ഗീത ഒരു പഠനം - 07

യജ്ഞം ബ്രഹ്മപ്രാപ്തിക്കു കാരണമായിത്തീരണം. ഒരിക്കലും അത് വിഷയഭുക്തിക്ക് കാരണമായിത്തീരരുത്. ഏതൊരുഫലവും യജ്ഞം കൊണ്ട് സാധിക്കാമെങ്കിലും പ്രഹ്മപ്രാപ്തിയാണ് മഹത്തായിട്ടുള്ളത്. ഫലമെന്നതിനാൽ അതു തന്നെയാണ് യജ്ഞാചരണം കൊണ്ട് സാധിക്കേണ്ടത്. അല്ലാതെ ഫല സങ്കല്പത്തോടു കൂടിയാണ് യജ്ഞം ചെയ്യുന്നതെങ്കിൽ അത് കർമ്മത്തിന്റെ ഒരു വകഭേദം മാത്രമേ ആവുന്നുള്ളു. യജ്ഞമെന്ന പേരിന് അത് അർഹമല്ല.

ജ്ഞാനമാണ് ഏറ്റവും ശ്രേഷ്ഠം. എല്ലാം ഉണ്ടായത് ജ്ഞാനത്തിൽ നിന്നാണ്. എല്ലാം അറിയപ്പെടുന്നതും ജ്ഞാനം കൊണ്ടാണ്. പരമാത്മാവിന്റെ സ്വരൂപമാണ് ജ്ഞാനം. കർമ്മവും യജ്ഞവും യോഗവും തപസ്സും എല്ലാം ജ്ഞാനത്തെ പ്രകാശിപ്പിക്കുവാൻ പറ്റുന്നതാവണം. എങ്കിലെ അവ ശ്രേയസ്സ്കരമാകു. ഇല്ലെങ്കിൽ അവയും ദുഃഖകാരണങ്ങൾ മാത്രമാകുന്നു. അതിനാൽ വിവേകത്തോടുകൂടി വേണം എന്തിനേയും ചെയ്യാൻ.

കർമ്മങ്ങൾ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരുപോലെയാണ്. കർത്തൃത്വബുദ്ധിയുണ്ടെങ്കിൽ ചെയ്താലും ഇല്ലെങ്കിലും ബന്ധമുണ്ട്. അതിനാൽ കർത്തൃഭാവത്തെ അകറ്റുക. ആത്മബോധംകൊണ്ടേ അത് അകന്നുപോകു. കർത്തൃത്വഭാവം നീങ്ങി പ്രജ്ഞയ്ക്ക് ശുദ്ധിയുണ്ടാകുമ്പോൾ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരു പോലെയാണ്. അപ്പോൾ തനിക്കൊന്നും ആവശ്യം ഇല്ലെന്നുവരും. തനിക്കൊന്നും ചെയ്യാനും ചെയ്യാതിരിക്കാനും ആഗ്രഹമില്ലെന്ന് വരും. രാഗദ്വേഷങ്ങൾ മനസ്സില് നിന്ന് നീങ്ങും. ഈ അവസ്ഥയിലും ചെയ്യാതിരിക്കുന്നതിലും ഭേദം ചെയ്യുന്നതാണ്. എന്തുകൊണ്ടെന്നാൽ തനിക്ക് ഒന്നും ആവശ്യമില്ലെങ്കിലും പലതും ആവശ്യമുള്ള പലരും ഉണ്ട്. അവരുടെ ക്ഷേമത്തിനുവേണ്ടി  ചിലതു ചെയ്യുന്നത് നല്ലതാണ്. ഒന്നും ചെയ്യാത്ത ഒരാളിൽ നിന്ന് ലോകത്തിന് ഒന്നും പ്രതീക്ഷിക്കാനില്ലല്ലോ? അതുകൊണ്ട് ചിലത് ചെയ്യേണ്ടത് ആവശ്യമാണ്.

ആത്മബോധത്തിൽ ദൃഢതവന്ന ഒരാൾക്ക്‌ കരണങ്ങളെ ചലിപ്പിച്ച് കർമ്മം ചെയ്യുന്നതും  എല്ലാകരണങ്ങളേയും ലയിപ്പിച്ച് സമാധിയിൽ മുഴുകിയിരിക്കുന്നതും ഒരു പോലെയാണ്. അവർക്ക് കർത്തൃത്വമോ ഭോക്തൃത്ത്വമോ ഇല്ല. ഒരു കർമ്മവും അവരെ ബാധിക്കുന്നില്ല.

ആത്മബോധം എന്ന ജ്ഞാനം അവിദ്യയാകുന്ന മറയാൽ മറയപ്പെട്ടിരിക്കുന്നു. വിവേകം കൊണ്ട് അവിദ്യ എന്ന ആവരണത്തെ നീക്കുമ്പോൾ ആത്മബോധംകൊണ്ട് ഭേദഭാവങ്ങൾ നീങ്ങും.

കാലം, ദേശം, കർത്താവ്, കർമ്മം, ഭോജ്യം തുടങ്ങിയവയിളുള്ള നാനത്ത്വഭാവമാണ് സുഖ ദുഃഖങ്ങളുടേയും രാഗദ്വേഷങ്ങളുടേയും കല്പനയ്ക്കുള്ള ഹേതു ആത്മബോധമാകുന്ന പ്രജ്ഞാന പ്രകാശത്തിൽ നാനത്വം നീങ്ങി ഏകമായ സത്യം തെളിയും അപ്പോൾ അയാൾക്ക്‌ സുഖ ദുഃഖങ്ങളോ പുണ്യപാപങ്ങളോ രാഗദ്വേഷങ്ങളോ ഒന്നുമില്ല. എല്ലാ വിധ ദ്വന്ദഭാവങ്ങൾക്കും അതീതനാണ് ജ്ഞാനി.

കാരണങ്ങളുടെ, കർമ്മങ്ങളുടെ, പദാർത്ഥങ്ങളുടെ ചേർച്ചയിൽ സുഖിക്കാൻ വെമ്പുന്നവരാണ് സാധാരണക്കാർ. ജഡങ്ങളുംഅസത് സ്വരൂപങ്ങളായ അവയുടെ ചേർച്ച ആത്മാവാകുന്ന സുഖ സ്വരൂപത്തെ മറയ്ക്കാൻ മാത്രമേ കാരണമാകുന്നുള്ളൂ. അതിനാൽ കരണങ്ങളിൽ അഭിമാനിച്ച്, കർമ്മം ചെയ്ത്, വിഷയങ്ങളെ അനുഭവിക്കുന്നവൻ മിക്കപ്പോഴും ദുഃഖിക്കറാണ് പതിവ്. സുഖ സ്വരൂപത്തിന്‌ മറവുണ്ടാക്കുന്നവയെ സുഖമെന്നുകരുതിയാൽ അതുതന്നെ സംഭവിക്കും. ആത്മാവിൽ സുഖിക്കുന്നവന് സുഖിക്കുവാൻ മറ്റൊന്നിന്റെയും ആവശ്യം ഇല്ല.