ക്ഷേത്രാരാധനയുടെ ആത്യന്തിക ലക്ഷ്യം ജീവന്റെ മോക്ഷമാണ്

ഹൈന്ദവാചാരാപ്രകാരമുള്ള ആരാധനയിൽ ബഹുജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ് ക്ഷേത്രാരാധന. ഹിന്ദുജനതയുടെ സാംസ്കാരിക സങ്കേതമാണ് ക്ഷേത്രങ്ങൾ. ക്ഷേത്രം ആരാധനാലയം മാത്രമല്ല ഉപാസനാസന്നിധാനങ്ങൾ കൂടിയാകുന്നു. സൽസംഗം എന്ന ആശയത്തോട് ഏറെ സാമ്യമുണ്ട്‌ ക്ഷേത്രാരാധനയ്ക്ക്. പരമാത്മാവും ജീവാത്മാവും തമ്മിലുള്ള സേവ്യസേവക ബന്ധത്തേയും ക്ഷേത്രാരാധന വിളംബരം ചെയ്യുന്നു.

ക്ഷേത്രം എന്നാൽ ശരീരം, മൂർത്തി, വയൽ, നിലം എന്നൊക്കെയാണ് അർത്ഥം. ക്ഷേത്രാരാധനയുടെ ആത്യന്തിക ലക്ഷ്യം ജീവന്റെ മോക്ഷമാണ്. ഉപാധിരഹിത കൈവല്ല്യാവസ്ഥയാണ് മോക്ഷം. ജീവൻ സകലവിഷയങ്ങളിൽ നിന്നും മോചനം നേടി തന്റെ ഉല്പത്തിക്കു ഹേതുവായ പരമാത്മാവിൽ വിലയം പ്രാപിക്കുന്നു. ഇതാണ് മോക്ഷം.

തത്ത്വഗ്രഹണം എന്ന ജ്ഞാനദീപം തെളിഞ്ഞാലെ സംസാരമാകുന്ന അന്ധകാരം നീങ്ങുകയുള്ളു. തത്ത്വഗ്രഹണം എന്നാൽ അവനവനെത്തന്നെ അറിയുകയാണ്. താൻ പരമാത്മാവിൽ നിന്ന് ഭിന്നനായ ജീവനല്ലെന്നും പരമാത്മാവും താനും ഒന്നാണെന്നും, ഒന്നല്ല എന്നത് വെറും തോന്നലാണെന്ന തിരിച്ചറിവുമാണ് തത്ത്വഗ്രഹണം മൂലമുള്ള ആത്മജ്ഞാനം.

ഈ തത്ത്വഗ്രഹണലബ്ധിക്കു സജ്ജന സംസർഗ്ഗം അത്യന്താപേക്ഷിതമാണ്. അവരുമായുള്ള സംസർഗ്ഗത്തിൽ പരമാർത്ഥം അറിയാനുള്ള ആഗ്രഹം ഉണ്ടാകുന്നു. അവരുടെ അനുഗ്രഹത്താൽ ഗുരുവിനെ ലഭിക്കുന്നു. ഗുരുവുപദേശം മൂലം ജ്ഞാനലബ്ധി ലഭിക്കുന്നു. എല്ലാവർക്കും സജ്ജന സംസർഗ്ഗം ലഭിക്കുക അസാദ്ധ്യമാണ്. സജ്ജനങ്ങൾക്കുപകരം ക്ഷേത്രം സജ്ജനങ്ങളുടെ പങ്ക് വഹിക്കുന്നു.