ക്ഷേത്രത്തിലെ ബിംബവും ദീപാലങ്കാരങ്ങളും ഭഗവത് ചൈതന്യത്തിന്റെ പ്രതീതി ഭക്തജനങ്ങൾക്ക്‌ നൽകുന്നു

ക്ഷേത്രത്തിലെ ദീപാലങ്കാരം ബ്രഹ്മതത്ത്വം വിശദമാകുന്ന തരത്തിലാണ്. "നാരായണീയം " എഴുതിയ ഭട്ടതിരി തനിക്കുണ്ടായ ദിവ്യദർശനം അനുക്രമം നാരായണീയം നൂറാം ദശകത്തിൽ വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ ഇങ്ങനെ പറയുന്നു. "അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവാലീ ലോഭനീയം" എന്ന്. ഏറ്റവും ഇടതൂർന്നു നിൽക്കുന്ന കായംപൂവിനു തുല്യമായതും മനോഹരവുമായ ഒരു പ്രകാശം ഞാൻ മുമ്പിൽ കാണുന്നു. "തദനു തദു ദരേ ദിവ്യ കൈശോരവേഷം" ആ തേജ്ജസ്സിനു നടുവിൽ ഒരു ദിവ്യ കിശോര (ബാല) രൂപവും കാണുന്നു. യജുർവേദത്തിലെ "നാരായണസൂക്തം" എന്ന പ്രസിദ്ധമായ ഭാഗത്തിൽ "നീല തോയത മധ്യസ്ഥാ വിദ്യുല്ലേഖേവ ഭാസ്വരം നീവാര ശുകവത്തന്വീ പീതാഭാസ്വാ തൃണുപമ" എന്ന് കാണുന്നു. അതായത് "കാർമേഘത്തിന്റെ മദ്ധ്യത്തിൽ അത്യന്തസൂക്ഷ്മമായിട്ടുള്ളതും വരിനെല്ലിന്റെ അറ്റം പോലെ കൃശമായിട്ടുള്ളതും മഞ്ഞനിറമാർന്നതും സൂക്ഷ്മ വസ്തുക്കൾക്ക് ഉപമയായിട്ടുള്ളതുമായ അഗ്നിശിഖ സ്ഥിതി ചെയ്യുന്നു.

കണ്ഠകൂപത്തിന്റെ ഒരു ചാണ്‍ താഴെ, നാഭിക്കുമുകളിൽ ഹൃദയപത്മം സ്ഥിതി ചെയ്യുന്നു. ഷഡ്ചക്രങ്ങളിൽ ഒന്നായ ശക്തികേന്ദ്രമാണ് ഈ പത്മം. ശരീരശാസ്ത്രത്തിൽ പറയുന്ന രക്തം ശുദ്ധിചെയ്യുന്ന ഹൃദയമല്ല ഋഷീശ്വരന്മാർ പറയുന്ന ഹൃദയം മുൻപറഞ്ഞ ഹൃദയപത്മത്തിൽ  നീലമേഘങ്ങൾക്കിടയിലെ വിദ്യുൽപ്രഭപോലെ അത്ഭുതകരമായ പ്രകാശമുണ്ട്. അതിനുള്ളിലായി ചൈതന്യരൂപിയായ പരമാത്മാവ്‌ സ്ഥിതിചെയ്യുന്നു. പരിമിതമായ മാംസചക്ഷുസ്സുകൊണ്ട് ബ്രഹ്മത്തെ കാണാൻ കഴിയില്ല. ബ്രഹ്മത്തെ  പ്രതീകാത്മകമായി ബിംബത്തിൽ ദർശിക്കാനെ കഴിയു. മനുഷ്യന്റെ ദൗർബല്യവും അജ്ഞാനവും കണക്കിലെടുത്താണ് അനന്തമായ ബ്രഹ്മത്തെ ഇങ്ങനെ ഒരു പ്രകാശചൈതന്യമായി ബിംബത്തിൽ സങ്കൽപ്പിക്കുന്നത്. ഇതിലെ ഔചിത്യം തർക്കിക്കാനുള്ളതല്ല; ക്ഷേത്രത്തിലെ ബിംബവും ദീപാലങ്കാരങ്ങളും ഭഗവത് ചൈതന്യത്തിന്റെ പ്രതീതി ഭക്തജനങ്ങൾക്ക്‌ നൽകുന്നു.