ഗീത ഒരു പഠനം - 05

"രജോഗുണം" എന്ന ഒരു തത്വം എല്ലാവരുടേയും ബുദ്ധിയിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. അപകടകാരിയായ ആ തത്വമാണ് എല്ലാവരേയും വഴിപിഴപ്പിക്കുന്നത്. എല്ലാവരുടേയും ഏറ്റവും വലിയ അജ്ഞാതശത്രു ഇതേ രജോഗുണം തന്നെയാണ്. രാഗദ്വേഷങ്ങളും കാമക്രോധങ്ങളുമാകുന്ന വികാരങ്ങളൊക്കെതന്നെ ഈ രജോഗുണത്തിന്റെ പ്രേരണകൊണ്ട് ഉണ്ടായിത്തീരുന്നവയാണ്. എല്ലാവിധ പാപങ്ങളെ ചെയ്യിക്കുന്നതും ഈ രജോഗുണമാണ്. പുകയാൽ അഗ്നി എന്നപോലെ ഈ രജോഗുണത്താൽ എല്ലാവരുടേയും ബോധം മറയപ്പെട്ടിരിക്കുന്നു. അതിനെ അകറ്റിയാൽ സത്യത്തെ തിരിച്ചറിയാൻ കഴിയും.

ഈ ലോകം ശബ്ദം, സ്പർശം, രൂപം, രസം ഗന്ധം എന്നീ പഞ്ചവിഷയങ്ങളുടെ സംഘാതമാന്. അതിനെ കണ്ണ്‌, നാസിക, ചെവി, നാവ്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾ അറിയുന്നു. ലോകം ഇന്ദ്രിയങ്ങളുടെ ദൃശ്യവും ഇന്ദ്രിയങ്ങൾ ലോകത്തിന്റെ ദ്രഷ്ടാവുമാണ്. ഇന്ദ്രിയങ്ങൾ മനസ്സിന്റെ ദൃശ്യവും മനസ്സ് ഇന്ദ്രിയങ്ങളുടെ ദ്രഷ്ടാവുമാണ്. മനസ്സിന്റെ ദ്രഷ്ടാവാണ് ബുദ്ധി. ബുദ്ധിയുടേയും ദ്രഷ്ടാവാണ് ആത്മാവ്. ആത്മാവിനെ അറിയുന്ന മറ്റൊരു ദ്രഷ്ടാവില്ല. അതിനാൽ ആത്മാവ് പരമദ്രഷ്ടാവ്. അതിനാൽ ആത്മാവ് സത്യം. ഈ ആത്മാവിന്റെ ചൈതന്യമാണ് എല്ലാ അചേതന സചേതന വസ്തുക്കളിലും വിളയാടുന്നത്.

ആത്മാവിന് സ്വന്തം വിസ്മൃതികൊണ്ട് തന്നിൽ തന്നെ തോന്നപ്പെടുന്ന ഭ്രമസ്വരൂപങ്ങളാണ് ശരീരാദികരണങ്ങളെല്ലാംതന്നെ. അതുകൊണ്ട് താനാകുന്ന സത്യത്തെ അറിഞ്ഞ് ആ അറിവിനെ മായ്ക്കുന്ന കാമാദിവികാര സ്വരൂപമായ അവിദ്യയാകുന്ന തന്റെ ശത്രുവിനെ ജയിക്കലാകുന്നു പൗരുഷം. ബുദ്ധിപൂർവ്വമായ പ്രവൃത്തിയും അതുതന്നെ.