കടൽത്തീരത്ത് ചിറ കെട്ടിയാൽ കടലിലെ തിര അടങ്ങുമോ?

മനസ്സിനെ പൂർണ്ണമായി നിയന്ത്രിക്കുവാൻ കഴിയുകയില്ല. പല തലമുറകളുടെ രസവാസനകളുടെ തുടർച്ചയാണ് മനസ്സ്. ഇളകിമറിയുന്ന കടലിന്റെ ഇങ്ങേ അറ്റത്തെ ഒരു തിരയാണ് നമ്മുടെ ബോധമനസ്സ്. കടൽത്തീരത്ത് ചിറ കെട്ടിയാൽ കടലിലെ തിര അടങ്ങുമോ?

*******************

തമ്മിൽത്തമ്മിൽ തൊടരുത് എന്ന് പറയുമ്പോഴാണല്ലോ തൊടൽ ഒരു പ്രശ്നമാകുന്നത്. തൊടുന്നതിന് തടസ്സമില്ല എന്ന് വന്നാൽ അത് ഒരു ആവശ്യമായി തോന്നിയില്ലെന്നും വരാം!

*******************

ആരും തിരിച്ചുവന്നതായി കേട്ടിട്ടില്ല. കടന്നു പോയവഴി പിന്നെയും ചവിട്ടിയതായി അറിഞ്ഞിട്ടില്ല. ശവകുടീരത്തിനടിയിൽ ചിരകാലം ഉറങ്ങാനുള്ളതാണ്‌. ആ ഇടുങ്ങിയ അറയിൽ ജീവിതം പങ്കുകൊള്ളാൻ ആത്മ സുഹൃത്തോ പ്രാണപ്രിയയോ ഉണ്ടായിരിക്കുകയില്ല. വാടിക്കരിഞ്ഞ കോമളപുഷ്പം വീണ്ടും വിടരുകയില്ല. നരകവും സ്വർഗ്ഗവും ഇവിടെയാണ്. നിന്റെ മനസ്സാണ്. ദുഃഖ സംഘടനത്തിൽ നിന്ന് പുറപ്പെടുന്ന സ്പുലിംഗങ്ങളാണ് നരകം. വ്യാകുലതകളുടെ നടുക്കുള്ള ക്ഷണികമായ വിശ്രമമാണ് സ്വർഗ്ഗം. പുരോഹിതന്റെ സ്വർഗ്ഗ നരകങ്ങൾ അകലെ  കേൾക്കുന്ന പെരുമ്പറയുടെ മുഴക്കം മാത്രം! കരുതിയിരിക്കുക്ക; ഈ രഹസ്യം ആരോടും പറയരുത്.

******************

ചക്രവാളം  പോലെയാണ് ആദർശങ്ങൾ അടുക്കും തോറും അകന്നകന്നു പോകുന്നു.