ഗീത ഒരു പഠനം - 08

ആത്മാവിനെ പരോക്ഷമാക്കി അനാത്മവസ്തുക്കളായ ശരീരവിഷയങ്ങളിൽ അപരോക്ഷത വളർത്തിയാണ് ഏവരുടേയും ദുഃഖത്തിനു ഹേതു എന്നാൽ ആത്മതത്ത്വത്തിന്റെ അപരോക്ഷതാനുഭവത്തിൽ എല്ലാ കരണങ്ങളും സ്തബ്ദങ്ങളായി ക്രമേണ അടങ്ങും. അപ്പോൾ അമൃതവും ദിവ്യവുമായ ശാന്തിസുഖം അനുഭവമായിത്തീരും.

ഫലചിന്തയും അഭിമാനവുമില്ലാത്ത കർത്തവ്യങ്ങളെ മാത്രം ചെയ്യുന്ന ഒരാൾ എല്ലാ പ്രകാരത്തിലും യോഗ്യനാണ്. നിസംഗനും നിഷ്കാമനും ആത്മലക്ഷ്യത്തോടുകൂടിയവനുമായ ഒരാൾ യോഗിയോ സന്യാസിയോ ആണെന്നു പറയാം.

ഒരു ജ്ഞാനിയായി തീരാൻ വേണ്ടത്ര സാധനകളോ സംസ്ക്കാരങ്ങളോ ഒരു യോഗിക്ക് ആവശ്യമില്ല. യോഗം കൊണ്ട് പരമ ലക്ഷ്യത്തെ പ്രാപിക്കുകയും ചെയ്യാം. എന്നാൽ ആത്മസാധനകളിൽ ഏറ്റവും സുഗമവും വേഗത്തിൽ ഫലപ്രാപ്തിയുള്ളതുമായ സാധന യോഗമാണെന്ന് വിചാരിക്കരുത്.

അദ്ധ്യാത്മികമായ ഏതൊരു അനുഷ്ഠാനത്തിനും ചിത്തശുദ്ധി അവശ്യം ഉണ്ടായിരിക്കേണ്ടതാണ്. വിഷയ നിവൃത്തമായ ചിത്തം കൊണ്ടുമാത്രമേ അദ്ധ്യാത്മ സാധനകൾ ചെയ്യാൻ കഴിയു. കരണങ്ങൾ പവിത്രമായ ഒരാൾക്ക്‌ സന്യാസ യോഗവും ഒന്നുതന്നെയാണ്. സങ്കൽപ്പങ്ങൾ അവസാനിക്കാതെ യോഗിയോ സന്യാസിയോ ഒന്നുമാവില്ല. വിഷയ സങ്കൽപ്പങ്ങൾ ഇല്ലാതായാൽ യോഗസാധനകൾ എളുപ്പമാണ്.

കർമ്മയോഗത്തിന്റെ ശരിയായ അനുഷ്ഠാനം കൊണ്ടാണ് വാസനകൾ ക്ഷയിക്കുകയും കരണങ്ങൾ അടങ്ങുകയും ചെയ്യുന്നത്. അപ്പോൾ യോഗാനുഷ്ഠാനത്തിനുള്ള സാദ്ധ്യതയും ഒരാളിൽ ഉണ്ടാകുന്നു. യോഗം യോഗത്തിനുവേണ്ടിയല്ല. ചിത്തശാന്തിക്കും വസ്തുപ്രാപ്തിക്കും വേണ്ടിയാണ്. വേണ്ടപോലെ അഭ്യസിക്കുന്ന ഒരാൾക്ക്‌ കാലംകൊണ്ട് ഇത് സാധിക്കും. ഇന്ദ്രിയങ്ങളും മനസ്സും വിഷയങ്ങളിൽ നിന്ന് നിവർത്തിച്ച് അടങ്ങുമ്പോൾ അവൻ യോഗി. യോഗിക്ക് വൈഷയിക സങ്കല്പമുണ്ടാകരുത്. അപ്പോൾ അവൻ സംസാര നിവർത്തനല്ല. സംസാരനിവർത്തനായിരിക്കണം യോഗി.

അജ്ഞാന ഗർത്തത്തിൽ നിന്ന് തന്നെ രക്ഷിക്കുവാൻ താനല്ലാതെ മറ്റാരുമില്ല എന്ന് കരുതുക. തന്റെ ബന്ധുവും ശത്രുവും താൻതന്നെയാണ്. ബാഹ്യവും ആഭ്യന്തരവുമായ കരണങ്ങളെ അടക്കി തത്ത്വത്തെ ഉപാസിക്കുന്നവൻ തനിക്ക് നന്മയെ ചെയ്യുന്ന ബന്ധു. അങ്ങനെ ചെയ്യാതെ വിഷയാലുവായി കഴിയുന്നവൻ തനിക്കുതന്നെ ആപത്തിനെ ഉണ്ടാക്കുന്ന ശത്രു. ശത്രുവായിട്ടല്ല; തനിക്കു താൻ തന്നെ ബന്ധുവായിട്ടാണ് ജീവിക്കേണ്ടത്.

കരണങ്ങളുടെ വൃത്തിയും വികാരങ്ങളുമാണ് രാഗദ്വേഷങ്ങൾക്കും സുഖദുഃഖങ്ങൾക്കും എല്ലാം ഹേതു. എല്ലാം സങ്കല്പങ്ങളാണ്. വൃത്തികളടങ്ങുമ്പോൾ എല്ലാം സങ്കല്പങ്ങളും ദ്വന്ദപീഢകളും അടങ്ങും, അവസാനിക്കും. പക്ഷെ വൃത്തികൾ അടങ്ങണമെങ്കിൽ കരണങ്ങൾ തന്നെ അടങ്ങണം. ചിത്തം വികസിച്ചിരിക്കുമ്പോൾ വൃത്തികൾ ഉണ്ടാകും. അതിനാൽ പുറത്തുള്ള ഇന്ദ്രിയങ്ങളേയും അകത്തുള്ള ചിത്തത്തേയും അടക്കണം എങ്കിലേ സമാധാനം കിട്ടു.

ധാർമ്മികനും സദാചാരനിഷ്ഠനുമായ ഒരാൾക്കേ യോഗാനുഷ്ഠാനത്തിന് അധികാരിയാകാൻ കഴിയു. ഗൃഹകുടുംബാദികളെ വിട്ട് ആചാര്യനു കീഴിൽ നിസംശയനായ ഒരാൾക്കു മാത്രമേ യോഗാനുഷ്ഠാനത്തിന് അധികാരിയാകാൻ പറ്റു.