പണ്ട് ഇങ്ങനെയൊന്നുമായിരുന്നില്ല

നാം ഇവിടെ വന്നപ്പോൾ, ഈ ലോകം എത്ര ബുദ്ധിഹീനവും സംസ്ക്കാര ശൂന്യവും ആയിരുന്നുവോ, അത്ര തന്നെ ബുദ്ധിവിഹീനവും സംസ്ക്കാര ശൂന്യവും ആയിരിക്കും നാം ഇവിടം  വിടുമ്പോഴും. "പണ്ട് ഇങ്ങനെയൊന്നുമായിരുന്നില്ല " എന്ന പറച്ചിൽ വെറും നുണ. പണ്ടും ഇങ്ങനെത്തന്നെ  ആയിരുന്നു. ഇന്ന് ഇങ്ങനെയാണ്. നാളെ ഇങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. "ഇന്നലെ" കൾക്കു മാപ്പു സാക്ഷികൾ ഇല്ലാത്തതുകൊണ്ട് ഇവർ പറയുന്നത്‌ ശരിയാകണമെന്നില്ല. അടിസ്ഥാനപരമായി എന്തുമാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളത് ? ഭൗതിക ചുറ്റുപാടുകളിൽ മാറ്റം വന്നപ്പോൾ അന്തരീക്ഷം മാറി എന്നുമാത്രം. അടിസ്ഥാന വാസനകളിൽ എന്തു മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളത് ?

എന്നിട്ടെന്ത്?

Then What? എന്നിട്ടെന്ത്? ഈ ചിന്ത നിങ്ങളുടെ എല്ലാ സംരംഭങ്ങളുടേയും തുടക്കത്തിൽ നിങ്ങളെ ഭരിക്കട്ടെ!. വേണ്ടാത്ത പലതും ഒഴിവാക്കുവാൻ അത് നിങ്ങളെ സഹായിക്കും. ജീവിതത്തിൽ മുന്നോട്ട് പോകുന്തോറും നമ്മുടെ കഴിവുകൾക്ക് പരിമിതികളുണ്ടെന്ന് നാം മനസ്സിലാക്കുന്നു. ജീവിക്കാൻ പഠിക്കുമ്പോഴേക്കും ജീവിതത്തിന്റെ നല്ലൊരു ഭാഗം  പാഴായിപ്പോകുകയും ചെയ്യുന്നു. ജീവിതം അഗാധവും ഗഹനവുമാണ്‌. നിത്യജീവിതത്തിന്റെ അനന്തമായ യാത്ര തുടർന്നുകൊണ്ടിരിക്കും. ജീവിത രഹസ്യങ്ങൾ അറിഞ്ഞവർ ആരുണ്ട്‌. ജീവിതത്തിൽ ഉണ്ടായിട്ടുള്ള തോൽവികളേയും തെറ്റുകളേയും അതോടൊപ്പം ശരിയായും ഉചിതമായും സംഭവിച്ചിട്ടുള്ള കാര്യങ്ങളേയും കുറിച്ചോർക്കുമ്പോൾ കൊടുങ്കാറ്റിനേയും, പേമാരിയേയും ഭയപ്പെടേണ്ടതില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. അവ ഉഗ്രമായി ക്ഷോഭിക്കട്ടെ.! ഗർജ്ജിക്കട്ടെ!! നാം അതിനെ അതിജീവിക്കും. ഏറ്റവും കരുത്തുള്ളതല്ല മാറ്റത്തോട് ഏറ്റവും പ്രതികരണ സജ്ജമായതാണ് അതിജീവിക്കുക. വിഷമാവസ്ഥകൾ കൂടാതെയുള്ള ജീവിതം ജീവിതമല്ല. മനുഷ്യന് യഥാർത്ഥ മഹത്ത്വം കൈവരുന്നത് അവന്റെ പരാജയങ്ങളിൽ നിന്നും അവ്യക്തങ്ങളായ ആശങ്കകളോടുകൂടി എത്തും പിടിയും ഇല്ലാത്ത ലോകത്തിൽ അലഞ്ഞുതിരിയുമ്പോഴാണ്. ദുരിതാനുഭവങ്ങൾ നമ്മുടെ ആത്മവികാസത്തെ സഹായിക്കുന്നു.

ചതുരംഗപ്പലകയാണ് ഈ ലോകം

ചതുരംഗപ്പലകയാണ് ഈ ലോകം. കരുക്കളാണ് പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങൾ. പ്രകൃതിനിയമമെന്ന് പറയുന്നത് ഈ കളിയുടെ നിയമങ്ങളാണ്. മറുവശത്തെ കളിക്കാരൻ നമ്മിൽനിന്ന് മറഞ്ഞിരിക്കുകയാണ്. ഈ കളി സുന്ദരവും നീതിനിഷ്ഠവും ക്ഷമാപൂർവ്വവും ആണെന്ന് നമുക്കറിയാം. മറുവശത്തെ കളിക്കാരൻ ഈ കളിയിൽ ഒരു തെറ്റിന്റെയും നേർക്ക് കണ്ണടയ്ക്കുകയില്ലെന്നും അജ്ഞതയെ ഒരു തരത്തിലും അനുവദിച്ചുതരികയില്ലെന്നും നമുക്കറിയാം. രണ്ടുവട്ടം ആലോചിച്ചിട്ടുമാത്രമേ കരുവിന്റെ നേർക്ക്‌ കൈ നീളേണ്ടു ഇല്ലെങ്കിൽ...........

നാം ഒരിക്കലും ജീവിക്കുന്നില്ല

നീതിലഭിക്കേണ്ടവന് നീതി നിഷേധികാൻ നമ്മേ പ്രേരിപ്പിക്കുന്നതെന്തും ചൂഷണമാണ്‌. ആരുടേയോ നഷ്ടമാണ് നമ്മുടെ നേട്ടം.

*****************

എല്ലാവരുടേയും ആവശ്യത്തിനുവേണ്ടത്ര ഈ ലോകത്തിലുണ്ട്. പക്ഷേ, എല്ലാവരുടേയും അത്യാർത്തിക്ക് വേണ്ടത്ര ഇല്ലന്നേയുള്ളു.

*****************

നാം ഒരിക്കലും ജീവിക്കുന്നില്ല. ജീവിക്കാം എന്ന വിശ്വാസത്തോടെ ജീവിതകാലം ചിലവഴിക്കുകയാണ്. ഓണത്തിനുള്ള ഒരുക്കത്തിലൂടെ ഓണം കടന്നുപോകുന്നു.

*****************

സ്വയം തെറ്റുകാരനാണെന്ന് തോന്നുന്നുണ്ടോ? രക്ഷപ്പെടാൻ ഒരു വഴിയേയുള്ളു. അകാരണമായി മറ്റുള്ളവരോട് ദേഷ്യപ്പെടുക!

*****************

പ്രശ്നങ്ങൾ ഉണ്ടാക്കാൻ നമ്മൾ ഒന്നും ചെയ്യേണ്ടതില്ല. അത് തനിയെ ഉണ്ടായിക്കൊള്ളും. നമ്മൾ നിന്നുകൊടുത്താൽ മതി.

*****************

എല്ലാ തെറ്റിദ്ധാരണകളും മാറ്റണമെന്ന് എന്തിനാണിത്ര വാശി. നല്ല തെറ്റിദ്ധാരണകൾ എന്തിനാണ് മാറ്റുന്നത്. അത് അങ്ങനെ തന്നെ അങ്ങു നിന്നോട്ടെ!

മനസ്സിലാകാത്തത് സമ്മതിക്കുന്നതാണ് ബുദ്ധി

നിയമങ്ങളും ശാസനകളും വർദ്ദിക്കുന്തോറും കള്ളന്മാരും കവർച്ചക്കാരും കൂടിവരും.

*********************

മനുഷ്യർ തെറ്റ് ചെയ്യുന്നത് അത് തെറ്റാണെന്ന് അറിയാതെയൊന്നുമല്ല. അതിൽ നിന്ന് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

*********************

പുനർഗ്രാമം പുനഃക്ഷേത്രം
പുനർവിത്തം പുനർ ധനം
പുനഃ ശുഭാ ശുഭം കർമ്മ
ന ശരീരം പുനഃ പുനഃ

(ഗരുഢ പുരാണം)

സാരം :-

ഗ്രാമം പോയാൽ പിന്നെയും സമ്പാദിക്കാം, ഭൂമിപോയാൽ തിരിച്ചെടുക്കാം. ധനം പോയാൽ പിന്നെയും ശേഖരിക്കാം. അതുപോലെ ശുഭാശുഭ കർമ്മങ്ങളും പിന്നെയും ചെയ്യാവുന്നതാണ്. എന്നാൽ പോയ ശരീരം മാത്രം ഒരിക്കലും തിരിച്ചുവരികയില്ല.

*********************

ജീവിതത്തിന്റെ ആദ്യപകുതിയിൽ അവസരങ്ങൾ കിട്ടാതെ വന്നാൽ കഴിവുകൾ മുരടിച്ചുപോകും. രണ്ടാമത്തെ പകുതിയിൽ കഴിവുകൾ ഇല്ലാത്തതുകൊണ്ട് അവസരങ്ങൾ പാഴായിപോകും.

*********************

മനസ്സിലാകാത്തത് സമ്മതിക്കുന്നതാണ് ബുദ്ധി.

സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് ധീരത കാണിക്കുവാൻ ഏതു കോന്തനും കഴിയും

ലൗമാര്യേജും അഡ്‌ജസ്റ്റ്മെന്റ് മാര്യേജും തമ്മിലുള്ള വ്യത്യാസം വളരെ നേർത്തതാണ്. ആദ്യത്തേത് ആത്മഹത്യ തന്നെ. രണ്ടാമത്തേതോ? ആസൂത്രിതമായ കൊലപാതകവും.

*******************

കരയാനും ഇഴയാനും എളുപ്പമാണ്. ചെറുകിരണങ്ങൾ പോലും എങ്ങും കാണാനില്ലാത്തപ്പോൾ മല്ലിട്ട് മല്ലിട്ട് കയറുക. ഹാ! അതല്ലെ രസം പിടിച്ച കളി. നാം മാമൂലുകൾക്ക് വഴങ്ങാത്തത് ചുറ്റുപാടുകളുടെ സമ്മർദ്ദം കൊണ്ടോ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താനുള്ള വെമ്പൽകൊണ്ടോ ആകാം.

*******************

നടന്ന കാര്യങ്ങളെക്കുറിച്ച് കോപിചിട്ടോ വരാനിരിക്കുന്നവയെക്കുറിച്ച് ഭയപ്പെട്ടിട്ടോ കാര്യമില്ല. അന്നന്ന് ഇടപെടുന്നവയെ ബോധപൂർവ്വം കൈകാര്യം ചെയ്യുകയാണ് വേണ്ടത്.

*******************

ആരംഭത്തെ എന്നപോലെ അവസാനത്തേയും ശ്രദ്ധിക്കുക. എന്നാൽ ഒന്നും തകരാറില്ലായ്കയില്ല.

*******************

ശാന്തമായ ഭൂതകാലത്തിന്റെ സിദ്ധാന്തങ്ങൾ പ്രക്ഷുബ്ദമായ് വർത്തമാനകാലത്തിന് അപര്യാപ്തമാണ്.

*******************

സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് ധീരത കാണിക്കുവാൻ ഏതു കോന്തനും കഴിയും.

*******************

പരിരക്ഷിതവും ചിരസ്ഥായിയുമായ ജീവിതത്തിന് ഉതകുന്ന മൂല്യങ്ങൾ അനാഥമായ ജീവിതത്തിന് അപഹാസ്യങ്ങളായി തോന്നും.

ദീപ തത്ത്വങ്ങൾ

ശ്രീകോവിലിലെ ഗർഭഗൃഹത്തിനുമുമ്പിലുള്ള മുഖമണ്ഡലം ഭക്തനെ ബിംബത്തിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കുന്നു. ഇത് തൂക്കു വിളക്കിന്റെ സ്വർണ്ണപ്രഭയിൽ ആറാടി നിൽക്കുന്ന വിഗ്രഹത്തിന്റെ മുഖസൗന്ദര്യം ആസ്വദിക്കാൻ ഭക്തനെ സഹായിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹത്തിനു മുമ്പിൽ കവരവിളക്ക് വെയ്ക്കാറുണ്ട്‌. മൂന്നു കവരങ്ങൾ മുന്നിലും അയ്യഞ്ചു തിരികൾ വീതം. ഇതിലും ഒരു പ്രതീകാത്മക തത്ത്വം അടങ്ങിയിട്ടുണ്ട്. കവരവിളക്കിലെ മൂന്നു കവരങ്ങൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ഗുണത്രയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അല്ലെങ്കിൽ ഈ ഗുണങ്ങളിൽ നിന്നുള്ള "സൃഷ്ടി സ്ഥിതി സംഹാരങ്ങളെ" സൂചിപ്പിക്കുന്നു. അഞ്ചു തിരി പഞ്ചപ്രാണനേയും പഞ്ചഭൂതങ്ങളേയും സൂചിപ്പിക്കുന്നു. മഹാക്ഷേത്രങ്ങളിൽ അനേകം നിലവിളക്കുകൾ കത്തിച്ചുവെച്ചിരിക്കും. ഇതിലും ഒരു തത്ത്വമുണ്ട്. "കൃഷ്ണോല്ലാസം" എന്ന ഗ്രന്ഥത്തിൽ ഈ നിഗൂഢതത്ത്വം അനാവരണം ചെയ്യുന്നുണ്ട്.

ആറ് സോപാനപ്പടികൾ ഷഡ്ചക്രങ്ങളുടെ പ്രതീകമാണ്. മൂലാധാരത്തിൽ നിന്ന് കുണ്ഡലിനീ ശക്തി ശിരസിലുള്ള സഹസ്രാര പത്മത്തിൽ എത്തുമ്പോൾ അത് ആയിരം ദിവ്യചൈതന്യരശ്മികളായി ഉയരും. സഹസ്രാര പത്മത്തിന് മുകളിൽ 16 ദളങ്ങൾ ഉള്ള ഒരു താമരപ്പൂവ് തലകീഴായി കിടക്കുന്നു. ആയിരം ദിവ്യചൈതന്യരശ്മി ഈ പതിനാറ് ദളങ്ങളിൽ പ്രതിഫലിക്കും. അപ്പോൾ അവ 16000 ആകും. സഹസ്രദളപത്മത്തിനും 26 ഇതളുള്ള തലകീഴായ പത്മത്തിനും ഇടയിലായി ശ്രീകൃഷ്ണ ഭഗവാൻ വിരാജിക്കുന്നു. 16000 രശ്മികൾ ഭഗവാന്റെ ഭാര്യമാരായി സങ്കല്പിക്കുന്നു. കത്തികൊണ്ടിരിക്കുന്ന മാലവിളക്കുകൾ ഷോഡശദള പത്മത്തിന്റെ പ്രതീകമാണ്. കത്തികൊണ്ടിരിക്കുന്ന അനേകം നിലവിളക്കുകൾ സഹസ്രദളപത്മത്തിൽ നിന്നുള്ള ദീപകാന്തിയും.

നിർഗുണ പരബ്രഹ്മത്തെ തേജസ്സായി സങ്കല്പിക്കുന്നതു തന്നെയാണ് ഉചിതം. അഗ്നി ദേവന്മാരുടെ നിവാസസ്ഥാനമായി പണ്ടേ കല്പിച്ചു പോരുന്നു. പുകയുടെ ജടാഭാരവും പേറി കനകാഞ്ചിതജ്വാലയായി ആനന്ദനൃത്തം വെയ്ക്കുന്ന എണ്ണവിളക്കിലെ ദീപനാളം പ്രപഞ്ചത്തിന്റെ സ്പന്ദഹത്തിന്റെ പ്രതീകമായി മാറുന്നു. ശിവക്ഷേത്രത്തിന്റെ ശിവലിംഗത്തിനു പിറകിൽ വിളക്കുവെയ്ക്കാറുണ്ട്‌. ശിവലിംഗത്തിന് മുഖശോഭ എടുത്തു കാണിക്കേണ്ടതില്ല എന്നാൽ ശിവലിംഗത്തിന്റെ രൂപരേഖ എടുത്തു കാണിക്കാൻ ഈ പിൻവിളക്ക് സഹായിക്കും. ക്ഷേത്രത്തിലെ നെയ്‌ വിളക്കിൽ നിന്നുയരുന്ന ധൂമപടലത്തിന് ഔഷധവീര്യമുണ്ട്. സയനസെറ്റിസ് എന്ന തരം വേദന മാറ്റാൻ നെയ്‌വിളക്കിൽ നിന്ന് ഉയരുന്ന ധൂമപടലഗന്ധം ഉത്തമമാണ്.

നിലവിളക്കിൽ അഞ്ചുതിരിയിടണം. ഭദ്രദീപം അഞ്ചുതിരിയാണ്. അഞ്ചുതിരിയും ഒരേ സമയം കാണാൻ കഴിയണം. നാലു ദിക്കിന്റെ നേർക്ക്‌ നാലുതിരി അഞ്ചാമത്തെ തിരി വടക്ക് കിഴക്ക് മൂലയ്ക്കു നിന്ന് അല്പം വലത്തുമാറി കിഴക്കോട്ടു ഇടണം. വിളക്കിന്റെ നാരം ജ്വാല മറയ്ക്കരുത്. ഒറ്റതിരി വർജ്ജ്യമാണ്‌. നെയ്‌ വിളക്കാണ് നല്ലത്. ഇല്ലെങ്കിൽ എണ്ണ അതുമില്ലെങ്കിൽ വെളിച്ചെണ്ണ മതി, അതുമതി. മതിയുണ്ടെങ്കിൽ ഇതുംമതി. 

പത്തുമക്കളുടെ തള്ളയാണെങ്കിലും ഉപേക്ഷിക്കണം

വിവാദശീല, സ്വയമർത്ഥചോരിണി,
പരാനുകൂലി പരദൂഷണപ്രിയ
അഗ്രാസനി അന്യഗൃഹപ്രവേശിനി
ഭാര്യാം ത്യജേത് പുത്രദശ പ്രസൂതാം.

സാരം :-

എപ്പോഴും എല്ലാ വിഷയങ്ങളിലും ഭർത്താവുമായി വിവാദത്തിൽ - വാക്കു തർക്കത്തിൽ - ഏർപ്പെടുന്നവൾ, വീട്ടിലെ ധനം സ്വന്തം ധനമാണെന്ന് മനസ്സിലാക്കാതെ അടിച്ചു മാറ്റുന്നവൾ, ഭർത്താവിന്റെയും വീട്ടുകാരുടേയും ശത്രുക്കൾക്ക് അനുകൂലമായി പറയുന്നവർ, എപ്പോഴും മറ്റുള്ളവരുടെ കുറ്റം മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നവൾ, മറ്റുള്ളവരുടെ കുറ്റം കേട്ടു രസിക്കുന്നവൾ, ഭർത്താവോ വീട്ടുകാരോ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് സ്വയം ഭക്ഷണം വിളമ്പികഴിക്കുന്നവൾ (അഗ്രാസനി), എപ്പോഴും അന്യ വീടുകളിൽ കയറി ഇറങ്ങി നടക്കുന്നവൾ, ഇപ്രകാരം സ്വഭാവമുള്ള ഭാര്യയെ അവൾ പത്തുമക്കളുടെ തള്ളയാണെങ്കിലും ഉപേക്ഷിക്കണം.

********************

പുരുഷന്റെ ജീവിതത്തിൽ 4 ഘട്ടങ്ങൾ ഉണ്ട്.

1). വിവാഹത്തിനുമുമ്പ്    - സൂപ്പർമാൻ

2). വിവാഹം കഴിഞ്ഞ്     - ജന്റിൽമാൻ

3). വിവാഹം കഴിഞ്ഞ് പത്തു വർഷത്തിനുശേഷം - വാച്ച്മാൻ

4). വിവാഹം കഴിഞ്ഞ് ഇരുപത് വർഷത്തിനുശേഷം - ഡോബർമാൻ

********************

ലോകത്ത് സർവ്വഗുണ സമ്പൂർണ്ണനായ ഒരു കുഞ്ഞുമാത്രമേയുള്ളു. അത് എന്റെ കുഞ്ഞുതന്നെ. അതുപോലെ സകലകലാവല്ലഭയും സർവ്വഗുണ സമ്പൂർണ്ണയുമായ ഒരു ഭാര്യയെ ലോകത്തുള്ളു. കഷ്ടമെന്നുപറയട്ടെ, അത് അയൽവാസിയുടേതായിപ്പോയി.

വിഗ്രഹം കണ്ടില്ലെങ്കിലും വിളക്കു കണ്ടു നമ്മൾ തൊഴാറില്ലേ

പത്മമിട്ട് ഭഗവതി സേവ ചെയ്യുമ്പോൾ ഒരു വലിയ നിലവിളക്കുവെച്ച് അഞ്ച് തിരിയിട്ട് ജ്വലിപ്പിക്കുന്നു. "പഞ്ചദുർഗ്ഗ " എന്ന വേദമന്ത്രം ചൊല്ലി ഓരോ തിരി കത്തിക്കുന്നു. ദീപനാളങ്ങൾ ഭഗവതിയെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് സങ്കല്പം. ദീപം അഥവാ ശുദ്ധപ്രകാശമാണ് ഭഗവതി എന്നു കരുതുന്നു. വിഗ്രഹം കണ്ടില്ലെങ്കിലും വിളക്കു കണ്ടു നമ്മൾ തൊഴാറില്ലേ!!

ഭഗവാന്റെ രൂപം അനന്തമാണ്‌. അത് ഒരു കൊച്ചുബിംബത്തിൽ ഒതുങ്ങി നിൽക്കുന്നതല്ലെങ്കിലും വിഗ്രഹത്തിനു പ്രസക്തിയുണ്ട്. എല്ലായിടത്തുമുള്ള ഈശ്വരൻ ബിംബത്തിൽ പൂർണ്ണമായും ഉണ്ട്. വിശിഷ്ടമന്ത്രങ്ങളെക്കൊണ്ടും അത് അനുഭവവേദ്യമാകുന്നു. ഉപാസകന്റെ ഹൃദയത്തിൽ ഭക്തിയുണ്ടെങ്കിൽ ദേവതയുടെ ഭക്താനുഗ്രഹവ്യഗ്രത ബിംബത്തിൽ നിന്ന് പ്രവഹിക്കും.അനന്തമായ ആനന്ദമാണ് ഭഗവാൻ. അതിനെ പ്രാപിക്കാനുള്ള ലളിതമായ മാർഗ്ഗമാണ് ദീപാലങ്കാരത്തിൽ വിളങ്ങി നിൽക്കുന്ന ദേവവിഗ്രഹദർശനം. ക്ഷേത്രനടയിൽ തൊഴുതു നിൽക്കുമ്പോൾ നാം അറിയുന്നത് ആ ആനന്ദമാണ് ബിംബത്തിന്റെ ഇരുവശത്തുമായി തൂങ്ങികിടക്കുന്ന മാല വിളക്കുകൾ ജ്വലിച്ചു നിൽക്കുമ്പോൾ ബിംബം ചെറുതാണെങ്കിലും അത് വലുതായി വരുന്നതായി നമുക്കു തോന്നും. ഗോളകയോ അങ്കിയൊ ചാർത്തിയിട്ടുണ്ടെങ്കിൽ ഇത് പ്രത്യേകിച്ചും അനുഭവപ്പെടും.

അക്ഷരം വായിക്കാനറിയില്ലെങ്കിൽ കണ്ണട മാറ്റിയിട്ട് എന്താ കാര്യം

അനുകൂലമായ പരിതസ്ഥിതി ഇല്ലായ്കയാലോ, അപേക്ഷിക്കുവാൻ ആളില്ലായ്കയാലോ, ഭാവി ജീവിതത്തെ ബാധിക്കുമെന്ന ഭയം കൊണ്ടോ ചാരിത്ര നിഷ്ഠരായി ജീവിതം തള്ളി നീക്കുന്ന ധാരാളം ആളുകളുണ്ട്. വസ്തുനിഷ്ഠമായി കണക്കെടുക്കുമ്പോൾ ചാരിത്രനിഷ്ഠരുടെ പട്ടികയിൽ ഈ "കയ്യാലപ്പുറത്തെ - തേങ്ങകളെ" പെടുത്താറില്ല. പക്ഷേ, സന്മാർഗ്ഗത്തിന്റെ അപ്പസ്തോലന്മാരായ ഇവരെ ഭൂമിയിൽ എവിടെ ചെന്നാലും കാണാം; ഇഷ്ടം പോലെ!

********************

അറിവുള്ളവർ ദുഷ്ട സ്ത്രീകളിൽ വിശ്വാസം വെയ്ക്കാറില്ല. ഭ്രമത്തിന്റെയും മായയുടേയും പ്രത്യക്ഷ സ്വരൂപങ്ങളായ അവർ ഒരിക്കലും വിശ്വസ്തകൾ അല്ല. അവളുടെ വാക്ക് കാമികൾക്ക് അമൃതരസത്തെനൽകും. പക്ഷേ, ഹൃദയം ക്ഷുരകന്റെ കത്തിപോലെ മൂർച്ചയുള്ളതായിരിക്കും. എല്ലാവരേയും അവൾ സന്ദർഭത്തിനനുസരിച്ച് "പ്രിയൻ" എന്ന് പറയും. പക്ഷേ അവൾക്ക് സത്യത്തിൽ ആരോടും പ്രിയം ഇല്ല. മേഘത്തിന്റെ നിഴൽ, വൈക്കോൽ കത്തിയ തീയ്, നീചന്മാരുടെ സേവ, കനാൽ ജലം, വേശ്യാസംഗമം, കുത്സിതമിത്രം ഇവ ആറും നീർപ്പോളപോലെ ക്ഷണഭംഗുരമാണ്. ഇവയെ അറിവുള്ളവർ വിശ്വസിക്കില്ല.

******************

അക്ഷരം വായിക്കാനറിയില്ലെങ്കിൽ കണ്ണട മാറ്റിയിട്ട് എന്താ കാര്യം!

ക്ഷേത്രത്തിലെ ബിംബവും ദീപാലങ്കാരങ്ങളും ഭഗവത് ചൈതന്യത്തിന്റെ പ്രതീതി ഭക്തജനങ്ങൾക്ക്‌ നൽകുന്നു

ക്ഷേത്രത്തിലെ ദീപാലങ്കാരം ബ്രഹ്മതത്ത്വം വിശദമാകുന്ന തരത്തിലാണ്. "നാരായണീയം " എഴുതിയ ഭട്ടതിരി തനിക്കുണ്ടായ ദിവ്യദർശനം അനുക്രമം നാരായണീയം നൂറാം ദശകത്തിൽ വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ ഇങ്ങനെ പറയുന്നു. "അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവാലീ ലോഭനീയം" എന്ന്. ഏറ്റവും ഇടതൂർന്നു നിൽക്കുന്ന കായംപൂവിനു തുല്യമായതും മനോഹരവുമായ ഒരു പ്രകാശം ഞാൻ മുമ്പിൽ കാണുന്നു. "തദനു തദു ദരേ ദിവ്യ കൈശോരവേഷം" ആ തേജ്ജസ്സിനു നടുവിൽ ഒരു ദിവ്യ കിശോര (ബാല) രൂപവും കാണുന്നു. യജുർവേദത്തിലെ "നാരായണസൂക്തം" എന്ന പ്രസിദ്ധമായ ഭാഗത്തിൽ "നീല തോയത മധ്യസ്ഥാ വിദ്യുല്ലേഖേവ ഭാസ്വരം നീവാര ശുകവത്തന്വീ പീതാഭാസ്വാ തൃണുപമ" എന്ന് കാണുന്നു. അതായത് "കാർമേഘത്തിന്റെ മദ്ധ്യത്തിൽ അത്യന്തസൂക്ഷ്മമായിട്ടുള്ളതും വരിനെല്ലിന്റെ അറ്റം പോലെ കൃശമായിട്ടുള്ളതും മഞ്ഞനിറമാർന്നതും സൂക്ഷ്മ വസ്തുക്കൾക്ക് ഉപമയായിട്ടുള്ളതുമായ അഗ്നിശിഖ സ്ഥിതി ചെയ്യുന്നു.

കണ്ഠകൂപത്തിന്റെ ഒരു ചാണ്‍ താഴെ, നാഭിക്കുമുകളിൽ ഹൃദയപത്മം സ്ഥിതി ചെയ്യുന്നു. ഷഡ്ചക്രങ്ങളിൽ ഒന്നായ ശക്തികേന്ദ്രമാണ് ഈ പത്മം. ശരീരശാസ്ത്രത്തിൽ പറയുന്ന രക്തം ശുദ്ധിചെയ്യുന്ന ഹൃദയമല്ല ഋഷീശ്വരന്മാർ പറയുന്ന ഹൃദയം മുൻപറഞ്ഞ ഹൃദയപത്മത്തിൽ  നീലമേഘങ്ങൾക്കിടയിലെ വിദ്യുൽപ്രഭപോലെ അത്ഭുതകരമായ പ്രകാശമുണ്ട്. അതിനുള്ളിലായി ചൈതന്യരൂപിയായ പരമാത്മാവ്‌ സ്ഥിതിചെയ്യുന്നു. പരിമിതമായ മാംസചക്ഷുസ്സുകൊണ്ട് ബ്രഹ്മത്തെ കാണാൻ കഴിയില്ല. ബ്രഹ്മത്തെ  പ്രതീകാത്മകമായി ബിംബത്തിൽ ദർശിക്കാനെ കഴിയു. മനുഷ്യന്റെ ദൗർബല്യവും അജ്ഞാനവും കണക്കിലെടുത്താണ് അനന്തമായ ബ്രഹ്മത്തെ ഇങ്ങനെ ഒരു പ്രകാശചൈതന്യമായി ബിംബത്തിൽ സങ്കൽപ്പിക്കുന്നത്. ഇതിലെ ഔചിത്യം തർക്കിക്കാനുള്ളതല്ല; ക്ഷേത്രത്തിലെ ബിംബവും ദീപാലങ്കാരങ്ങളും ഭഗവത് ചൈതന്യത്തിന്റെ പ്രതീതി ഭക്തജനങ്ങൾക്ക്‌ നൽകുന്നു.

കടൽത്തീരത്ത് ചിറ കെട്ടിയാൽ കടലിലെ തിര അടങ്ങുമോ?

മനസ്സിനെ പൂർണ്ണമായി നിയന്ത്രിക്കുവാൻ കഴിയുകയില്ല. പല തലമുറകളുടെ രസവാസനകളുടെ തുടർച്ചയാണ് മനസ്സ്. ഇളകിമറിയുന്ന കടലിന്റെ ഇങ്ങേ അറ്റത്തെ ഒരു തിരയാണ് നമ്മുടെ ബോധമനസ്സ്. കടൽത്തീരത്ത് ചിറ കെട്ടിയാൽ കടലിലെ തിര അടങ്ങുമോ?

*******************

തമ്മിൽത്തമ്മിൽ തൊടരുത് എന്ന് പറയുമ്പോഴാണല്ലോ തൊടൽ ഒരു പ്രശ്നമാകുന്നത്. തൊടുന്നതിന് തടസ്സമില്ല എന്ന് വന്നാൽ അത് ഒരു ആവശ്യമായി തോന്നിയില്ലെന്നും വരാം!

*******************

ആരും തിരിച്ചുവന്നതായി കേട്ടിട്ടില്ല. കടന്നു പോയവഴി പിന്നെയും ചവിട്ടിയതായി അറിഞ്ഞിട്ടില്ല. ശവകുടീരത്തിനടിയിൽ ചിരകാലം ഉറങ്ങാനുള്ളതാണ്‌. ആ ഇടുങ്ങിയ അറയിൽ ജീവിതം പങ്കുകൊള്ളാൻ ആത്മ സുഹൃത്തോ പ്രാണപ്രിയയോ ഉണ്ടായിരിക്കുകയില്ല. വാടിക്കരിഞ്ഞ കോമളപുഷ്പം വീണ്ടും വിടരുകയില്ല. നരകവും സ്വർഗ്ഗവും ഇവിടെയാണ്. നിന്റെ മനസ്സാണ്. ദുഃഖ സംഘടനത്തിൽ നിന്ന് പുറപ്പെടുന്ന സ്പുലിംഗങ്ങളാണ് നരകം. വ്യാകുലതകളുടെ നടുക്കുള്ള ക്ഷണികമായ വിശ്രമമാണ് സ്വർഗ്ഗം. പുരോഹിതന്റെ സ്വർഗ്ഗ നരകങ്ങൾ അകലെ  കേൾക്കുന്ന പെരുമ്പറയുടെ മുഴക്കം മാത്രം! കരുതിയിരിക്കുക്ക; ഈ രഹസ്യം ആരോടും പറയരുത്.

******************

ചക്രവാളം  പോലെയാണ് ആദർശങ്ങൾ അടുക്കും തോറും അകന്നകന്നു പോകുന്നു.

സാധകനെ ക്ഷേത്രം കൈപിടിച്ചുയർത്തുന്നു

ഒരു വിഷയ രോഗിക്ക് സജ്ജനസംസർഗ്ഗമാകുന്ന സിദ്ധൗഷധമാണ് ക്ഷേത്രദർശനംവഴി ലഭിക്കുന്നത്. ബ്രഹ്മസ്വരൂപിയായ ദേവസംസർഗ്ഗംമൂലം സഗുണ ഭക്തന് ആഗ്രഹസഫലീകരണവും കാലക്രമേണ നിസംഗത്വത്തിലൂടെ ആഗ്രഹവിമോചനവും തത്ത്വഗ്രഹത്തിലൂടെ മോക്ഷവും വന്നു ചേരും. തത്ത്വഗ്രഹണത്തിന് സാധാരണമനസ്സിനെ പാകമാക്കുകയാണ് ക്ഷേത്രങ്ങൾ ചെയ്യുന്നത്. മനുഷ്യന്റെ വാക്ക്, കർമ്മം, മനസ്സ് എന്നിവയെ ക്ഷേത്രം ശുദ്ധി ചെയ്യുന്നു. സ്മൃതി പ്രോക്തങ്ങളായ ആചാരങ്ങളിലൂടെ ശ്രുതി പ്രോക്തങ്ങളായ തത്ത്വത്തിലേയ്ക്ക് സാധകനെ ക്ഷേത്രം കൈപിടിച്ചുയർത്തുന്നു. തത്ത്വ ഗ്രഹണത്തോടെ ക്ഷേത്രാരാധന എന്ന സാധാരണ നിലയിൽ നിന്ന് ആത്മാരാധന എന്ന അസാധാരണനിലയിലേയ്ക്ക് സാധകൻ ചെന്നെത്തുന്നു. ക്ഷേത്രരാധനയിലൂടെ നാം നമ്മുടെ ആത്മാവിനെത്തനെയാണ് ഉപാസിക്കുന്നത്. ആത്മാരാധനയിൽ നമ്മളും പരമാത്മാവും ഒന്നാണെന്ന സത്യം ബോദ്ധ്യപ്പെടും. "വിശേഷേണ തത്ത്വത്തെ ഗ്രഹിപ്പിക്കുന്നതാണ് വിഗ്രഹം" എന്നറിയുക.

മനസ്സിലാക്കി ജീവിക്കാൻ തയ്യാറാകാത്ത ദമ്പതികളുടെ ദാമ്പത്യം നിലനിൽക്കില്ല

ഭാര്യയുടേയും ഭർത്താവിന്റെയും വ്യക്തിത്വവും താല്പര്യവു പൊരുത്തപ്പെടാത്തതുകൊണ്ടാണ് മാനസികമായി അകലാൻ ഇടയാകുന്നത്. പരസ്പരം കാര്യങ്ങൾ മനസ്സിലാക്കാതെ അവരവരുടെ താല്പര്യത്തിന് അനുസരിച്ച് മറ്റേയാളെ മാറ്റുവാൻ നിർബന്ധിക്കുന്നു. തന്നെപ്പോലെയാണ് മറ്റേയാളും എന്ന കാര്യം സൗകര്യപൂർവ്വം മറന്നുപോകുന്നു. അന്യോന്യം അറിയുന്നതിലൂടെ മാത്രമേ സ്നേഹിക്കാൻ കഴിയുകയുള്ളു. അന്യോന്യം സ്നേഹിക്കുന്നതിലൂടെ മാത്രമേ പരസ്പരം അറിയാനും കഴിയു. പരസ്പരം വ്യക്തിത്വ വിശേഷങ്ങൾ മനസ്സിലാക്കി ജീവിക്കാൻ തയ്യാറാകാത്ത ദമ്പതികളുടെ ദാമ്പത്യം നിലനിൽക്കില്ല. ഒരു കുരയ്ക്കു കീഴിൽ ഒന്നിച്ചു താമസിക്കുന്നതല്ല ദാമ്പത്യം.

********************

അനുരഞ്ജനം നല്ല കുടയാണ്. പക്ഷേ, മോശം മേൽകുരയും. അത് ഒരു താൽക്കാലിക പരിഹാരം മാത്രമാണ്.

********************

ആരും സ്വന്തം കണ്ണിൽ കുറ്റവാളികളല്ല! ഒരു സ്വേച്ഛാധിപതിക്ക് എന്ത് കാര്യവും ന്യായമാണ്!!

********************

സന്മാർഗ്ഗത്തിന്റെ അടിസ്ഥാനം സാമൂഹ്യതയാണ്. (Morality depends on Sociality)

********************

സദാചാരത്തിന്റെ ലൈസൻസാണ് സമൂഹത്തിൽ വിവാഹബന്ധം.

നിഗൂഢതത്ത്വങ്ങളാണ് ക്ഷേത്ര നിർമ്മിതിയിലും പ്രയോഗിച്ചിരിക്കുന്നത്

ഉപാസകന്റെ നിത്യാനുഷ്ഠാനത്തിന് മുടക്കമോ പാകപ്പിഴയോ വന്നാൽ അദ്ദേഹത്തിൻറെ ആത്മചൈതന്യത്തിന് ക്ഷതം സംഭവിക്കും. അതുകൊണ്ട് പൂജ മുടങ്ങരുത്. പിഴ ഉണ്ടാകരുത്. യോഗിയുടെ യോഗാനുഷ്ഠാനം പോലെയാണ് ക്ഷേത്രപൂജയും യോഗാനുഷ്ഠാനത്തിൽ ഉണ്ടാകുന്ന അനുഭൂതിതന്നെയാണ് ക്ഷേത്രത്തിലെ ഗീതവാദ്യ നൃത്തഘോഷങ്ങൾ. യോഗി യോഗത്തിന്റെ ചില പ്രത്യേക ഭൂമികയിലെത്തുമ്പോൾ ഇതൊക്കെ അനുഭവപ്പെടാറുണ്ട്. യോഗി അതികഠിനമായ സാധനയിലൂടെ നേടുന്ന പരമാത്മാവിന്റെ അനുഗ്രഹം സാധാരണജനതയ്ക്ക് അനുഭവപ്പെടുന്നതിന് ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നു.

മനുഷ്യശരീര നിർമ്മാണത്തിന്റെ നിഗൂഢതത്ത്വങ്ങളാണ് ക്ഷേത്ര നിർമ്മിതിയിലും പ്രയോഗിച്ചിരിക്കുന്നത്. അതിനാൽ ക്ഷേത്രത്തിലെ ചൈതന്യസ്പന്ദനം ക്ഷേത്രദർശനം നടത്തുന്ന മനുഷ്യന്റെ ശരീരത്തിലേയ്ക്കും വ്യാപിക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം വെയ്ക്കുമ്പോൾ ദേവ ചൈതന്യത്തിന്റെ ഒരംശം നമ്മുടെ വലതുഭാഗത്തുള്ള സൂര്യ (പിംഗള) നാഡിയിലൂടെ പ്രവേശിക്കുന്നു. ഇതുപോലെത്തന്നെയാണ് വഴിപാടും നമസ്ക്കാരവും. ഇവ പല ശക്തികളേയും നമ്മിലേയ്ക്ക് പകരുന്നു.

എന്റെ പുറം ചൊറിഞ്ഞാൽ ഞാൻ നിന്റെ പുറം ചൊറിയാം

നീതി അന്ധമാണ്‌, അതിന് പരിചയക്കാരില്ല! ജീവിതം എന്തെന്ന് അറിഞ്ഞവർക്ക് കോപമോ സഹതാപമോ ഇല്ല. അവർ തങ്ങൾക്കോ മറ്റൊരാൾക്കോ ഉപദ്രവം ഉണ്ടാക്കുന്നില്ല. പ്രകൃതിയിലെ പ്രതിഭാസങ്ങളെപ്പറ്റി ശരിയായ ജ്ഞാനം ലഭിച്ചു കഴിഞ്ഞാൽ ദുഃഖത്തിന് നമ്മുടെ ജീവിതത്തിൽ സ്ഥാനമില്ല.

*******************

ജീവിതം പെട്ടെന്ന് അവസാനിക്കും. അതിനുമുമ്പ് പ്രപഞ്ചത്തെപ്പറ്റിയുള്ള സത്യത്തിന്റെ ഒരു തരിയെങ്കിലും കണ്ടെത്തുവാൻ ശ്രമിക്കുക.

*******************

നിങ്ങൾ നാളെ ജീവിച്ചിരിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല. അതിനാൽ " ഇന്ന് " അനുഭവിക്കാനുള്ളത് നാളത്തേയ്ക്ക് നീട്ടിവെയ്ക്കുന്നത് മൂഢത്വമാണ്. ഒന്നും ഒന്നുമല്ല! ഒന്നും മറ്റൊന്നിന് പകരമാകുന്നില്ല!!

*******************

എങ്ങനെ ജീവിക്കണമെന്നതൊഴിച്ച് ബാക്കിയെല്ലാം തീരുമാനിക്കപ്പെട്ടതാണ്.

*******************

നമ്മുടെ കർമ്മങ്ങളാണ് എല്ലാം നിശ്ചയിക്കുന്നത്. കർമ്മങ്ങളെല്ലാം നാം നിശ്ചയിക്കുന്നതാണെങ്കിലും.

*******************

" എന്റെ പുറം ചൊറിഞ്ഞാൽ ഞാൻ നിന്റെ പുറം ചൊറിയാം " എന്ന് പറയുന്നതിൽ എവിടെയാണ് സ്നേഹം. അത് ഒരു ധാരണ മാത്രമേ ആകുന്നുള്ളു. പറഞ്ഞിട്ടെന്താ! നമ്മുടെ നിത്യജീവിതത്തിലെ പല വൈകാരിക ബന്ധങ്ങളും ജീവിത വ്യാപാരങ്ങളും എല്ലാം ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. തുറന്നു സമ്മതിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടെന്നേയുള്ളു.

ക്ഷേത്രങ്ങളിലെ പൂജകൾ

അഞ്ചുതരം പൂജകളെ ശാസ്ത്രം പറയുന്നു.

1). അഭിഗമനം (ക്ഷേത്രം അടിച്ചുവാരുക, നിർമ്മാല്യം നീക്കുക)

2). ഉപദാനം (പുഷ്പാദികൾ ശേഖരിച്ചുകൊണ്ടുവരിക)

3). ഇജ്യ (ഇഷ്ടദേവാർച്ചന)

4). സ്വാദ്ധ്യായം (മന്ത്രം ജപിക്കുക, സ്തോത്രം ചൊല്ലുക)

5). യോഗം (ദേവതാധ്യാനം)

മഹാക്ഷേത്രങ്ങളിൽ അഞ്ചുനേരം പൂജയുണ്ട്

1). ഉഷഃപൂജ

2). എതിർത്തുപൂജ

3). പന്തീരടിപൂജ

4). ഉച്ചപൂജ

5). അത്താഴപ്പൂജ

സൂര്യോദയ സമയത്ത് ചെയ്യുന്നതാണ് "ഉഷഃപൂജ"

സൂര്യൻ ഉദിച്ചുകഴിഞ്ഞ് ബാലഭാസ്ക്കരന് അഭിമുഖമായി വിരാജിക്കുന്ന ഭഗവദ് ബിംബത്തിൽ നിർവ്വഹിക്കുന്ന പൂജയാണ് "എതിർത്തു പൂജ".

രാവിലെ വെയിൽ നിഴലിന് 12 അടി നീളമുള്ളപ്പോൾ (കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്ക്) നടത്തുന്ന പൂജയാണ് ' പന്തീരടി പൂജ"

നിത്യപൂജാക്രമങ്ങളാലും ഉത്സവാദി ആചാരാനുഷ്ഠാനങ്ങളാലും തന്ത്രി പകർന്നു നൽകിയ ചൈതന്യം സംരക്ഷിക്കപ്പെടുന്നു പരിപോക്ഷിക്കപ്പെടുന്നു. 

മന ഉത്സുയ - തേ ഹ - ഷാർത് ഉത്സവ പരികീർത്തിതഃ എന്നാണ് ഉത്സവത്തെ പറയുന്നത്. മനസ്സിന് ആനന്ദം ഉളവാക്കുന്നത് എന്നാണ് പദത്തിന്റെ അർത്ഥം.

ഒരു വർഷത്തിനുള്ളിൽ ക്ഷേത്രത്തിൽ ഉണ്ടായ അശുദ്ധികളാൽ നഷ്ടപ്പെട്ട ബിംബ ചൈതന്യത്തെ വീണ്ടെടുക്കാനുള്ള ഒരു സന്ദർഭമാണ് ഉത്സവവും അതിനോടു ബന്ധപ്പെട്ട കലശവും. ഉത്സവത്തിലൂടെ ഉണ്ടാകുന്ന സൽസംഗവും പ്രധാനം തന്നെ. 

അഞ്ച് ഭക്തന്മാർ ഒത്തുകൂടുന്നിടത്ത് ഭഗവാനും കൂട്ടംകൂടാൻ വരുമെന്നാണല്ലോ പ്രമാണം. ഉത്സവത്തിലൂടെ നേടുന്ന സാമൂഹ്യമേന്മയെ ഇവിടെ എടുത്തുപറയുന്നില്ല. 

ആത്മാർത്ഥത നിങ്ങൾക്ക് അപകടകരമാണ്

ഒരു മണ്ടനല്ല നിങ്ങളെങ്കിൽ ആത്മാർത്ഥത നിങ്ങൾക്ക് അപകടകരമാണ്.

********************

സ്ത്രീ പുരുഷന്മാർ അന്യോന്യം  അർപ്പണം ചെയ്യേണ്ടത് അവരുടെ കഴിവോ, പദവിയോ സമ്പത്തോ അല്ല; അവരുടെ ദൗർബല്യവും അശരണതയും ഹൃദയാഭിലാഷങ്ങളും  ആയിരിക്കണം.

********************

കൊതുകിന്റെ കടിയിൽ നിന്ന് രക്ഷപ്പെടാനാണ് ആളുകൾ കൊതുകുവല ഉപയോഗിക്കുന്നത്. ദാമ്പത്യ ജീവിതം കൊതുകു വലയ്ക്കുള്ളിലെ കൊതുകു കടിയാകരുത്.

********************

അസുഖകരമായ  ഒത്തുചേരലിനേക്കാൾ അഭികാമ്യം കാലോകൂട്ടിയുള്ള വേർപിരിയലാണ്.

********************

സ്വരം നല്ലപ്പഴേ പാട്ടുനിർത്തുക; ഇല്ലെങ്കിൽ പിന്നെ കേൾക്കുന്നത് അപസ്വരമായിരിക്കും.

********************

"മരിക്കുംവരെ ആരേയും ഭാഗ്യവാനെന്ന് വിളിയ്ക്കരുത്"

********************

കടമ കൃത്യമായും ഭംഗിയായും നിർവ്വഹിക്കാതെ അവകാശം മാത്രം ചോദിക്കരുത്!.

*******************

പരിഹരിക്കാനുള്ള പ്രശ്നമല്ല, അനുഭവിയ്ക്കാനുള്ള യാഥാർത്ഥ്യമാണ് ജീവിതം.

തന്ത്രി ആരാണ്?

അത്യുത്തമനായ ഒരു ബ്രഹ്മോപാസകനാണ് ക്ഷേത്രങ്ങളെ വിഭാവനം ചെയ്ത് സൃഷ്ടിക്കുന്നത്. അദ്ദേഹമാണ് ക്ഷേത്രത്തിന് ജീവചൈതന്യം കൊടുക്കുന്നത്. തന്നെപോലെ ഉത്തമനായ ഒരു സജ്ജനത്തെ - സാധകനെ - യാണ് ക്ഷേത്രരൂപേണ ഈ ആചാര്യൻ ലോകത്തിന്റെ ആവശ്യാർത്ഥം സൃഷ്ടിക്കുന്നത്. ഈ ആചാര്യനെ "തന്ത്രി" എന്ന് വിളിക്കുന്നു. "തനു" വിൽ നിന്ന് "ത്രാണനം" ചെയ്യുന്ന ആൾ "തന്ത്രി".

മന്ത്രംകൊണ്ടാണ് അദ്ദേഹം (തന്ത്രി) ത്രാണനം ചെയ്യുന്നത്. മനനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നതെന്തോ അത് "മന്ത്രം" ഉദാത്തം, അനുദാത്തം, സ്വരിതം എന്നീ ഉച്ചാരണ ഭേദത്തെ ആശ്രയിച്ചാണ് മന്ത്രഫലം സിദ്ധിക്കുന്നത്. ചിട്ടപ്രകാരമുള്ള പൂജാവിധിയിലുള്ള മന്ത്രപ്രയോഗത്താൽ, സങ്കീർണ്ണമായ തന്ത്രപ്രയോഗത്താൽ തന്ത്രി ക്ഷേത്രത്തിൽ ചൈതന്യം പൂർണ്ണമാക്കുന്നു. 

ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ ഭാര്യ ഭാര്യയെ തന്നെ സ്നേഹിക്കുന്നു എന്നർത്ഥം

സ്നേഹമെന്നത് വികാരമല്ല. അനുഭൂതിയാണ്. ആരും ആരേയും സ്നേഹിക്കുന്നില്ല. അവനവനെയല്ലാതെ. ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ ഭാര്യ ഭാര്യയെ തന്നെ സ്നേഹിക്കുന്നു എന്നർത്ഥം. ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാലും അങ്ങനെ തന്നെ! സർവ്വർക്കും സ്വന്തം ആത്മാവാണ് സ്വതേ പ്രിയതമമായത്. വിഷയങ്ങള ഇഷ്ടപ്പെടുന്നത് അവ ആത്മാവിന് സുഖം നൽകുന്നതുകൊണ്ടാണ്. അല്ലാതെ വിഷയങ്ങൾ സ്വതേ പ്രിയകരങ്ങളല്ല. (ആത്മാ പ്രിയതമോയത - ബൃഹദാരണ്യകോപനിഷത്തിൽ യാജ്ഞവൽക്യൻ ഭാര്യ മൈത്രേയിയോടു പറയുന്നു.)

ആത്മാവിനുവേണ്ടിയാണ് സകലതും പ്രിയങ്ങളാകുന്നത്. (ആത്മസ്തു കാമായ സർവ്വം പ്രിയം ഭവതി - ശ്രീ ശങ്കരാചാര്യരുടെ വിവേകചൂഢാമണി 539 - ശ്ളോകത്തിൽ) സകലർക്കും പ്രിയങ്കരമായ വസ്തു  സ്വന്തം ആത്മാവ് മാത്രമാണ്. ആത്മാവ് ഇഷ്ടപ്പെടുന്ന വസ്തുവിൽ പ്രിയത്വം ഉണ്ടാകുന്നു എന്നു മാത്രം. വസ്തു സ്വതേ പ്രീതി നല്ക്കുന്നവയാണെങ്കിൽ അവ എന്നും എപ്പോഴും പ്രീതികരമാകേണ്ടേ? ഇഷ്ടപ്പെട്ട വസ്തുവിനെ പിന്നീട് വെറുക്കുന്നത് അത് അപ്പോൾ ആത്മാവിന് ഹിതകരമല്ലാത്തതുകൊണ്ടാണ്. ഇഷ്ടം വസ്തുവിനെ കേന്ദ്രീകരിച്ചല്ല, ആത്മാവിനെ കേന്ദ്രീകരിച്ചാണ് ഉണ്ടാകുന്നത്.

ഭർത്താവിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി തങ്കളാഴ്ച വ്രതം നോക്കുന്നു എന്ന് ഭാര്യ പറയും. സ്വന്തം താലിയും നിലനില്പിനുവേണ്ടി സോമവാരവ്രതം (തിങ്കളാഴ്ച വ്രതം) നോക്കുന്നുവെന്ന് ഒരു സുമംഗലിയും പറയാറില്ല.

ക്ഷേത്രാരാധനയുടെ ആത്യന്തിക ലക്ഷ്യം ജീവന്റെ മോക്ഷമാണ്

ഹൈന്ദവാചാരാപ്രകാരമുള്ള ആരാധനയിൽ ബഹുജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ് ക്ഷേത്രാരാധന. ഹിന്ദുജനതയുടെ സാംസ്കാരിക സങ്കേതമാണ് ക്ഷേത്രങ്ങൾ. ക്ഷേത്രം ആരാധനാലയം മാത്രമല്ല ഉപാസനാസന്നിധാനങ്ങൾ കൂടിയാകുന്നു. സൽസംഗം എന്ന ആശയത്തോട് ഏറെ സാമ്യമുണ്ട്‌ ക്ഷേത്രാരാധനയ്ക്ക്. പരമാത്മാവും ജീവാത്മാവും തമ്മിലുള്ള സേവ്യസേവക ബന്ധത്തേയും ക്ഷേത്രാരാധന വിളംബരം ചെയ്യുന്നു.

ക്ഷേത്രം എന്നാൽ ശരീരം, മൂർത്തി, വയൽ, നിലം എന്നൊക്കെയാണ് അർത്ഥം. ക്ഷേത്രാരാധനയുടെ ആത്യന്തിക ലക്ഷ്യം ജീവന്റെ മോക്ഷമാണ്. ഉപാധിരഹിത കൈവല്ല്യാവസ്ഥയാണ് മോക്ഷം. ജീവൻ സകലവിഷയങ്ങളിൽ നിന്നും മോചനം നേടി തന്റെ ഉല്പത്തിക്കു ഹേതുവായ പരമാത്മാവിൽ വിലയം പ്രാപിക്കുന്നു. ഇതാണ് മോക്ഷം.

തത്ത്വഗ്രഹണം എന്ന ജ്ഞാനദീപം തെളിഞ്ഞാലെ സംസാരമാകുന്ന അന്ധകാരം നീങ്ങുകയുള്ളു. തത്ത്വഗ്രഹണം എന്നാൽ അവനവനെത്തന്നെ അറിയുകയാണ്. താൻ പരമാത്മാവിൽ നിന്ന് ഭിന്നനായ ജീവനല്ലെന്നും പരമാത്മാവും താനും ഒന്നാണെന്നും, ഒന്നല്ല എന്നത് വെറും തോന്നലാണെന്ന തിരിച്ചറിവുമാണ് തത്ത്വഗ്രഹണം മൂലമുള്ള ആത്മജ്ഞാനം.

ഈ തത്ത്വഗ്രഹണലബ്ധിക്കു സജ്ജന സംസർഗ്ഗം അത്യന്താപേക്ഷിതമാണ്. അവരുമായുള്ള സംസർഗ്ഗത്തിൽ പരമാർത്ഥം അറിയാനുള്ള ആഗ്രഹം ഉണ്ടാകുന്നു. അവരുടെ അനുഗ്രഹത്താൽ ഗുരുവിനെ ലഭിക്കുന്നു. ഗുരുവുപദേശം മൂലം ജ്ഞാനലബ്ധി ലഭിക്കുന്നു. എല്ലാവർക്കും സജ്ജന സംസർഗ്ഗം ലഭിക്കുക അസാദ്ധ്യമാണ്. സജ്ജനങ്ങൾക്കുപകരം ക്ഷേത്രം സജ്ജനങ്ങളുടെ പങ്ക് വഹിക്കുന്നു.

ഗീത ഒരു പഠനം - 08

ആത്മാവിനെ പരോക്ഷമാക്കി അനാത്മവസ്തുക്കളായ ശരീരവിഷയങ്ങളിൽ അപരോക്ഷത വളർത്തിയാണ് ഏവരുടേയും ദുഃഖത്തിനു ഹേതു എന്നാൽ ആത്മതത്ത്വത്തിന്റെ അപരോക്ഷതാനുഭവത്തിൽ എല്ലാ കരണങ്ങളും സ്തബ്ദങ്ങളായി ക്രമേണ അടങ്ങും. അപ്പോൾ അമൃതവും ദിവ്യവുമായ ശാന്തിസുഖം അനുഭവമായിത്തീരും.

ഫലചിന്തയും അഭിമാനവുമില്ലാത്ത കർത്തവ്യങ്ങളെ മാത്രം ചെയ്യുന്ന ഒരാൾ എല്ലാ പ്രകാരത്തിലും യോഗ്യനാണ്. നിസംഗനും നിഷ്കാമനും ആത്മലക്ഷ്യത്തോടുകൂടിയവനുമായ ഒരാൾ യോഗിയോ സന്യാസിയോ ആണെന്നു പറയാം.

ഒരു ജ്ഞാനിയായി തീരാൻ വേണ്ടത്ര സാധനകളോ സംസ്ക്കാരങ്ങളോ ഒരു യോഗിക്ക് ആവശ്യമില്ല. യോഗം കൊണ്ട് പരമ ലക്ഷ്യത്തെ പ്രാപിക്കുകയും ചെയ്യാം. എന്നാൽ ആത്മസാധനകളിൽ ഏറ്റവും സുഗമവും വേഗത്തിൽ ഫലപ്രാപ്തിയുള്ളതുമായ സാധന യോഗമാണെന്ന് വിചാരിക്കരുത്.

അദ്ധ്യാത്മികമായ ഏതൊരു അനുഷ്ഠാനത്തിനും ചിത്തശുദ്ധി അവശ്യം ഉണ്ടായിരിക്കേണ്ടതാണ്. വിഷയ നിവൃത്തമായ ചിത്തം കൊണ്ടുമാത്രമേ അദ്ധ്യാത്മ സാധനകൾ ചെയ്യാൻ കഴിയു. കരണങ്ങൾ പവിത്രമായ ഒരാൾക്ക്‌ സന്യാസ യോഗവും ഒന്നുതന്നെയാണ്. സങ്കൽപ്പങ്ങൾ അവസാനിക്കാതെ യോഗിയോ സന്യാസിയോ ഒന്നുമാവില്ല. വിഷയ സങ്കൽപ്പങ്ങൾ ഇല്ലാതായാൽ യോഗസാധനകൾ എളുപ്പമാണ്.

കർമ്മയോഗത്തിന്റെ ശരിയായ അനുഷ്ഠാനം കൊണ്ടാണ് വാസനകൾ ക്ഷയിക്കുകയും കരണങ്ങൾ അടങ്ങുകയും ചെയ്യുന്നത്. അപ്പോൾ യോഗാനുഷ്ഠാനത്തിനുള്ള സാദ്ധ്യതയും ഒരാളിൽ ഉണ്ടാകുന്നു. യോഗം യോഗത്തിനുവേണ്ടിയല്ല. ചിത്തശാന്തിക്കും വസ്തുപ്രാപ്തിക്കും വേണ്ടിയാണ്. വേണ്ടപോലെ അഭ്യസിക്കുന്ന ഒരാൾക്ക്‌ കാലംകൊണ്ട് ഇത് സാധിക്കും. ഇന്ദ്രിയങ്ങളും മനസ്സും വിഷയങ്ങളിൽ നിന്ന് നിവർത്തിച്ച് അടങ്ങുമ്പോൾ അവൻ യോഗി. യോഗിക്ക് വൈഷയിക സങ്കല്പമുണ്ടാകരുത്. അപ്പോൾ അവൻ സംസാര നിവർത്തനല്ല. സംസാരനിവർത്തനായിരിക്കണം യോഗി.

അജ്ഞാന ഗർത്തത്തിൽ നിന്ന് തന്നെ രക്ഷിക്കുവാൻ താനല്ലാതെ മറ്റാരുമില്ല എന്ന് കരുതുക. തന്റെ ബന്ധുവും ശത്രുവും താൻതന്നെയാണ്. ബാഹ്യവും ആഭ്യന്തരവുമായ കരണങ്ങളെ അടക്കി തത്ത്വത്തെ ഉപാസിക്കുന്നവൻ തനിക്ക് നന്മയെ ചെയ്യുന്ന ബന്ധു. അങ്ങനെ ചെയ്യാതെ വിഷയാലുവായി കഴിയുന്നവൻ തനിക്കുതന്നെ ആപത്തിനെ ഉണ്ടാക്കുന്ന ശത്രു. ശത്രുവായിട്ടല്ല; തനിക്കു താൻ തന്നെ ബന്ധുവായിട്ടാണ് ജീവിക്കേണ്ടത്.

കരണങ്ങളുടെ വൃത്തിയും വികാരങ്ങളുമാണ് രാഗദ്വേഷങ്ങൾക്കും സുഖദുഃഖങ്ങൾക്കും എല്ലാം ഹേതു. എല്ലാം സങ്കല്പങ്ങളാണ്. വൃത്തികളടങ്ങുമ്പോൾ എല്ലാം സങ്കല്പങ്ങളും ദ്വന്ദപീഢകളും അടങ്ങും, അവസാനിക്കും. പക്ഷെ വൃത്തികൾ അടങ്ങണമെങ്കിൽ കരണങ്ങൾ തന്നെ അടങ്ങണം. ചിത്തം വികസിച്ചിരിക്കുമ്പോൾ വൃത്തികൾ ഉണ്ടാകും. അതിനാൽ പുറത്തുള്ള ഇന്ദ്രിയങ്ങളേയും അകത്തുള്ള ചിത്തത്തേയും അടക്കണം എങ്കിലേ സമാധാനം കിട്ടു.

ധാർമ്മികനും സദാചാരനിഷ്ഠനുമായ ഒരാൾക്കേ യോഗാനുഷ്ഠാനത്തിന് അധികാരിയാകാൻ കഴിയു. ഗൃഹകുടുംബാദികളെ വിട്ട് ആചാര്യനു കീഴിൽ നിസംശയനായ ഒരാൾക്കു മാത്രമേ യോഗാനുഷ്ഠാനത്തിന് അധികാരിയാകാൻ പറ്റു.  

ഭാര്യയോട് എല്ലാ കാര്യവും തുറന്നു പറയുന്നതാണ് നല്ലത്

വിവാഹമെന്നത് കണ്ടവന്റെ മകളെ വീട്ടിൽ വിളിച്ചുകൊണ്ടുവന്ന് ഊണും ഉടുപ്പും ഒക്കെ കൊടുത്തു വളർത്തുന്ന ഭ്രാന്തൻ ആചാരമാകുന്നു.

********************

ഭാര്യയുടെ കത്ത് പൊളിക്കാനുള്ള അധികാരം നിയമപ്രകാരം ഭർത്താവിന് കിട്ടിയിട്ടുണ്ട്. പക്ഷേ അതിനു വേണ്ടുന്ന ധൈര്യം ഇനിയും അയാൾക്ക്‌ കിട്ടിയിട്ടില്ല.

********************

ഭാര്യയോട് എല്ലാ കാര്യവും തുറന്നു പറയുന്നതാണ് നല്ലത്. പക്ഷേ അത് ബാക്കി വല്ലവരും അവളോട്‌ പറയുന്നതിന് മുമ്പായിരിക്കണം.

********************

ജനസ്വാധീനമുള്ള ഒരാളായി തീരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ രണ്ടു കാര്യങ്ങൾ ക്ഷമയോടെ കേൾക്കാൻ നിങ്ങൾ തയ്യാറായാൽ മതി.

(1).ഒരു ഭർത്താവ് തന്റെ ഭാര്യയെ കയ്യും കണക്കുമില്ലാതെ പ്രശംസിക്കുന്നത്.

(2). ഒരു ഭാര്യ അവളുടെ ഭർത്താവിനെപ്പറ്റി ഇടതവില്ലാതെ ആവലാതി പറയുന്നത്.

********************

നാം സ്നേഹിക്കപ്പെടുന്നു എന്നുള്ള വിശ്വാസമാണ് നമുക്ക് ജീവിതത്തിൽ ഏറ്റവും വലിയ ആനന്ദം തരുന്നത്.

ക്ഷേത്രത്തിന്റെ അഭിവൃദ്ധിയ്ക്ക് അഞ്ചുകാര്യങ്ങൾ അനുഷ്ഠിക്കണം

പുരാതനവും പരിപാവനവുമായ ഹിന്ദു സംസ്ക്കാരത്തിന്റെ നിലനിൽപ്പിന് ക്ഷേത്രങ്ങൾ നിലനിൽക്കേണ്ടതാണ്. ജനഹൃദയങ്ങളിൽ ഉറച്ചുപോയ അജ്ഞാനവും അതുമൂലമുണ്ടാകുന്ന ദുഃഖവും അസ്വസ്ഥതയും വിദ്വേഷവും നീങ്ങി ജ്ഞാനവും സുഖവും പ്രേമവും സമാധാനവും വർദ്ധിക്കാൻ ക്ഷേത്രങ്ങളും ക്ഷേത്രാരാധനകളും നിലനിൽക്കണം. ക്ഷേത്രത്തിന്റെ അഭിവൃദ്ധിയ്ക്ക് അഞ്ചുകാര്യങ്ങൾ അനുഷ്ഠിക്കണമെന്ന് പറയുന്നുണ്ട്.

(1). ആചാര്യന്റെ (പൂജാരിയുടെ) തപസ്സ് (ബ്രഹ്മചര്യം)

(2). ജപം (വേദജപം, സഹസ്രനാമം, പുരാണപാരായണം)

(3). നിയമങ്ങൾ (വിധി അനുസരിച്ച് കൃത്യ സമയങ്ങളിലുള്ള പൂജാകർമ്മങ്ങൾ)

(4). ഉത്സവം (ചടങ്ങുകൾ അനുസരിച്ചുള്ള ഉത്സവാഘോഷങ്ങൾ)

(5). അന്നദാനം

മേൽപ്പറഞ്ഞവ ക്ഷേത്രത്തിൽ നടന്നിരിക്കണം. 

ഗീത ഒരു പഠനം - 07

യജ്ഞം ബ്രഹ്മപ്രാപ്തിക്കു കാരണമായിത്തീരണം. ഒരിക്കലും അത് വിഷയഭുക്തിക്ക് കാരണമായിത്തീരരുത്. ഏതൊരുഫലവും യജ്ഞം കൊണ്ട് സാധിക്കാമെങ്കിലും പ്രഹ്മപ്രാപ്തിയാണ് മഹത്തായിട്ടുള്ളത്. ഫലമെന്നതിനാൽ അതു തന്നെയാണ് യജ്ഞാചരണം കൊണ്ട് സാധിക്കേണ്ടത്. അല്ലാതെ ഫല സങ്കല്പത്തോടു കൂടിയാണ് യജ്ഞം ചെയ്യുന്നതെങ്കിൽ അത് കർമ്മത്തിന്റെ ഒരു വകഭേദം മാത്രമേ ആവുന്നുള്ളു. യജ്ഞമെന്ന പേരിന് അത് അർഹമല്ല.

ജ്ഞാനമാണ് ഏറ്റവും ശ്രേഷ്ഠം. എല്ലാം ഉണ്ടായത് ജ്ഞാനത്തിൽ നിന്നാണ്. എല്ലാം അറിയപ്പെടുന്നതും ജ്ഞാനം കൊണ്ടാണ്. പരമാത്മാവിന്റെ സ്വരൂപമാണ് ജ്ഞാനം. കർമ്മവും യജ്ഞവും യോഗവും തപസ്സും എല്ലാം ജ്ഞാനത്തെ പ്രകാശിപ്പിക്കുവാൻ പറ്റുന്നതാവണം. എങ്കിലെ അവ ശ്രേയസ്സ്കരമാകു. ഇല്ലെങ്കിൽ അവയും ദുഃഖകാരണങ്ങൾ മാത്രമാകുന്നു. അതിനാൽ വിവേകത്തോടുകൂടി വേണം എന്തിനേയും ചെയ്യാൻ.

കർമ്മങ്ങൾ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരുപോലെയാണ്. കർത്തൃത്വബുദ്ധിയുണ്ടെങ്കിൽ ചെയ്താലും ഇല്ലെങ്കിലും ബന്ധമുണ്ട്. അതിനാൽ കർത്തൃഭാവത്തെ അകറ്റുക. ആത്മബോധംകൊണ്ടേ അത് അകന്നുപോകു. കർത്തൃത്വഭാവം നീങ്ങി പ്രജ്ഞയ്ക്ക് ശുദ്ധിയുണ്ടാകുമ്പോൾ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരു പോലെയാണ്. അപ്പോൾ തനിക്കൊന്നും ആവശ്യം ഇല്ലെന്നുവരും. തനിക്കൊന്നും ചെയ്യാനും ചെയ്യാതിരിക്കാനും ആഗ്രഹമില്ലെന്ന് വരും. രാഗദ്വേഷങ്ങൾ മനസ്സില് നിന്ന് നീങ്ങും. ഈ അവസ്ഥയിലും ചെയ്യാതിരിക്കുന്നതിലും ഭേദം ചെയ്യുന്നതാണ്. എന്തുകൊണ്ടെന്നാൽ തനിക്ക് ഒന്നും ആവശ്യമില്ലെങ്കിലും പലതും ആവശ്യമുള്ള പലരും ഉണ്ട്. അവരുടെ ക്ഷേമത്തിനുവേണ്ടി  ചിലതു ചെയ്യുന്നത് നല്ലതാണ്. ഒന്നും ചെയ്യാത്ത ഒരാളിൽ നിന്ന് ലോകത്തിന് ഒന്നും പ്രതീക്ഷിക്കാനില്ലല്ലോ? അതുകൊണ്ട് ചിലത് ചെയ്യേണ്ടത് ആവശ്യമാണ്.

ആത്മബോധത്തിൽ ദൃഢതവന്ന ഒരാൾക്ക്‌ കരണങ്ങളെ ചലിപ്പിച്ച് കർമ്മം ചെയ്യുന്നതും  എല്ലാകരണങ്ങളേയും ലയിപ്പിച്ച് സമാധിയിൽ മുഴുകിയിരിക്കുന്നതും ഒരു പോലെയാണ്. അവർക്ക് കർത്തൃത്വമോ ഭോക്തൃത്ത്വമോ ഇല്ല. ഒരു കർമ്മവും അവരെ ബാധിക്കുന്നില്ല.

ആത്മബോധം എന്ന ജ്ഞാനം അവിദ്യയാകുന്ന മറയാൽ മറയപ്പെട്ടിരിക്കുന്നു. വിവേകം കൊണ്ട് അവിദ്യ എന്ന ആവരണത്തെ നീക്കുമ്പോൾ ആത്മബോധംകൊണ്ട് ഭേദഭാവങ്ങൾ നീങ്ങും.

കാലം, ദേശം, കർത്താവ്, കർമ്മം, ഭോജ്യം തുടങ്ങിയവയിളുള്ള നാനത്ത്വഭാവമാണ് സുഖ ദുഃഖങ്ങളുടേയും രാഗദ്വേഷങ്ങളുടേയും കല്പനയ്ക്കുള്ള ഹേതു ആത്മബോധമാകുന്ന പ്രജ്ഞാന പ്രകാശത്തിൽ നാനത്വം നീങ്ങി ഏകമായ സത്യം തെളിയും അപ്പോൾ അയാൾക്ക്‌ സുഖ ദുഃഖങ്ങളോ പുണ്യപാപങ്ങളോ രാഗദ്വേഷങ്ങളോ ഒന്നുമില്ല. എല്ലാ വിധ ദ്വന്ദഭാവങ്ങൾക്കും അതീതനാണ് ജ്ഞാനി.

കാരണങ്ങളുടെ, കർമ്മങ്ങളുടെ, പദാർത്ഥങ്ങളുടെ ചേർച്ചയിൽ സുഖിക്കാൻ വെമ്പുന്നവരാണ് സാധാരണക്കാർ. ജഡങ്ങളുംഅസത് സ്വരൂപങ്ങളായ അവയുടെ ചേർച്ച ആത്മാവാകുന്ന സുഖ സ്വരൂപത്തെ മറയ്ക്കാൻ മാത്രമേ കാരണമാകുന്നുള്ളൂ. അതിനാൽ കരണങ്ങളിൽ അഭിമാനിച്ച്, കർമ്മം ചെയ്ത്, വിഷയങ്ങളെ അനുഭവിക്കുന്നവൻ മിക്കപ്പോഴും ദുഃഖിക്കറാണ് പതിവ്. സുഖ സ്വരൂപത്തിന്‌ മറവുണ്ടാക്കുന്നവയെ സുഖമെന്നുകരുതിയാൽ അതുതന്നെ സംഭവിക്കും. ആത്മാവിൽ സുഖിക്കുന്നവന് സുഖിക്കുവാൻ മറ്റൊന്നിന്റെയും ആവശ്യം ഇല്ല. 

നല്ല ഭർത്താവിനെ കിട്ടിയാൽ ഭാര്യ തന്റെ ഭാഗ്യത്തെ പ്രശംസിക്കുന്നു

ഒരു സ്ത്രീ പ്രേമത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പ്; അവൾക്ക് സംസാരത്തോട് വളരെ പ്രേമം ഉണ്ട്.

******************

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ഒന്നുകിൽ എല്ലാം അറിഞ്ഞിരിക്കണം അല്ലെങ്കിൽ ഒന്നും അറിഞ്ഞിരിക്കരുത്.

******************

വിവാഹത്തിനുമുമ്പ് കണ്ണുകൾ നല്ലപോലെ തുറന്നു പിടിക്കുക. വിവാഹത്തിനുശേഷം കണ്ണുകൾ പാതി അടക്കുന്നതാണ് ഉത്തമം.

******************

പുരുഷൻ വിവാഹത്തിനു സമ്മതിക്കുന്നത് ജീവിതത്തെപ്പറ്റി മടുപ്പു തോന്നിയിട്ടാണ്. സ്ത്രീകൾ ജിജ്ഞാസകൊണ്ടും. ഫലം? രണ്ടു കൂട്ടർക്കും നിരാശ.

******************

ഒരു നല്ല ഭർത്താവിനെ കിട്ടിയാൽ ഭാര്യ തന്റെ ഭാഗ്യത്തെ പ്രശംസിക്കുന്നു. ചീത്ത ഭർത്താവിനെ കിട്ടിയാൽ അവൾ അവളുടെ വിധിയെ പഴിക്കുന്നു.

******************

ഭാര്യ എന്നത് ബുദ്ധിമുട്ടുകളുടെ കൂട്ടലും ദ്രോഹങ്ങളുടെ പെരുക്കലും കയ്യിലിരുപ്പു പണത്തിന്റെ കുറയ്ക്കലും ചെങ്ങാതിത്തുകയുടെ ഹരിക്കലും ആകുന്നു.

പ്രതിഷ്ഠ, തന്ത്രി

പ്രതിഷ്ഠ നടത്തുന്ന ആചാര്യന്റെ ഇച്ഛാശക്തിയും ക്രിയാശക്തിയുമാണ് പ്രതിമയിൽ പ്രതിഫലിക്കുന്നത്. ഒരു പ്രതിമയുടെ ആചാര്യസ്ഥാനം തന്ത്രിയ്ക്കാണ്. തന്റെ തപഃശക്തിയും മന്ത്രശക്തിയും ഉപയോഗിച്ച് തന്നിലുള്ള ഈശ്വരാംശത്തെ പോഷിപ്പിച്ച് അതിന് ഇഷ്ടദേവതാരൂപം സങ്കൽപ്പിച്ച് പ്രതിമയിലേയ്ക്ക് പകരുകയാണ് ചെയ്യുന്നത്. ഇത് നിസ്സാരകാര്യമല്ല, പ്രതിമയിലേയ്ക്ക് ചൈതന്യം പകരാൻ സാധിക്കാതെ വന്നാൽ പ്രാണപ്രതിഷ്ഠാമന്ത്രം ജപിച്ച് സ്വന്തം പ്രാണനെതന്നെ സമർപ്പിച്ച്‌ പ്രതിഷ്ഠ നടത്തും. പ്രാണപ്രതിഷ്ഠാമന്ത്രം ശാരദാതിലകം ഇരുപത്തിരണ്ടാം പടലത്തിലുണ്ട്. വടകര താലൂക്കിൽ കടമേരി ക്ഷേത്രപ്രതിഷ്ഠയെപ്പറ്റി ഇത്തരം ഒരു ഐതീഹ്യമുണ്ട്.

യോഗചര്യകൾ 4 വിധമാണ്.
(1). അഷ്ടാംഗ യോഗം (പാതഞ്ജലം),
(2). യന്ത്രയോഗം
(3) ഹഠയോഗം
(5). ലയയോഗം.

ഇതിൽ യന്ത്രയോഗമാണ് താന്ത്രികകർമ്മങ്ങൾക്ക് നിദാനം. ഷഡാധാരചക്രങ്ങളും ബ്രഹ്മരന്ധ്രവും ഇഢ, പിംഗല, സുഷുമ്ന എന്നീ നാഡീത്രയങ്ങളും ഒരു സാധകൻ എപ്രകാരം പ്രയോജനപ്പെടുത്തുന്നുവോ അതേ തത്ത്വം തന്നെയാണ് പ്രതിമാപൂജയ്ക്കും അവലംബം. പൂജയിലൂടെ കുണ്ഡലിനീശക്തിയെ ഉണർത്തി ഉയർത്തി ബ്രഹ്മരന്ധ്രത്തിലെത്തിക്കുമ്പോഴേക്കും ദേവചൈതന്യം പ്രതിമയിൽ പൂർണ്ണമാകുന്നു. മന്ത്രശക്തിയും സാധനയും ഒത്തിണങ്ങിയ ഒരാൾക്കേ ഇതു ചെയ്യുവാൻ കഴിയു. 

ഗീത ഒരു പഠനം - 06

നിന്റെ ശത്രു പുറത്തുള്ള മറ്റാരുമല്ല. നീ തന്നെയാണ്. നിന്നിൽ തന്നെയുള്ള അവിദ്യയാണ് നിന്റെ ശത്രു. ഉള്ളിലുള്ള അവിദ്യയെ ജയിക്കാത്ത കാലത്തോളം ഒരുവൻ പരാജിതൻ തന്നെ . സത്യത്തെ അറിഞ്ഞ് അവിദ്യയെ ജയിച്ച് ധർമ്മത്തെ ആചരിക്കു ഇതാണ് ശരിയായ കർമ്മയോഗം.

സാധാരണ ജീവികൾ കർമ്മപ്രേരണകൊണ്ടും കർമ്മഫലഭുക്തിക്കും വേണ്ടിയാണ് ജനിക്കുന്നത്. കർമ്മം, ഭക്തി, ജ്ഞാനം, തപസ്സ് എന്നീ അഭ്യാസങ്ങളിൽ കൂടി കാലംകൊണ്ട് അവിദ്യയെ ജയിച്ച് താനാകുന്ന പരമാത്മാവിനെ അറിയുകയും പ്രാപിക്കുകയും ചെയ്യാം. പരിശുദ്ധമായ ഏത് സംസാകരത്തിൽകൂടിയും ഒരാൾക്ക് ആത്മസത്തയെ അറിയുകയും പ്രാപിക്കുകയും ചെയ്യാം.

എങ്കിലും മനുഷ്യൻ ഇഷ്ടപ്പെടുന്നത് കർമ്മത്തെയാണ് കർമ്മത്തെയാണ്. കർമ്മത്തെ നിരസിച്ചുകൊണ്ടുള്ള ഒരു സംസ്ക്കാരത്തേയും മനുഷ്യർ ഇഷ്ടപ്പെടുന്നില്ല. എന്നുതന്നെയുമല്ല കർമ്മത്തിന് ഫലം വേണമെന്ന് അവർ ആഗ്രഹിക്കുന്നു. ഏതൊരു അനുഭവവും കർമ്മഫലമാണെന്നും കർമ്മത്തിനെ ഫലമുള്ളു എന്നും അവർ വിശ്വസിക്കുന്നു. അഭീഷ്ടകാര്യങ്ങൾ കർമ്മംകൊണ്ട് സാധിക്കാമെന്നും മറ്റൊന്നുകൊണ്ടും കഴിയില്ലെന്നും അവർ വിശ്വസിക്കുന്നു.

ഈ കാരണത്താൽ അനേക കർമ്മപരമ്പരകൾ മനുഷ്യർക്കിടയിൽ ഉണ്ടായി. ഭിന്നസങ്കല്പങ്ങളും ഭിന്നഫലങ്ങളും പ്രതീക്ഷിക്കുന്നവരും ഭിന്നകർമ്മങ്ങൾ ചെയ്തപ്പോൾ ഭിന്ന സംസ്ക്കാരങ്ങൾ ഉണ്ടായി.

ഈ ലോകത്തിന്റെ മൂലകാരണം ഈശ്വരൻ ആകയാൽ ഈ ലോകത്തിലെ ചെറുതും വലുതുമായ എല്ലാ കർമ്മങ്ങളുടേയും കർത്തൃത്വം ഭഗവാൻ തന്നെയാണ്. അന്യോന്യ വിരുദ്ധങ്ങളായ കർത്തൃത്വങ്ങൾ ഭഗവാനിൽ നിലനിൽക്കുന്നു. ഇത് വേണ്ടപോലെ അറിഞ്ഞാൽ നിങ്ങൾക്ക് കർമ്മബന്ധങ്ങളിൽ നിന്ന് നിവൃത്തനും മുക്തനുമായിത്തീരാം. പണ്ടുള്ള ബുദ്ധിമാന്മാർ അങ്ങനെയാണ് കർമ്മം ചെയ്ത് ജീവിച്ച് അവസാനം കർമ്മമുഖന്മാരായി മാറിയത്.

കർമ്മം, അകർമ്മം, വികർമ്മം ഇവയുടെ നിഗമനത്തിൽ ബുദ്ധിമാന്മാർക്കുപോലും അമളിപറ്റും അതുകൊണ്ടാണ് അനിഷ്ടങ്ങളായ കർമ്മഫലങ്ങളെ അവരും അനുഭവിക്കേണ്ടിവരുന്നത്. ധാർമ്മികങ്ങളായ കർത്തവ്യകർമ്മങ്ങളെ മാത്രം ചെയ്തിരിക്കുന്നുവെങ്കിൽ, ആ കർമ്മങ്ങളിൽ ആഗ്രഹങ്ങളും ഫലസങ്കൽപ്പങ്ങളും ഉണ്ടാകാതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഒരു കുഴപ്പവും വരികയില്ലായിരുന്നു. ഇതിന് ആത്മസ്വരൂപത്തെ തിരിച്ചറിയണം. പ്രപഞ്ചത്തിൽ നിരപേക്ഷകത്വം സാധിച്ചിരിക്കണം. ഇല്ലെങ്കിൽ എത്രയൊക്കെ അടക്കിയാലും മനസ്സ് എന്തെങ്കിലുമൊക്കെ ആഗ്രഹിച്ചുകൊണ്ടിരിക്കും. നിരപേക്ഷകനായി ഫലസങ്കല്പമില്ലാതെ കർമ്മം ചെയ്‌താൽ ബന്ധം ഉണ്ടാവുകയില്ല. അപ്പോൾ ആ കർമ്മം അകർമ്മ യജ്ഞമായിമാറും. 

ഒരു തലയിണ എടുക്കു

യഥാർത്ഥ സ്നേഹം തലയിണപോലെയാണ്. പ്രശ്നങ്ങളിൽ നിങ്ങളുടെ മനസ്സ് പതറുമ്പോൾ നിങ്ങൾക്ക് അതിനെ ചേർത്തുപിടിക്കാം. വേദനിക്കുമ്പോൾ മുഖം ചേർത്ത് നിങ്ങൾക്കതിൽ കണ്ണുനീർ തൂകാം. ആനന്ദം കൊണ്ട് നടക്കാൻ വയ്യാതാകുമ്പോൾ അത്യാവശ്യം അതിനെ ഒന്ന് ആലിംഗനവും ചെയ്യാം. അതുകൊണ്ട് നിങ്ങൾക്ക് യഥാർത്ഥ സ്നേഹം വേണമെന്ന് തോന്നുമ്പോൾ " ഒരു തലയിണ എടുക്കു!"

********************

വളരെ പുരുഷന്മാർക്ക് മനസ്സിന് അസുഖം കൊടുത്തെങ്കിൽ മാത്രമേ ഒരു സ്ത്രീ സുന്ദരിയാണെന്ന് പറയാൻ പറ്റു.

********************

ഒരു സ്ത്രീ സുന്ദരിയല്ലെങ്കിൽ ചെറുപ്പമായതുകൊണ്ട് കാര്യമില്ല. ചെറുപ്പമല്ലെങ്കിൽ സുന്ദരിയായതുകൊണ്ടും കാര്യമില്ല.

********************

ഒരു സ്ത്രീ ഭദ്രമായി തന്റെ ആഭരണങ്ങൾ ഒക്കെ അണിയുന്നത് തനിക്ക് ഇഷ്ടപ്പെട്ട പുരുഷനെ കാണാൻ പോകുമ്പോഴാണ് എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. തന്നോട് ഉള്ളാലെ രസമില്ലാത്ത മറ്റൊരുവളെ കാണാൻ പോകുമ്പോഴാണ് എന്നത് നേര്!

*******************

ഇപ്പോഴത്തെ സ്ത്രീകളെ കണ്ടാൽ അവർക്കുള്ള വയസ്സ് മതിക്കില്ല. എന്നാൽ അവരുടെ നാട്യമോ, മതിക്കുന്ന വയസ്സിനും വളരെ കുറവാണെന്ന്!

പരബ്രഹ്മം തന്നെയാണ് വിവിധ രൂപം ധരിച്ച ദേവീദേവന്മാരായി പരിണമിക്കുന്നത്

ബ്രഹ്മം കേവലം ചിന്മയമാണ്. ഏകനാണ്, കലകളില്ല. ശരീരവുമില്ല. എങ്കിലും ഉപാസകരുടെ ആവശ്യത്തിന് രൂപനാമങ്ങൾ കല്പിക്കപ്പെടുന്നു. നാമരൂപങ്ങൾ ഉപാസകന്റെ മനസ്സിൽമാത്രമാണ് ഉള്ളത്. ഈശ്വരനിൽ ഇല്ല. പ്രതിമകളിലെ ചൈതന്യത്തെ " ആർച്ചാവതാരം " എന്ന് വിശേഷിപ്പിക്കുന്നു. പരബ്രഹ്മം തന്നെയാണ് വിവിധ രൂപം ധരിച്ച ദേവീദേവന്മാരായി പരിണമിക്കുന്നത്. ഈശ്വരൻ ഒന്നു മാത്രമേയുള്ളു. ഉപാസകരുടെ രുചിഭേദങ്ങൾ അനുസരിച്ച് ബഹുരൂപങ്ങളായി സങ്കൽപ്പിക്കുന്നു എന്നു മാത്രം. " സർവ്വ ദേവ നമസ്ക്കാരം കേശവം പ്രതി ഗച്ഛതി " ഏതു ദേവനെ നമസ്ക്കരിചാലും ആ നമസ്ക്കാരം ബ്രഹ്മത്തിൽ എത്തിചേരുന്നു. ദേവപൂജയിലൂടെ ഇഷ്ടദേവതാപ്രീതി സമ്പാദിക്കാം.

ഗീത ഒരു പഠനം - 05

"രജോഗുണം" എന്ന ഒരു തത്വം എല്ലാവരുടേയും ബുദ്ധിയിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. അപകടകാരിയായ ആ തത്വമാണ് എല്ലാവരേയും വഴിപിഴപ്പിക്കുന്നത്. എല്ലാവരുടേയും ഏറ്റവും വലിയ അജ്ഞാതശത്രു ഇതേ രജോഗുണം തന്നെയാണ്. രാഗദ്വേഷങ്ങളും കാമക്രോധങ്ങളുമാകുന്ന വികാരങ്ങളൊക്കെതന്നെ ഈ രജോഗുണത്തിന്റെ പ്രേരണകൊണ്ട് ഉണ്ടായിത്തീരുന്നവയാണ്. എല്ലാവിധ പാപങ്ങളെ ചെയ്യിക്കുന്നതും ഈ രജോഗുണമാണ്. പുകയാൽ അഗ്നി എന്നപോലെ ഈ രജോഗുണത്താൽ എല്ലാവരുടേയും ബോധം മറയപ്പെട്ടിരിക്കുന്നു. അതിനെ അകറ്റിയാൽ സത്യത്തെ തിരിച്ചറിയാൻ കഴിയും.

ഈ ലോകം ശബ്ദം, സ്പർശം, രൂപം, രസം ഗന്ധം എന്നീ പഞ്ചവിഷയങ്ങളുടെ സംഘാതമാന്. അതിനെ കണ്ണ്‌, നാസിക, ചെവി, നാവ്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾ അറിയുന്നു. ലോകം ഇന്ദ്രിയങ്ങളുടെ ദൃശ്യവും ഇന്ദ്രിയങ്ങൾ ലോകത്തിന്റെ ദ്രഷ്ടാവുമാണ്. ഇന്ദ്രിയങ്ങൾ മനസ്സിന്റെ ദൃശ്യവും മനസ്സ് ഇന്ദ്രിയങ്ങളുടെ ദ്രഷ്ടാവുമാണ്. മനസ്സിന്റെ ദ്രഷ്ടാവാണ് ബുദ്ധി. ബുദ്ധിയുടേയും ദ്രഷ്ടാവാണ് ആത്മാവ്. ആത്മാവിനെ അറിയുന്ന മറ്റൊരു ദ്രഷ്ടാവില്ല. അതിനാൽ ആത്മാവ് പരമദ്രഷ്ടാവ്. അതിനാൽ ആത്മാവ് സത്യം. ഈ ആത്മാവിന്റെ ചൈതന്യമാണ് എല്ലാ അചേതന സചേതന വസ്തുക്കളിലും വിളയാടുന്നത്.

ആത്മാവിന് സ്വന്തം വിസ്മൃതികൊണ്ട് തന്നിൽ തന്നെ തോന്നപ്പെടുന്ന ഭ്രമസ്വരൂപങ്ങളാണ് ശരീരാദികരണങ്ങളെല്ലാംതന്നെ. അതുകൊണ്ട് താനാകുന്ന സത്യത്തെ അറിഞ്ഞ് ആ അറിവിനെ മായ്ക്കുന്ന കാമാദിവികാര സ്വരൂപമായ അവിദ്യയാകുന്ന തന്റെ ശത്രുവിനെ ജയിക്കലാകുന്നു പൗരുഷം. ബുദ്ധിപൂർവ്വമായ പ്രവൃത്തിയും അതുതന്നെ. 

ഭർത്താവ് നിങ്ങളോട് ഒച്ചയിടുമ്പോൾ

എന്താണ് പ്രേമം? അനുരാഗമോ, അടിയറവോ. 
ആത്മാർപ്പണത്തോടു കൂടിയ ശരണാഗതിതന്നെയാണ് പ്രേമം. പൂവ് പ്രിയനായ വണ്ടിനോട് ചോദിക്കുന്നു:

നേരു കഥിക്കണ മങ്ങു വിളിക്കെയെൻ-
പേരു മധുരമായ് തീരുവതെങ്ങനെ?

അതെ, പൂവിന്റെ ആ തോന്നലിലാണ് പ്രേമം നുരയിടുന്നത്. ഈ പ്രേമം എന്തിനുവേണ്ടിയാണ്. " സ്നേഹത്തിൽ നിന്നല്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ. സ്നേഹതിൻഫലം സ്നേഹം. ജ്ഞാനത്തിൻ ഫലം ജ്ഞാനം", കവി, കാമുകൻ, ഭ്രാന്തൻ മൂന്നും കണക്കാണ്. ഒരു വ്യത്യാസവുമില്ല.

*****************

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരെങ്കിലുമൊക്കെ ഉള്ളതുകൊണ്ടാണ് നാം ജീവിക്കുന്നത്. ഇല്ലെങ്കിൽ നാം മരണത്തെക്കുറിച്ച് ചിന്തിക്കും. നമ്മളെ ആർക്കൊക്കെയോ ആവശ്യമുണ്ട്. നമുക്കും ആരെയൊക്കയോ ആവശ്യമുണ്ട്. ജീവിതം തുടരുന്നത് അവിടെനിന്നാണ്.

*******************

ഭർത്താവ് നിങ്ങളോട് ഒച്ചയിടുമ്പോൾ അതിനെ നിങ്ങൾ തീരെ അങ്ങു തള്ളികളയണ്ട. കാരണം അതിൽ 99% ഒച്ചയും ഒരുശതമാനം ഉപദേശവും അടങ്ങിയിട്ടുണ്ട്.

ക്ഷേത്രം എന്താണ്?

ഗൃഹങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ദേവയജ്ഞം പൂജാരൂപത്തിലായി പൊതുജനങ്ങളുടെ ഉപകാരാർത്ഥം ക്ഷേത്രങ്ങളായി വികസിച്ചു. ക്ഷേത്ര നിർമ്മാണം പൂർത്തധർമ്മത്തിൽപ്പെട്ടതാണ്. അഗ്നിഹോത്രം ഇഷ്ടധർമ്മവും രണ്ടും ചേർന്നാൽ ഇഷ്ടപൂർത്തമാകും. പൂജയിൽ നാം സാക്ഷാൽ ഈശ്വരനെയല്ല പൂജിക്കുന്നത്. ഓരോ ഉപാസനാമൂർത്തിയ്ക്കും നാമരൂപങ്ങൾ കല്പിച്ച് പ്രതിമകൾ നിർമ്മിച്ച്‌ ആരാധിക്കുകയാണ് ചെയ്യുന്നത്. ഭക്തിയിലെ "അർച്ചനം" എന്ന ഭാവമാണ് പൂജയായി മാറിയത്. പ്രഹർഷേണയുള്ള അർച്ചനയാണ് പ്രാർത്ഥന. ശരിയായ നിശബ്ദതയാണ്. വിശേഷരൂപത്തിൽ ഊർജ്ജത്തെ സ്വീകരിക്കുവാൻ സാധിക്കുന്നതാണ് വിഗ്രഹം. ചൈതന്യവർത്തായി നിൽക്കുന്നതാണ് പ്രതിഷ്ഠ. യാഗശാലയിൽ അഗ്നികുണ്ഠത്തിന്റെ സ്ഥാനമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠയുടെ സ്ഥാനം. ക്ഷേത്രം എന്നാൽ "ക്ഷയാൽ ത്രായതേ ഇതി ക്ഷേത്രം" അതായത് നാശത്തിൽ നിന്ന് രക്ഷിക്കുന്നത് ക്ഷേത്രം എന്ന് ആഗമ ശാസ്ത്രത്തിൽ ശിവ പൂജയെപ്പറ്റിയും സംഹിതാശാസ്ത്രത്തിൽ വിഷ്ണുപൂജയെപ്പറ്റിയും ശാക്തേയശാസ്ത്രത്തിൽ ദേവീപൂജയെപ്പറ്റിയും പറയുന്നു. പ്രതിമാർച്ചന ഈശ്വരപൂജ തന്നെയാണ്. നാം ആരാധിക്കുന്നത് കല്ലുകൊണ്ടോ ലോഹംകൊണ്ടോ ഉള്ള പ്രതിമയിലാണെങ്കിലും ആ സമർപ്പണം ഈശ്വരനിൽ എത്തുന്നു. അഗ്നിയിൽ ഹോമിക്കുന്ന ഹവിസ്സ് അനേകം പരിണാമങ്ങൾക്ക് പാത്രമായി അന്നമയകോശമായി ത്തീരുന്നു. 

ഗീത ഒരു പഠനം - 04

സ്ഥിത പ്രജ്ഞനും സാധാരണ മനുഷ്യനും കാഴ്ചയിൽ ഒരുപോലെതന്നെയാണ്. സംസ്ക്കാരത്തിലും അനുഭവത്തിലും മാത്രമേ വ്യത്യാസമുള്ളു. സാധാരണ മനുഷ്യർ ശരീരാദികരണങ്ങളെ " ഞാൻ " എന്നും "എന്റെ" എന്നും പറഞ്ഞ് അഭിമാനിക്കും. അവയുടെ വൃത്തികൾ തന്റെ വ്യവഹാരമെന്ന് വിശ്വസിക്കുകയും അവയുടെ വിഷയങ്ങളെ സുഖദുഃഖങ്ങളോടെ അനുഭവിക്കുകയും ചെയ്യുന്നു. വിഷയലാഭത്തിനും വിഷയഭോഗത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുകയും വിഷയലാഭത്തിൽ സന്തോഷിക്കുകയും വിഷയനാശത്തിൽ വ്യസനിക്കുകയും ചെയ്യുന്നു.

എന്നാൽ സ്ഥിതപ്രജ്ഞൻ അങ്ങനെയല്ല. ശരീരാദി കാരണങ്ങൾ ഏതൊരു ചൈതന്യത്തിൽ തോന്നപ്പെടുന്നുവോ ആ ആത്മാവിനെ താനായി കാണുന്നു. അവന് വ്യവഹാരങ്ങളോ വിഷയ ചിന്തയോ രാഗദ്വേഷങ്ങളോ സുഖദുഃഖങ്ങളോ വിഷയാനുഭവങ്ങളോ ഇല്ല. അവൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ധർമ്മാചരണം മാത്രം. അത് മറ്റൊന്നിന്റെയും ലാഭത്തിനും വേണ്ടിയല്ല. ധർമ്മത്തിനും വേണ്ടമാത്രം.

കർമ്മത്തേക്കാൾ ശ്രേഷ്ഠമാണ് ജ്ഞാനം എന്നിരിക്കെ വീണ്ടും കർമ്മം ചെയ്യാൻ എന്തിനാണ് പ്രേരിപ്പിക്കുന്നത് എന്ന് സംശയം തോന്നാം. അതിനാൽ അവയെ ശരിയായിട്ടു മനസ്സിലാക്കുക. കർമ്മനിഷ്ഠയും ജ്ഞാനനിഷ്ഠയും രണ്ടു ശാസ്ത്രങ്ങളാണ്. രണ്ടുവിധ അനുഷ്ഠാന സമ്പ്രദായങ്ങളാണ്. എന്നാൽ അവ ഒരുപോലെ സ്വാതന്ത്രങ്ങളല്ല.

അറിവില്ലാത്ത പ്രവൃത്തിയും പ്രവൃത്തിയോടും കൂടാതെ അറിവും വേണ്ടത്ര പ്രയോജനം ചെയ്യില്ല. ശരിയായ അറിവോട് കൂടിയേ കർത്തവ്യ കർമ്മങ്ങളെ വേണ്ട സമയത്ത് വേണ്ടപോലെ ചെയ്യലാണ് ആവശ്യം.

കർമ്മങ്ങൾ യജ്ഞങ്ങൾ ആയിരിക്കണം. അതായത് കർമ്മങ്ങൾ ജ്ഞാനനിഷ്ഠക്ക് യോജിക്കുന്നവയായിരിക്കണം. അപ്പോൾ കർമ്മ നിഷ്ഠയും ജ്ഞാനനിഷ്ഠയും (ബ്രഹ്മനിഷ്ഠയും) ഒന്നായിത്തീരും. ആത്മസത്തയിൽ പ്രജ്ഞചെന്നെത്തുമ്പോൾ എല്ലാകരണങ്ങളും അവയുടെ വൃത്തികളോടു കൂടി അടങ്ങും. അങ്ങനെ അടങ്ങിയവർ ചെയ്യുന്ന കർമ്മങ്ങൾ യജ്ഞങ്ങളായി മാറും. അതല്ലാത്തവർ മൃഗസമാനമായ പ്രാകൃതകരണ ധർമ്മങ്ങളിൽ മുഴുകി രാഗദ്വേഷങ്ങളെക്കൊണ്ടും സുഖദുഃഖങ്ങളെക്കൊണ്ടും തപിച്ച് ജനനമരണങ്ങളിൽ കൂടി സംസാരസമുദ്രത്തിൽ വട്ടം ചുറ്റും.

സത്യത്തെ അറിയാനും സംതൃപ്തി അടയാനും കൃതാർത്ഥനാകാനും എല്ലാവർക്കും ആഗ്രഹമുണ്ട്. അതിനുവേണ്ടിയാണ് ഓരോ പ്രവർത്തിയുമെന്നാണ് എല്ലാവരുടേയും ഭാവം. പക്ഷേ, അനുഭവം മറിച്ചാവുന്നതുകൊണ്ട് അവരുടെ പ്രവൃത്തി പാപപങ്കിലമായിരുന്നുവെന്ന് വ്യക്തമാകുന്നു. അറിവുള്ളവർക്ക് ഏതോനിയോഗത്തിൽ എന്തിനോവേണ്ടി പാപം ചെയ്യുന്നു. 

പുരുഷന്റെ കഴിവുകേട് സ്ത്രീയും സ്ത്രീയുടെ കൃത്രിമത്വം പുരുഷനും തിരിച്ചറിഞ്ഞു കഴിയുമ്പോൾ

പ്രേമം പണച്ചെലവുകളാൽ ചുറ്റപ്പെട്ട ഇക്കിളിയുടെ കടലാണ്. പുരുഷന്റെ കഴിവുകേട് സ്ത്രീയും സ്ത്രീയുടെ കൃത്രിമത്വം പുരുഷനും തിരിച്ചറിഞ്ഞു കഴിയുമ്പോൾ പ്രേമം ചോർച്ചയുള്ള വിളക്കിന്റെ പ്രകാശംപോലെ മങ്ങി അണയുന്നു. ഒരു വികാരത്തിനും സ്ഥിരതയില്ല. സ്നേഹമാകട്ടെ വെറുപ്പാകട്ടെ ഒന്നും സ്ഥിരമായി നിലനിൽക്കില്ല. മറവി അനുഗ്രഹമാണ്. ബന്ധങ്ങൾ ക്ഷണികവും. ആരാധനാശീലം ഒരുതരം ബലഹീനതയാണ്. അത് ആരേയും ആരുമായും അടുപ്പിക്കുന്നു. സ്നേഹം ഒരുതരം മയക്കുമരുന്നാണ്. ജീവിതത്തിന്റെ സമഗ്രമായ അർത്ഥശൂന്യത മനസ്സിലാക്കി കഴിഞ്ഞ എനിക്ക് ഒന്നേ പറയാനുള്ളു. " ലോകത്ത് ശാശ്വതമായി ഒന്നും നിലനിൽക്കില്ല". ഛേ, അത് ശരിയായില്ലെന്നോ? എങ്കിൽ മാറ്റിപ്പറയാം. " ലോകത്ത് ശാശ്വതമായി ഒന്നുമാത്രം നിലനിൽക്കും; മടുപ്പ്.

******************

മറ്റു ശരീരവ്യാപാരങ്ങളെ തെറ്റായിധരിച്ചതുമൂലം പിൽക്കാലത്ത് മൂല്യശോഷണം വന്ന ഒരു വാക്കാണ്‌ പ്രേമം. ശരിയായ പ്രേമം ദിവ്യവും മഹത്തുമാണ്. അത് നിർവചനങ്ങൾക്ക് അതീതവുമാണ്. അനുഭൂതിമാത്രമായ പ്രേമം വിവരങ്ങൾക്ക് അതീതമാണ്. ചിലപ്പോൾ ചിലർക്ക് പരസ്പരം തോന്നുന്ന ഓമന കൌതുകങ്ങളെ പ്രേമം എന്ന ലേബലിലാണ് പലരും വ്യാഖ്യാനിക്കുന്നത്. കടത്തനാടൻ കളരി വിട്ടിറങ്ങിയ കപടനാട്യക്കാരന്റെ ദുരുദ്ദേശത്തോടുകൂടിയുള്ള കരു നീക്കങ്ങളും പ്രേമം എന്നപേരിലാണ് അറിയപ്പെടുന്നത്.

അഗ്നിഹോത്രം, ദേവയജ്ഞം

പഞ്ചമഹായജ്ഞത്തിലെ ഹോമരൂപത്തിലുള്ള ദേവയജ്ഞമാണ് പിന്നീട് ദേവ പൂജയായി രൂപാന്തരപ്പെട്ടത്. വിവാഹാനന്തരം പത്നീസമേതനായി ആവാഹനീയാദി ശ്രൌതാഗ്നികളിൽ, നേത്രാഗ്നികളിൽ അഗ്ന്യാധാനമെന്ന കർമ്മം നടത്തിയശേഷം ജീവിതാവസാനംവരെ രണ്ടുനേരവും നടത്തുന്ന ഹോമമാണ് അഗ്നിഹോത്രം. 

അഗ്നിഹോത്രം ശൌതയജ്ഞമാണ്. പാകയജ്ഞവിധിപ്രകാരം ലൗകീകാഗ്നി (സാധാരണ അഗ്നി) യിലോ ഔപാസനാഗ്നി (വിവാഹസമയത്ത് ഹോമത്തിന് ഉല്പാദിപ്പിച്ച അഗ്നി) നടത്തുന്ന ഗൃഹകർമ്മമാണ്‌ പഞ്ചയജ്ഞത്തിൽപ്പെടുന്ന ദേവയജ്ഞം. ഇതിൽ മുഖ്യമായും 12 ആഹുതികൾ ഉണ്ട്. വ്യാഹൃതിക ഹോമങ്ങൾ 4 എണ്ണം  അവ (1). ഓം ഭൂഃ സ്വാഹ (2). ഓം ഭുവഃ സ്വാഹ (3). ഓം സ്വഃ സ്വാഹ (4). ഓം ഭുർഭുവസ്വാഹ എന്നിവയാണ്. പിന്നെ ആറെണ്ണം യജനമന്ത്രങ്ങളാണ്. ഇവ തൈത്തീരിയ സംഹിതത്തിലെ 3-2-5 ന്റെ സാധാരണ ഭാഷ്യത്തിൽ കാണാം. അടുത്ത രണ്ടെണ്ണം (1). സ്പഷ്ടകൃതവും (2) പ്രജാപത്യവുമാണ്. അങ്ങനെ ആകെ 12 ആഹുതികൾ (വേദവ്യാസ സ്മൃതി 3-32, 33)

സ്ത്രീ പുരുഷനെ വേട്ടയാടുന്നു

സ്ത്രീ പുരുഷനെ വേട്ടയാടുന്നു. സ്ത്രീ മുൻകൈ എടുക്കുന്നില്ല എന്നുള്ള അഭിനയം ഈ പ്രഹസനത്തിന്റെ ഒരു ഭാഗമാണ്. ലോകം മുഴുവൻ പെണ്ണുങ്ങൾക്ക്‌ ആണുങ്ങളെ പിടിക്കുവാനുള്ള കുടുക്കുകളും പൂട്ടുകളും കുഴികളും കൊണ്ട് നിറഞ്ഞതാണ്‌. സ്ത്രീ പ്രേമിക്കപ്പെടുന്നതുവരെ നിശ്ചലമായി കാത്തു നിൽക്കണമെന്നാണ് വെയ്പ്. അവൾ അങ്ങനെ നിൽക്കുന്നുമുണ്ട്. അങ്ങനെയാണ് ചിലന്തി ഇരയെ നോക്കി ഇരിക്കുന്നതും. സ്ത്രീ, ഒരു എട്ടുകാലിയെപ്പോലെ വലയും കെട്ടി കാത്തിരിക്കുകയാണ്. മന്ദസ്മിതവും മധുര ശബ്ദവും ആകാരസുഷമയും കൊണ്ട് നെയ്ത വല. ഇര സ്വയം രക്ഷപ്പെടുവാൻ  തക്ക ഒരു ശക്തി പ്രദർശിപ്പിച്ചാൽ കാണാം; അവളുടെ വിനയഭാവം എത്ര വേഗത്തിലാണ് അവൾ ഉപേക്ഷിക്കുന്നതെന്നും ഒന്നിനും പുറകെ ഒന്നായി പശയുള്ള നൂലുകൊണ്ട് കെട്ടിവരിഞ്ഞ് അവനെ എന്നത്തേയ്ക്കുമായി ബന്ധനസ്ഥനാക്കുന്നതെന്നും മനസ്സിലാകാം, അതെ, സ്ത്രീ പുരുഷനെ വേട്ടയാടുകയാണ്. പിന്നാലെ ഓടിനടന്നിട്ടല്ല; തന്നിലേയ്ക്ക് ആകർഷിച്ചിട്ട്

****************

മനുഷ്യന്റെ നല്ലതും ചീത്തയുമായ സകല പ്രവർത്തനങ്ങൾക്കും  അടിയിൽ "സ്വാർത്ഥം " എന്നതുപോലെപ്രേമത്തിന്റെ അടിസ്ഥാനം ലൈംഗീകാകർഷണമാണ്. ശരീരം തൊണ്ടാകുമ്പോൾ ദിവ്യവും മഹത്തുമായ അനുരാഗം എവിടെയാണ് പോയി ഒളിക്കുന്നത്. കാലപ്പഴക്കം എല്ലാ ആവശ്യങ്ങളേയും അനാവശ്യങ്ങളോ ശല്യങ്ങളോ ആക്കി തീർക്കുന്നു.

പഞ്ചമഹായജ്ഞങ്ങൾ നിത്യേന നടത്തേണ്ടതാണ്

ശാസ്ത്രവിധിപ്രകാരം എല്ലാ ഗൃഹസ്ഥരും നിത്യേന നടത്തേണ്ടതാണ് പഞ്ചമഹായജ്ഞങ്ങൾ. 

1). വേദോപാസന എന്ന ബ്രഹ്മയജ്ഞം.

2). തർപ്പണം എന്ന പിതൃയജ്ഞം

3). ഹോമം എന്ന ദേവയജ്ഞം

4). ബലി എന്ന ഭൂതയജ്ഞം

5). അതിഥി സൽക്കാരമെന്ന നൃയജ്ഞം.

ശൂദ്രർക്കുപോലും പഞ്ചയജ്ഞം വിധിക്കപ്പെട്ടിരിക്കുന്നു. 

" പഞ്ചയജ്ഞവിധാനം ശൂദ്രസ്യാപി വിധീയതേ " എന്ന് ലഘുവിഷ്ണുസ്മൃതിയിൽ (5-9) പറയുന്നുണ്ട്.

സ്ത്രീയുടെ നിഷേധത്തിന് ശക്തികൂടുന്നത്

പൂമുഖത്തിന്റെ ജാടകണ്ട് അന്തഃപുരത്തിന്റെ സമ്പത്ത് നിശ്ചയിക്കരുത്. തെറ്റു പറ്റും.

****************

ഒരാൾ നിങ്ങളെ ആ ആളുടെ ഹൃദയത്തിന്റെ അടിത്തട്ടുമുതൽ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് നിങ്ങൾ വിശ്വസിച്ചുകൊള്ളു. അത് സത്യമാണ്. എന്നാൽ മുകൾത്തട്ടിലെത്തുമ്പോൾ അവിടെ വേറെ ആളുകാണും. അത് വേറെ കാര്യം.

****************

തങ്ങൾ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത പെണ്ണുങ്ങളുടെ അരികിലെ ആണുങ്ങൾ സ്നേഹപ്രകടനത്തിന് പോകാറുള്ളു. കല്യാണം കഴിക്കേണ്ട സമയം വരുമ്പോൾ സ്നേഹപ്രകടനങ്ങൾക്ക് വഴിപ്പെടാത്ത പെണ്ണുങ്ങളെ കിട്ടാനാണ്‌ അവർ ആഗ്രഹിക്കുന്നത്.

****************

സമ്മതിക്കുവാൻ നിശ്ചയിച്ച ഘട്ടത്തിലാണ് ഒരു സ്ത്രീയുടെ നിഷേധത്തിന് ശക്തികൂടുന്നത്. സ്ത്രീ എത്ര തന്നെ ഇല്ലെന്നു പറഞ്ഞാലും പുരുഷൻ നിരാശപ്പെടണമെന്നില്ല.

****************

ലൈംഗിക വാസന മനുഷ്യന്റെ അടിസ്ഥാന വാസനകളിൽ ഒന്നാണ്. വിവാഹം ഈ വാസനയെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നില്ല.

****************

പ്രേമം കുതിരയാണ്; കഴുതയുമാണ്‌.

പ്രേമം എന്നത് വികാരമല്ല; അനുഭൂതിയാണ്

ഭ്രാന്തിന്റെ അപകടമില്ലാത്തതും എങ്കിലും അപഹാസ്യവുമായ ഒരു വകഭേദമാണ് പ്രേമം.

*****************

ആരാധനാശീലം ഒരുതരം ബലഹീനതയാണ്. അത് ആരേയും ആരുമായും അടുപ്പിക്കുന്നു. സ്നേഹം ഒരുതരം മയക്കുമരുന്നാണ്.

*****************

വിവാഹവും സന്താനോല്പാദനവും ഇല്ലെങ്കിൽ പോലും പ്രേമത്തിന് സ്വയം നിലനിൽക്കാൻ കഴിയും.

*****************

പ്രേമം എന്നത് വികാരമല്ല; അനുഭൂതിയാണ്. 

ആരും ആരെയും പ്രേമിക്കുന്നില്ല; അവനവനെയല്ലാതെ.

പ്രേമസാഗരത്തിൽ സ്വാർത്ഥതയുടെ " നങ്കൂരവും " വഹിച്ചുകൊണ്ടാണ് ആലോചനയുടെ പായ്ക്കപ്പലുകൾ ചുറ്റുന്നത്.

*****************

മനുഷ്യനിൽ കോഴിയുടേയും പാമ്പിന്റെയും പന്നിയുടേയും അംശങ്ങൾ അവശേഷിക്കുന്നു. കോഴി കാമത്തിന്റെയും പാമ്പ് ക്രോധത്തിന്റെയും പന്നി ബുദ്ധിശൂന്യതയുടേയും പ്രതീകങ്ങളാണ്. മനുഷ്യന് പ്രേമപ്പനി പിടിപ്പെടുമ്പോഴാണ് കോഴിയുടേയും പാമ്പിന്റെയും പന്നിയുടേയും അവശേഷിച്ച അംശങ്ങൾ ഒന്നിച്ച് ഉണർന്നു പ്രവർത്തിക്കുന്നത്.