ഗീത ഒരു പഠനം - 04

സ്ഥിത പ്രജ്ഞനും സാധാരണ മനുഷ്യനും കാഴ്ചയിൽ ഒരുപോലെതന്നെയാണ്. സംസ്ക്കാരത്തിലും അനുഭവത്തിലും മാത്രമേ വ്യത്യാസമുള്ളു. സാധാരണ മനുഷ്യർ ശരീരാദികരണങ്ങളെ " ഞാൻ " എന്നും "എന്റെ" എന്നും പറഞ്ഞ് അഭിമാനിക്കും. അവയുടെ വൃത്തികൾ തന്റെ വ്യവഹാരമെന്ന് വിശ്വസിക്കുകയും അവയുടെ വിഷയങ്ങളെ സുഖദുഃഖങ്ങളോടെ അനുഭവിക്കുകയും ചെയ്യുന്നു. വിഷയലാഭത്തിനും വിഷയഭോഗത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുകയും വിഷയലാഭത്തിൽ സന്തോഷിക്കുകയും വിഷയനാശത്തിൽ വ്യസനിക്കുകയും ചെയ്യുന്നു.

എന്നാൽ സ്ഥിതപ്രജ്ഞൻ അങ്ങനെയല്ല. ശരീരാദി കാരണങ്ങൾ ഏതൊരു ചൈതന്യത്തിൽ തോന്നപ്പെടുന്നുവോ ആ ആത്മാവിനെ താനായി കാണുന്നു. അവന് വ്യവഹാരങ്ങളോ വിഷയ ചിന്തയോ രാഗദ്വേഷങ്ങളോ സുഖദുഃഖങ്ങളോ വിഷയാനുഭവങ്ങളോ ഇല്ല. അവൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ധർമ്മാചരണം മാത്രം. അത് മറ്റൊന്നിന്റെയും ലാഭത്തിനും വേണ്ടിയല്ല. ധർമ്മത്തിനും വേണ്ടമാത്രം.

കർമ്മത്തേക്കാൾ ശ്രേഷ്ഠമാണ് ജ്ഞാനം എന്നിരിക്കെ വീണ്ടും കർമ്മം ചെയ്യാൻ എന്തിനാണ് പ്രേരിപ്പിക്കുന്നത് എന്ന് സംശയം തോന്നാം. അതിനാൽ അവയെ ശരിയായിട്ടു മനസ്സിലാക്കുക. കർമ്മനിഷ്ഠയും ജ്ഞാനനിഷ്ഠയും രണ്ടു ശാസ്ത്രങ്ങളാണ്. രണ്ടുവിധ അനുഷ്ഠാന സമ്പ്രദായങ്ങളാണ്. എന്നാൽ അവ ഒരുപോലെ സ്വാതന്ത്രങ്ങളല്ല.

അറിവില്ലാത്ത പ്രവൃത്തിയും പ്രവൃത്തിയോടും കൂടാതെ അറിവും വേണ്ടത്ര പ്രയോജനം ചെയ്യില്ല. ശരിയായ അറിവോട് കൂടിയേ കർത്തവ്യ കർമ്മങ്ങളെ വേണ്ട സമയത്ത് വേണ്ടപോലെ ചെയ്യലാണ് ആവശ്യം.

കർമ്മങ്ങൾ യജ്ഞങ്ങൾ ആയിരിക്കണം. അതായത് കർമ്മങ്ങൾ ജ്ഞാനനിഷ്ഠക്ക് യോജിക്കുന്നവയായിരിക്കണം. അപ്പോൾ കർമ്മ നിഷ്ഠയും ജ്ഞാനനിഷ്ഠയും (ബ്രഹ്മനിഷ്ഠയും) ഒന്നായിത്തീരും. ആത്മസത്തയിൽ പ്രജ്ഞചെന്നെത്തുമ്പോൾ എല്ലാകരണങ്ങളും അവയുടെ വൃത്തികളോടു കൂടി അടങ്ങും. അങ്ങനെ അടങ്ങിയവർ ചെയ്യുന്ന കർമ്മങ്ങൾ യജ്ഞങ്ങളായി മാറും. അതല്ലാത്തവർ മൃഗസമാനമായ പ്രാകൃതകരണ ധർമ്മങ്ങളിൽ മുഴുകി രാഗദ്വേഷങ്ങളെക്കൊണ്ടും സുഖദുഃഖങ്ങളെക്കൊണ്ടും തപിച്ച് ജനനമരണങ്ങളിൽ കൂടി സംസാരസമുദ്രത്തിൽ വട്ടം ചുറ്റും.

സത്യത്തെ അറിയാനും സംതൃപ്തി അടയാനും കൃതാർത്ഥനാകാനും എല്ലാവർക്കും ആഗ്രഹമുണ്ട്. അതിനുവേണ്ടിയാണ് ഓരോ പ്രവർത്തിയുമെന്നാണ് എല്ലാവരുടേയും ഭാവം. പക്ഷേ, അനുഭവം മറിച്ചാവുന്നതുകൊണ്ട് അവരുടെ പ്രവൃത്തി പാപപങ്കിലമായിരുന്നുവെന്ന് വ്യക്തമാകുന്നു. അറിവുള്ളവർക്ക് ഏതോനിയോഗത്തിൽ എന്തിനോവേണ്ടി പാപം ചെയ്യുന്നു.