പ്രതിഷ്ഠ, തന്ത്രി

പ്രതിഷ്ഠ നടത്തുന്ന ആചാര്യന്റെ ഇച്ഛാശക്തിയും ക്രിയാശക്തിയുമാണ് പ്രതിമയിൽ പ്രതിഫലിക്കുന്നത്. ഒരു പ്രതിമയുടെ ആചാര്യസ്ഥാനം തന്ത്രിയ്ക്കാണ്. തന്റെ തപഃശക്തിയും മന്ത്രശക്തിയും ഉപയോഗിച്ച് തന്നിലുള്ള ഈശ്വരാംശത്തെ പോഷിപ്പിച്ച് അതിന് ഇഷ്ടദേവതാരൂപം സങ്കൽപ്പിച്ച് പ്രതിമയിലേയ്ക്ക് പകരുകയാണ് ചെയ്യുന്നത്. ഇത് നിസ്സാരകാര്യമല്ല, പ്രതിമയിലേയ്ക്ക് ചൈതന്യം പകരാൻ സാധിക്കാതെ വന്നാൽ പ്രാണപ്രതിഷ്ഠാമന്ത്രം ജപിച്ച് സ്വന്തം പ്രാണനെതന്നെ സമർപ്പിച്ച്‌ പ്രതിഷ്ഠ നടത്തും. പ്രാണപ്രതിഷ്ഠാമന്ത്രം ശാരദാതിലകം ഇരുപത്തിരണ്ടാം പടലത്തിലുണ്ട്. വടകര താലൂക്കിൽ കടമേരി ക്ഷേത്രപ്രതിഷ്ഠയെപ്പറ്റി ഇത്തരം ഒരു ഐതീഹ്യമുണ്ട്.

യോഗചര്യകൾ 4 വിധമാണ്.
(1). അഷ്ടാംഗ യോഗം (പാതഞ്ജലം),
(2). യന്ത്രയോഗം
(3) ഹഠയോഗം
(5). ലയയോഗം.

ഇതിൽ യന്ത്രയോഗമാണ് താന്ത്രികകർമ്മങ്ങൾക്ക് നിദാനം. ഷഡാധാരചക്രങ്ങളും ബ്രഹ്മരന്ധ്രവും ഇഢ, പിംഗല, സുഷുമ്ന എന്നീ നാഡീത്രയങ്ങളും ഒരു സാധകൻ എപ്രകാരം പ്രയോജനപ്പെടുത്തുന്നുവോ അതേ തത്ത്വം തന്നെയാണ് പ്രതിമാപൂജയ്ക്കും അവലംബം. പൂജയിലൂടെ കുണ്ഡലിനീശക്തിയെ ഉണർത്തി ഉയർത്തി ബ്രഹ്മരന്ധ്രത്തിലെത്തിക്കുമ്പോഴേക്കും ദേവചൈതന്യം പ്രതിമയിൽ പൂർണ്ണമാകുന്നു. മന്ത്രശക്തിയും സാധനയും ഒത്തിണങ്ങിയ ഒരാൾക്കേ ഇതു ചെയ്യുവാൻ കഴിയു.