നിഗൂഢതത്ത്വങ്ങളാണ് ക്ഷേത്ര നിർമ്മിതിയിലും പ്രയോഗിച്ചിരിക്കുന്നത്

ഉപാസകന്റെ നിത്യാനുഷ്ഠാനത്തിന് മുടക്കമോ പാകപ്പിഴയോ വന്നാൽ അദ്ദേഹത്തിൻറെ ആത്മചൈതന്യത്തിന് ക്ഷതം സംഭവിക്കും. അതുകൊണ്ട് പൂജ മുടങ്ങരുത്. പിഴ ഉണ്ടാകരുത്. യോഗിയുടെ യോഗാനുഷ്ഠാനം പോലെയാണ് ക്ഷേത്രപൂജയും യോഗാനുഷ്ഠാനത്തിൽ ഉണ്ടാകുന്ന അനുഭൂതിതന്നെയാണ് ക്ഷേത്രത്തിലെ ഗീതവാദ്യ നൃത്തഘോഷങ്ങൾ. യോഗി യോഗത്തിന്റെ ചില പ്രത്യേക ഭൂമികയിലെത്തുമ്പോൾ ഇതൊക്കെ അനുഭവപ്പെടാറുണ്ട്. യോഗി അതികഠിനമായ സാധനയിലൂടെ നേടുന്ന പരമാത്മാവിന്റെ അനുഗ്രഹം സാധാരണജനതയ്ക്ക് അനുഭവപ്പെടുന്നതിന് ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നു.

മനുഷ്യശരീര നിർമ്മാണത്തിന്റെ നിഗൂഢതത്ത്വങ്ങളാണ് ക്ഷേത്ര നിർമ്മിതിയിലും പ്രയോഗിച്ചിരിക്കുന്നത്. അതിനാൽ ക്ഷേത്രത്തിലെ ചൈതന്യസ്പന്ദനം ക്ഷേത്രദർശനം നടത്തുന്ന മനുഷ്യന്റെ ശരീരത്തിലേയ്ക്കും വ്യാപിക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം വെയ്ക്കുമ്പോൾ ദേവ ചൈതന്യത്തിന്റെ ഒരംശം നമ്മുടെ വലതുഭാഗത്തുള്ള സൂര്യ (പിംഗള) നാഡിയിലൂടെ പ്രവേശിക്കുന്നു. ഇതുപോലെത്തന്നെയാണ് വഴിപാടും നമസ്ക്കാരവും. ഇവ പല ശക്തികളേയും നമ്മിലേയ്ക്ക് പകരുന്നു.