വിഗ്രഹം കണ്ടില്ലെങ്കിലും വിളക്കു കണ്ടു നമ്മൾ തൊഴാറില്ലേ

പത്മമിട്ട് ഭഗവതി സേവ ചെയ്യുമ്പോൾ ഒരു വലിയ നിലവിളക്കുവെച്ച് അഞ്ച് തിരിയിട്ട് ജ്വലിപ്പിക്കുന്നു. "പഞ്ചദുർഗ്ഗ " എന്ന വേദമന്ത്രം ചൊല്ലി ഓരോ തിരി കത്തിക്കുന്നു. ദീപനാളങ്ങൾ ഭഗവതിയെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് സങ്കല്പം. ദീപം അഥവാ ശുദ്ധപ്രകാശമാണ് ഭഗവതി എന്നു കരുതുന്നു. വിഗ്രഹം കണ്ടില്ലെങ്കിലും വിളക്കു കണ്ടു നമ്മൾ തൊഴാറില്ലേ!!

ഭഗവാന്റെ രൂപം അനന്തമാണ്‌. അത് ഒരു കൊച്ചുബിംബത്തിൽ ഒതുങ്ങി നിൽക്കുന്നതല്ലെങ്കിലും വിഗ്രഹത്തിനു പ്രസക്തിയുണ്ട്. എല്ലായിടത്തുമുള്ള ഈശ്വരൻ ബിംബത്തിൽ പൂർണ്ണമായും ഉണ്ട്. വിശിഷ്ടമന്ത്രങ്ങളെക്കൊണ്ടും അത് അനുഭവവേദ്യമാകുന്നു. ഉപാസകന്റെ ഹൃദയത്തിൽ ഭക്തിയുണ്ടെങ്കിൽ ദേവതയുടെ ഭക്താനുഗ്രഹവ്യഗ്രത ബിംബത്തിൽ നിന്ന് പ്രവഹിക്കും.അനന്തമായ ആനന്ദമാണ് ഭഗവാൻ. അതിനെ പ്രാപിക്കാനുള്ള ലളിതമായ മാർഗ്ഗമാണ് ദീപാലങ്കാരത്തിൽ വിളങ്ങി നിൽക്കുന്ന ദേവവിഗ്രഹദർശനം. ക്ഷേത്രനടയിൽ തൊഴുതു നിൽക്കുമ്പോൾ നാം അറിയുന്നത് ആ ആനന്ദമാണ് ബിംബത്തിന്റെ ഇരുവശത്തുമായി തൂങ്ങികിടക്കുന്ന മാല വിളക്കുകൾ ജ്വലിച്ചു നിൽക്കുമ്പോൾ ബിംബം ചെറുതാണെങ്കിലും അത് വലുതായി വരുന്നതായി നമുക്കു തോന്നും. ഗോളകയോ അങ്കിയൊ ചാർത്തിയിട്ടുണ്ടെങ്കിൽ ഇത് പ്രത്യേകിച്ചും അനുഭവപ്പെടും.