സാധകനെ ക്ഷേത്രം കൈപിടിച്ചുയർത്തുന്നു

ഒരു വിഷയ രോഗിക്ക് സജ്ജനസംസർഗ്ഗമാകുന്ന സിദ്ധൗഷധമാണ് ക്ഷേത്രദർശനംവഴി ലഭിക്കുന്നത്. ബ്രഹ്മസ്വരൂപിയായ ദേവസംസർഗ്ഗംമൂലം സഗുണ ഭക്തന് ആഗ്രഹസഫലീകരണവും കാലക്രമേണ നിസംഗത്വത്തിലൂടെ ആഗ്രഹവിമോചനവും തത്ത്വഗ്രഹത്തിലൂടെ മോക്ഷവും വന്നു ചേരും. തത്ത്വഗ്രഹണത്തിന് സാധാരണമനസ്സിനെ പാകമാക്കുകയാണ് ക്ഷേത്രങ്ങൾ ചെയ്യുന്നത്. മനുഷ്യന്റെ വാക്ക്, കർമ്മം, മനസ്സ് എന്നിവയെ ക്ഷേത്രം ശുദ്ധി ചെയ്യുന്നു. സ്മൃതി പ്രോക്തങ്ങളായ ആചാരങ്ങളിലൂടെ ശ്രുതി പ്രോക്തങ്ങളായ തത്ത്വത്തിലേയ്ക്ക് സാധകനെ ക്ഷേത്രം കൈപിടിച്ചുയർത്തുന്നു. തത്ത്വ ഗ്രഹണത്തോടെ ക്ഷേത്രാരാധന എന്ന സാധാരണ നിലയിൽ നിന്ന് ആത്മാരാധന എന്ന അസാധാരണനിലയിലേയ്ക്ക് സാധകൻ ചെന്നെത്തുന്നു. ക്ഷേത്രരാധനയിലൂടെ നാം നമ്മുടെ ആത്മാവിനെത്തനെയാണ് ഉപാസിക്കുന്നത്. ആത്മാരാധനയിൽ നമ്മളും പരമാത്മാവും ഒന്നാണെന്ന സത്യം ബോദ്ധ്യപ്പെടും. "വിശേഷേണ തത്ത്വത്തെ ഗ്രഹിപ്പിക്കുന്നതാണ് വിഗ്രഹം" എന്നറിയുക.