാര്യയെ തന്നെ സ്നേഹിക്കുന്നു എന്നർത്ഥം

സ്നേഹമെന്നത് വികാരമല്ല. അനുഭൂതിയാണ്. ആരും ആരേയും സ്നേഹിക്കുന്നില്ല. അവനവനെയല്ലാതെ. ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ ഭാര്യ ഭാര്യയെ തന്നെ സ്നേഹിക്കുന്നു എന്നർത്ഥം. ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാലും അങ്ങനെ തന്നെ! സർവ്വർക്കും സ്വന്തം ആത്മാവാണ് സ്വതേ പ്രിയതമമായത്. വിഷയങ്ങള ഇഷ്ടപ്പെടുന്നത് അവ ആത്മാവിന് സുഖം നൽകുന്നതുകൊണ്ടാണ്. അല്ലാതെ വിഷയങ്ങൾ സ്വതേ പ്രിയകരങ്ങളല്ല. (ആത്മാ പ്രിയതമോയത - ബൃഹദാരണ്യകോപനിഷത്തിൽ യാജ്ഞവൽക്യൻ ഭാര്യ മൈത്രേയിയോടു പറയുന്നു.)

ആത്മാവിനുവേണ്ടിയാണ് സകലതും പ്രിയങ്ങളാകുന്നത്. (ആത്മസ്തു കാമായ സർവ്വം പ്രിയം ഭവതി - ശ്രീ ശങ്കരാചാര്യരുടെ വിവേകചൂഢാമണി 539 - ശ്ളോകത്തിൽ) സകലർക്കും പ്രിയങ്കരമായ വസ്തു  സ്വന്തം ആത്മാവ് മാത്രമാണ്. ആത്മാവ് ഇഷ്ടപ്പെടുന്ന വസ്തുവിൽ പ്രിയത്വം ഉണ്ടാകുന്നു എന്നു മാത്രം. വസ്തു സ്വതേ പ്രീതി നല്ക്കുന്നവയാണെങ്കിൽ അവ എന്നും എപ്പോഴും പ്രീതികരമാകേണ്ടേ? ഇഷ്ടപ്പെട്ട വസ്തുവിനെ പിന്നീട് വെറുക്കുന്നത് അത് അപ്പോൾ ആത്മാവിന് ഹിതകരമല്ലാത്തതുകൊണ്ടാണ്. ഇഷ്ടം വസ്തുവിനെ കേന്ദ്രീകരിച്ചല്ല, ആത്മാവിനെ കേന്ദ്രീകരിച്ചാണ് ഉണ്ടാകുന്നത്.

ഭർത്താവിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി തങ്കളാഴ്ച വ്രതം നോക്കുന്നു എന്ന് ഭാര്യ പറയും. സ്വന്തം താലിയും നിലനില്പിനുവേണ്ടി സോമവാരവ്രതം (തിങ്കളാഴ്ച വ്രതം) നോക്കുന്നുവെന്ന് ഒരു സുമംഗലിയും പറയാറില്ല.