ദീപ തത്ത്വങ്ങൾ

ശ്രീകോവിലിലെ ഗർഭഗൃഹത്തിനുമുമ്പിലുള്ള മുഖമണ്ഡലം ഭക്തനെ ബിംബത്തിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കുന്നു. ഇത് തൂക്കു വിളക്കിന്റെ സ്വർണ്ണപ്രഭയിൽ ആറാടി നിൽക്കുന്ന വിഗ്രഹത്തിന്റെ മുഖസൗന്ദര്യം ആസ്വദിക്കാൻ ഭക്തനെ സഹായിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹത്തിനു മുമ്പിൽ കവരവിളക്ക് വെയ്ക്കാറുണ്ട്‌. മൂന്നു കവരങ്ങൾ മുന്നിലും അയ്യഞ്ചു തിരികൾ വീതം. ഇതിലും ഒരു പ്രതീകാത്മക തത്ത്വം അടങ്ങിയിട്ടുണ്ട്. കവരവിളക്കിലെ മൂന്നു കവരങ്ങൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ഗുണത്രയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അല്ലെങ്കിൽ ഈ ഗുണങ്ങളിൽ നിന്നുള്ള "സൃഷ്ടി സ്ഥിതി സംഹാരങ്ങളെ" സൂചിപ്പിക്കുന്നു. അഞ്ചു തിരി പഞ്ചപ്രാണനേയും പഞ്ചഭൂതങ്ങളേയും സൂചിപ്പിക്കുന്നു. മഹാക്ഷേത്രങ്ങളിൽ അനേകം നിലവിളക്കുകൾ കത്തിച്ചുവെച്ചിരിക്കും. ഇതിലും ഒരു തത്ത്വമുണ്ട്. "കൃഷ്ണോല്ലാസം" എന്ന ഗ്രന്ഥത്തിൽ ഈ നിഗൂഢതത്ത്വം അനാവരണം ചെയ്യുന്നുണ്ട്.

ആറ് സോപാനപ്പടികൾ ഷഡ്ചക്രങ്ങളുടെ പ്രതീകമാണ്. മൂലാധാരത്തിൽ നിന്ന് കുണ്ഡലിനീ ശക്തി ശിരസിലുള്ള സഹസ്രാര പത്മത്തിൽ എത്തുമ്പോൾ അത് ആയിരം ദിവ്യചൈതന്യരശ്മികളായി ഉയരും. സഹസ്രാര പത്മത്തിന് മുകളിൽ 16 ദളങ്ങൾ ഉള്ള ഒരു താമരപ്പൂവ് തലകീഴായി കിടക്കുന്നു. ആയിരം ദിവ്യചൈതന്യരശ്മി ഈ പതിനാറ് ദളങ്ങളിൽ പ്രതിഫലിക്കും. അപ്പോൾ അവ 16000 ആകും. സഹസ്രദളപത്മത്തിനും 26 ഇതളുള്ള തലകീഴായ പത്മത്തിനും ഇടയിലായി ശ്രീകൃഷ്ണ ഭഗവാൻ വിരാജിക്കുന്നു. 16000 രശ്മികൾ ഭഗവാന്റെ ഭാര്യമാരായി സങ്കല്പിക്കുന്നു. കത്തികൊണ്ടിരിക്കുന്ന മാലവിളക്കുകൾ ഷോഡശദള പത്മത്തിന്റെ പ്രതീകമാണ്. കത്തികൊണ്ടിരിക്കുന്ന അനേകം നിലവിളക്കുകൾ സഹസ്രദളപത്മത്തിൽ നിന്നുള്ള ദീപകാന്തിയും.

നിർഗുണ പരബ്രഹ്മത്തെ തേജസ്സായി സങ്കല്പിക്കുന്നതു തന്നെയാണ് ഉചിതം. അഗ്നി ദേവന്മാരുടെ നിവാസസ്ഥാനമായി പണ്ടേ കല്പിച്ചു പോരുന്നു. പുകയുടെ ജടാഭാരവും പേറി കനകാഞ്ചിതജ്വാലയായി ആനന്ദനൃത്തം വെയ്ക്കുന്ന എണ്ണവിളക്കിലെ ദീപനാളം പ്രപഞ്ചത്തിന്റെ സ്പന്ദഹത്തിന്റെ പ്രതീകമായി മാറുന്നു. ശിവക്ഷേത്രത്തിന്റെ ശിവലിംഗത്തിനു പിറകിൽ വിളക്കുവെയ്ക്കാറുണ്ട്‌. ശിവലിംഗത്തിന് മുഖശോഭ എടുത്തു കാണിക്കേണ്ടതില്ല എന്നാൽ ശിവലിംഗത്തിന്റെ രൂപരേഖ എടുത്തു കാണിക്കാൻ ഈ പിൻവിളക്ക് സഹായിക്കും. ക്ഷേത്രത്തിലെ നെയ്‌ വിളക്കിൽ നിന്നുയരുന്ന ധൂമപടലത്തിന് ഔഷധവീര്യമുണ്ട്. സയനസെറ്റിസ് എന്ന തരം വേദന മാറ്റാൻ നെയ്‌വിളക്കിൽ നിന്ന് ഉയരുന്ന ധൂമപടലഗന്ധം ഉത്തമമാണ്.

നിലവിളക്കിൽ അഞ്ചുതിരിയിടണം. ഭദ്രദീപം അഞ്ചുതിരിയാണ്. അഞ്ചുതിരിയും ഒരേ സമയം കാണാൻ കഴിയണം. നാലു ദിക്കിന്റെ നേർക്ക്‌ നാലുതിരി അഞ്ചാമത്തെ തിരി വടക്ക് കിഴക്ക് മൂലയ്ക്കു നിന്ന് അല്പം വലത്തുമാറി കിഴക്കോട്ടു ഇടണം. വിളക്കിന്റെ നാരം ജ്വാല മറയ്ക്കരുത്. ഒറ്റതിരി വർജ്ജ്യമാണ്‌. നെയ്‌ വിളക്കാണ് നല്ലത്. ഇല്ലെങ്കിൽ എണ്ണ അതുമില്ലെങ്കിൽ വെളിച്ചെണ്ണ മതി, അതുമതി. മതിയുണ്ടെങ്കിൽ ഇതുംമതി.