ഗീത ഒരു പഠനം - 06

നിന്റെ ശത്രു പുറത്തുള്ള മറ്റാരുമല്ല. നീ തന്നെയാണ്. നിന്നിൽ തന്നെയുള്ള അവിദ്യയാണ് നിന്റെ ശത്രു. ഉള്ളിലുള്ള അവിദ്യയെ ജയിക്കാത്ത കാലത്തോളം ഒരുവൻ പരാജിതൻ തന്നെ . സത്യത്തെ അറിഞ്ഞ് അവിദ്യയെ ജയിച്ച് ധർമ്മത്തെ ആചരിക്കു ഇതാണ് ശരിയായ കർമ്മയോഗം.

സാധാരണ ജീവികൾ കർമ്മപ്രേരണകൊണ്ടും കർമ്മഫലഭുക്തിക്കും വേണ്ടിയാണ് ജനിക്കുന്നത്. കർമ്മം, ഭക്തി, ജ്ഞാനം, തപസ്സ് എന്നീ അഭ്യാസങ്ങളിൽ കൂടി കാലംകൊണ്ട് അവിദ്യയെ ജയിച്ച് താനാകുന്ന പരമാത്മാവിനെ അറിയുകയും പ്രാപിക്കുകയും ചെയ്യാം. പരിശുദ്ധമായ ഏത് സംസാകരത്തിൽകൂടിയും ഒരാൾക്ക് ആത്മസത്തയെ അറിയുകയും പ്രാപിക്കുകയും ചെയ്യാം.

എങ്കിലും മനുഷ്യൻ ഇഷ്ടപ്പെടുന്നത് കർമ്മത്തെയാണ് കർമ്മത്തെയാണ്. കർമ്മത്തെ നിരസിച്ചുകൊണ്ടുള്ള ഒരു സംസ്ക്കാരത്തേയും മനുഷ്യർ ഇഷ്ടപ്പെടുന്നില്ല. എന്നുതന്നെയുമല്ല കർമ്മത്തിന് ഫലം വേണമെന്ന് അവർ ആഗ്രഹിക്കുന്നു. ഏതൊരു അനുഭവവും കർമ്മഫലമാണെന്നും കർമ്മത്തിനെ ഫലമുള്ളു എന്നും അവർ വിശ്വസിക്കുന്നു. അഭീഷ്ടകാര്യങ്ങൾ കർമ്മംകൊണ്ട് സാധിക്കാമെന്നും മറ്റൊന്നുകൊണ്ടും കഴിയില്ലെന്നും അവർ വിശ്വസിക്കുന്നു.

ഈ കാരണത്താൽ അനേക കർമ്മപരമ്പരകൾ മനുഷ്യർക്കിടയിൽ ഉണ്ടായി. ഭിന്നസങ്കല്പങ്ങളും ഭിന്നഫലങ്ങളും പ്രതീക്ഷിക്കുന്നവരും ഭിന്നകർമ്മങ്ങൾ ചെയ്തപ്പോൾ ഭിന്ന സംസ്ക്കാരങ്ങൾ ഉണ്ടായി.

ഈ ലോകത്തിന്റെ മൂലകാരണം ഈശ്വരൻ ആകയാൽ ഈ ലോകത്തിലെ ചെറുതും വലുതുമായ എല്ലാ കർമ്മങ്ങളുടേയും കർത്തൃത്വം ഭഗവാൻ തന്നെയാണ്. അന്യോന്യ വിരുദ്ധങ്ങളായ കർത്തൃത്വങ്ങൾ ഭഗവാനിൽ നിലനിൽക്കുന്നു. ഇത് വേണ്ടപോലെ അറിഞ്ഞാൽ നിങ്ങൾക്ക് കർമ്മബന്ധങ്ങളിൽ നിന്ന് നിവൃത്തനും മുക്തനുമായിത്തീരാം. പണ്ടുള്ള ബുദ്ധിമാന്മാർ അങ്ങനെയാണ് കർമ്മം ചെയ്ത് ജീവിച്ച് അവസാനം കർമ്മമുഖന്മാരായി മാറിയത്.

കർമ്മം, അകർമ്മം, വികർമ്മം ഇവയുടെ നിഗമനത്തിൽ ബുദ്ധിമാന്മാർക്കുപോലും അമളിപറ്റും അതുകൊണ്ടാണ് അനിഷ്ടങ്ങളായ കർമ്മഫലങ്ങളെ അവരും അനുഭവിക്കേണ്ടിവരുന്നത്. ധാർമ്മികങ്ങളായ കർത്തവ്യകർമ്മങ്ങളെ മാത്രം ചെയ്തിരിക്കുന്നുവെങ്കിൽ, ആ കർമ്മങ്ങളിൽ ആഗ്രഹങ്ങളും ഫലസങ്കൽപ്പങ്ങളും ഉണ്ടാകാതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഒരു കുഴപ്പവും വരികയില്ലായിരുന്നു. ഇതിന് ആത്മസ്വരൂപത്തെ തിരിച്ചറിയണം. പ്രപഞ്ചത്തിൽ നിരപേക്ഷകത്വം സാധിച്ചിരിക്കണം. ഇല്ലെങ്കിൽ എത്രയൊക്കെ അടക്കിയാലും മനസ്സ് എന്തെങ്കിലുമൊക്കെ ആഗ്രഹിച്ചുകൊണ്ടിരിക്കും. നിരപേക്ഷകനായി ഫലസങ്കല്പമില്ലാതെ കർമ്മം ചെയ്‌താൽ ബന്ധം ഉണ്ടാവുകയില്ല. അപ്പോൾ ആ കർമ്മം അകർമ്മ യജ്ഞമായിമാറും.