Showing posts with label bhagavatham. Show all posts
Showing posts with label bhagavatham. Show all posts

ഭക്തി പലവിധം; ഭക്തനും പലവിധം.


ഉള്ളിൽ വിളങ്ങുന്ന ഗുണത്തിനനുസരിച്ച് ഭക്തിയുടെയും ഭക്തന്റെയും വിധം തിരിയും.
 തമോഗുണവും രാജോഗുണവും മുറ്റി നിൽക്കുന്നവർക്ക് യാഗത്തിൽ താല്പര്യമുണ്ടാകും . രാജാക്കന്മാരാണ്‌ യാഗങ്ങൾ നടത്തുക. യാഗത്തന്  639 മൃഗങ്ങൾ വേണം. ഇതിൽ 322 മൃഗങ്ങളെ  കൊല്ലും. കൊന്ന കൃഷ്ണമൃഗത്തിന്റെ തോല്  ആസനമാക്കി ഇരുന്നാണ് യാഗം നടത്തുന്നത്. യാഗത്തിന് ഹോമകുണ്ഡം നിർമ്മിക്കുമ്പോൾ പണ്ട് ജീവനോടെ ആമ, മത്സ്യം എന്നിവയെ കുണ്ഡത്തിനടിയിൽ കുഴിച്ചു മൂടുമായുരുന്നു.യാഗാവസാനത്തിൽ യാഗപശുവിന്റെ (പശു = മൃഗം) നവദ്വാരങ്ങളും അടച്ചുപിടിച്ച് ശ്വാസം മുട്ടിച്ച്  അതിന്റെ വപ (വലതു തുടയിലെ മാംസം) പുറത്തെടുത്ത് ഹോമാഗ്നിയിൽ ചുട്ട് യജമാനനും യജമാനപത്നിയും യജ്ഞപ്രസാദമായി കഴിക്കുന്ന ചടങ്ങും പെടും. ഇപ്പോൾ അരിമാവ് കുഴച്ച് ഉണ്ടാക്കിയ യജ്ഞപ്പശുവിനെ ഉണ്ടാക്കുന്നു. സങ്കൽപ്പത്തിന് കുറവൊന്നുമില്ല.
കാലാനുസൃതം ആചാരങ്ങൾ അനാചാരങ്ങളോ ദുരാചാരങ്ങലോ ആകും.

(ത്രേതായുഗത്തിൽ ഏറെ കൊട്ടിയാഘോഷിക്കുന്ന യാഗയജ്ഞ സംസ്കാരത്തിന് ദ്വാപരയുഗത്തിൽ അപജയം സംഭവിക്കുന്നു എന്നാണ് ഭാഗവതത്തിലെ പ്രാചീന ബർഹിസ്സിന്റെയും ഗോവർദ്ധനത്തിന്റെയും കഥകളിലൂടെ നൽകുന്ന സൂചന. ഇവ പഠനാർഹങ്ങളാണ്).     

ഭഗവാന്റെ ചതുർബാഹു

സ്വധർമ്മം ഈശ്വരാർപ്പണമായി ചെയ്യുക . ഗ്രാമ്യധർമ്മങ്ങൽ ഒഴിവാക്കുക . കഴിയുന്നതും ഏകാന്തതയിൽ  ഇരിക്കുക. ഏകത്തിൽ മനസ്സ് ഉറപ്പിച്ച്   ഇരിക്കുന്നതാണ്  ഏകാന്തത. ഭഗവത് സ്മരണയിൽ ഇരിക്കുക.
 ഭഗവാന്റെ ചതുർബാഹുവിൽ അടങ്ങിയിരിക്കുക തത്വം:
--------------------------------------------------------------
1. ശംഖ്  - ജ്ഞാനത്തെ സൂചിപ്പിക്കുന്നു
2. ഗദ     - ശക്തിയെ സൂചിപ്പിക്കുന്നു
3. ചക്രം  - പ്രകാശത്തെ സൂചിപ്പിക്കുന്നു  / കാലത്തെ സൂചിപ്പിക്കുന്നു
4. താമര - ആനന്ദത്തെ സൂചിപ്പിക്കുന്നു / നിർലിപ്തത (ഒട്ടലില്ലായ്മ്മ )യെ സൂചിപ്പിക്കുന്നു
ഭഗവാനിൽ ഈ നാലും അടങ്ങിയിരിക്കുന്നു. നാലും കൂടി ചേർന്നതാണ്  ഭഗവാൻ.

മൗനം ശക്തമായ ഒരു പ്രതികാരവും കൂടിയാണ്

ഒരാളെ നല്ലവനും വൃത്തികെട്ടവനും ആക്കുന്നത് നിങ്ങളുടെ മനസ്സാണ്.

******************

അശുഭ വിശ്വാസി ഏതിലും ഒരു പ്രയാസം കാണും; ശുഭ വിശ്വാസി ഏത് പ്രയാസത്തിലും ഒരു അവസരവും.

******************

ആലോചിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ള മനസ്സിനെ ശുദ്ധീകരിക്കുവാൻ മനസ്സിനുമാത്രമേ കഴിയു. അല്പം മനസ്സുവെച്ചാൽ ഏത് മനസ്സിനും ഇതു ചെയ്യാം !

******************

വിജയിയായ ഒരു പുരുഷന്റെ പിറകിൽ തീർച്ചയായും ഒരു സ്ത്രീ ഉണ്ടായിരിക്കും! പരാജിതന്റെ പിറകിൽ രണ്ടും !!

******************

നാം വളരെ ആഗ്രഹിച്ച ഒന്ന് നമുക്ക് കിട്ടാതെ പോകുമ്പോൾ പകരം നമുക്ക് വിലയേറിയ മറ്റൊന്ന് കിട്ടുന്നുണ്ട്‌. അനുഭവസമ്പത്ത്!

******************

മൗനം ശക്തന് ഭൂഷണമാണ്. അശക്തന് രക്ഷപ്പെടാൻ ഒരു മാർഗ്ഗവും. പക്ഷേ, ഒന്നോർക്കണം, മൗനം ശക്തമായ ഒരു പ്രതികാരവും കൂടിയാണ്.

******************

ഞാൻ ഒരു ആശയക്കുഴപ്പക്കാരനായിരുന്നു. എന്നാൽ ഇപ്പോൾ ഒക്കെ മാറിയോ എന്ന് ചോദിച്ചാൽ അതു പറയാനും മാത്രം ഉറപ്പ് എനിക്കുപോര!

സ്വന്തം ജീവിതത്തിന്റെ 30 വർഷം പാഴാക്കിയവനാണ്

20 വയസ്സാകുമ്പോൾ ഒരാൾക്ക്‌ എല്ലാകാര്യവും അറിയാമെന്ന് തോന്നും. എന്നാൽ 50 വയസ്സാകുമ്പോൾ വല്ലതും അറിഞ്ഞാൽ കൊള്ളാമെന്നും അയാൾക്ക്‌ തോന്നും. അമ്പതാം വയസ്സിലും ഇരുപതാം വയസ്സിലെന്നപോലെ ലോകത്തെ കാണുന്നവൻ സ്വന്തം ജീവിതത്തിന്റെ 30 വർഷം പാഴാക്കിയവനാണ്.
*******************

ബുദ്ധിമാന്മാരായ പലരും മോശം ചിന്തകരാണ്‌. ശരാശരി ബുദ്ധിയുള്ള ചിലർ നല്ല ചിന്തകരുമാണ്. ഒരു വാഹനത്തിന്റെ ശക്തി അത് ഓടിക്കുന്ന രീതിയിൽ നിന്ന് ഭിന്നമാണ്.

*******************

തുറമുഖത്തു നിന്നുള്ള പുറപ്പാടല്ല മടങ്ങിയുള്ള വരവാണ് യാത്രയുടെ വിജയം നിശ്ചയിക്കുന്നത്. ഇടയ്ക്കിടെയുണ്ടാകുന്ന പരാജയങ്ങൾ അത്ര കാര്യമാക്കാനില്ല. വിജയിക്കാനുള്ള നമ്മുടെ നിശ്ചയം അത്ര ശക്തമായിരുന്നില്ല. എന്നുമാത്രമേ അത് സ്ഥാപിക്കുന്നുള്ളു.

*******************

ആദ്യത്തെ മുങ്ങലിൽതന്നെ കടലിന്റെ അടിത്തട്ടിൽനിന്ന് മുത്ത് തപ്പിയെടുക്കാൻ കഴിഞ്ഞെന്നുവരികയില്ല. എന്നുവെച്ച് കടലിൽ മുത്തേ ഇല്ല എന്ന് തീരുമാനിച്ചുകളയരുത്. കടൽ എപ്പോഴും രത്നാകരം തന്നെയാണ്.

*******************

തോണി വെള്ളത്തിലാണ് എന്നതുകൊണ്ട്‌മാത്രം ഭയപ്പെടാനൊന്നുമില്ല. തോണിയിൽ വെള്ളം കടക്കാൻ അനുവദിക്കരുത് എന്ന് മാത്രം.

ഈശ്വരാരാധനയിലെ അചാരാനുഷ്ഠാനങ്ങൾ - 02

ജപയോഗമെന്നാൽ ജപിച്ചു ജപിച്ചു ജാപകാനും മന്ത്രമൂർത്തിയും ഒന്നാകുന്ന അവസ്ഥയാണ്. ജപം കൊണ്ട്  ഗുരുകടാക്ഷവും ഈശ്വരപ്രസാദവും കൈവരുമ്പോൾ ജന്മം ധന്യമാകുന്നു.ജപം ജന്മത്തെയും ജന്മത്തിന് കാരണമായ പാപത്തേയും നശിപ്പിക്കുന്നു. ജപ എന്ന വാക്കിലെ അക്ഷരങ്ങൾ അതാണ്‌ സൂചിപ്പിക്കുന്നത് .

"ജകാരോ ജന്മ വിചേഛധഃ പകരോ പാപനാശക 
തസ്മാദ്  ജപ ഇതി  പ്രോക്തോ ജന്മപാപ വിനാശനാത് ".

ഗുരു തന്റെ തപഃശക്തി സ്പർശം കൊണ്ട് പ്രവഹിപ്പിക്കുന്നതാണ് ശാക്തിദീക്ഷ. ഇത് കേവലം ഉപദേശം മാത്രമല്ല; ഗുരു തന്റെ തപഃപ്രഭാവം ശിഷ്യനിലേക്ക് പ്രവഹിപ്പിക്കുകയാണ്. ഇവിടെ ഗുരു കാരുന്യത്തിനാണ് ബലം, ശിഷ്യന്റെ സാധനക്കല്ല.  അനുഷ്ഠാനത്തിനുമല്ല. മന്ത്രദീക്ഷയിൽ മന്ത്രത്തിനും ശാക്തിദീക്ഷയിൽ ഗുരുകടാക്ഷത്തിനുമാണ്  പ്രധാന സ്ഥാനം. ശാംഭാവീ ദീക്ഷയിൽ ഗുരുകടാക്ഷം പൂർണ്ണമായി  ഉണ്ടാകേണ്ടതാണ്.

ഗുരു തന്റെ പുത്ര നിർവ്വിശേഷമായ വാത്സല്യത്തോടെ മടിയിലിരുത്തി തലോടി ശിഷ്യന്റെ ശിരസ്സിൽ  കാമേശ്വരി കാമേശ്വന്മാരുടെ ചരണകമലങ്ങളെ ഭാവന ചെയ്ത്‌ അവിടെനിന്ന് ഒഴുകിവരുന്ന ചരണാമൃതം ശിഷ്യന്റെ 72000 നാഡികളിലൂടെയും ഒഴുകി ദേഹത്തിനകത്തും പുറത്തുമുള്ള സർവ്വ പാപങ്ങളെയും  മാലിന്യങ്ങളെയും നിശശേഷം നീക്കിയതായി സങ്കൽപ്പിച്ച്  ശിഷ്യനെ അടി'മുതൽ മുടി വരെ കാരുണ്യപൂർവ്വം കടാക്ഷിക്കുന്ന സമ്പ്രദായമാണ് ശാംഭവീ ദീക്ഷ. ഇത് സ്വീകരിച്ച ശിഷ്യൻ അറിയാതെ ചെയ്യുന്ന പാപത്തിന്റെ ഫലം പോലും ഗുരുവാണ് അനുഭവിക്കേണ്ടത്.  ശിഷ്യ വാത്സല്യമുള്ള മാത്രമേ ശാംഭവീ ദീക്ഷ നൽകുകയുള്ളൂ. 

ജപിക്കുന്നത്‌ മന്ത്രം അറിഞ്ഞു വേണം. മനസ്സ്' നിർമ്മലവും നിശ്ചലവും എകാഗ്രവും ആകണം. ഭക്തി വിശ്വാസങ്ങൾ പൂർണ്ണമായും ഉണ്ടാകണം. ഭാവനക്കനുസരിച്ചാണ്  ഫലപ്രാപ്തി. ഉപാസകന് മന്ത്രത്തിലും ഗുരുവിലും ദേവനിലും അടിയുറച്ച വിശ്വാസം വേണം . ഒരേസ്ഥലത്ത്  ഒരേസമയത് ഒരേ മാന്ത്രം തന്നെ നിയതസംഖ്യയനുസരിച്ച് ജപിക്കണം. ജപം ഉച്ചം, ഉപാംശു , മാനസം എന്നീ മൂന്ന് പ്രകാരമാണ്. ഉച്ചം പുറമേ കേൾക്കുന്നത്,  ഉപാംശു ജപിക്കുന്ന ആൾക്ക് മാത്രം കേൾ ക്കാവുന്നത്, മാനസം നിശ്ശബ്ദമായി ജപിക്കുന്നത്‌. ഉച്ചത്തേക്കാൾ ഉപാംശുവിനും, ഉപാംശുവിനേക്കാൾ മാനസജപത്തിനും ശക്തികൂടും. മാനസിക ജപം ഒരു യജ്ഞംതന്നെയാണ്. മാത്രവുമല്ല യജ്ഞങ്ങളിൽ വെച്ച്  ഏറ്റവും ശ്രേഷ്ഠവുമാണ്. 'യജ്ഞാനാം ജപയജ്ഞോƒസ്മി' എന്ന്  ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത്ഗീതയിൽ പറയുന്നുണ്ട്. 

മനഃശുദ്ധിയില്ലെങ്കിൽ  കാരണങ്ങൾക്ക് - ഇന്ദ്രിയങ്ങൾക്ക് - ശുദ്ധിയുണ്ടാകില്ല. ഇന്ദ്രിയശുദ്ധി ഇല്ലെങ്കിൽ കർമ്മ ശുദ്ധിയുമുണ്ടാകില്ല. കർമ്മശുദ്ധിയില്ലാതെ ജപിച്ചത് കൊണ്ടുമാത്രം ഒരു ഫലവും കിട്ടില്ല.

മന്ത്രശുദ്ധുയക്കും  ജപശുദ്ധിക്കും അക്ഷരകലക്ഷം ജപിക്കണം. മന്ത്രത്തിൽ എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം, അതാണ്‌ അക്ഷരലക്ഷം. ജപത്തിന് സ്ഥലം,ആസനം, ബന്ധം, മുദ്ര, ദൃഷ്ടി, മന്ത്രം എന്നീ ആറ്‌ അംഗങ്ങൾ ഉണ്ട്.  ഇതൊന്നും മാറുകയോ മാറ്റുകയോ അരുത് . ആസാം ജപിക്കുവാൻ  ഇരിക്കുന്ന ഇരിപ്പിടമാണ്. ബന്ധം ഉഡ്യാണബന്ധവും, മുദ്ര ചിന്മുദ്രയുമാണ്. ദൃഷ്ടി ഹൃദയത്തിലോ ഭ്രൂ മദ്ധ്യത്തിലോ ആകാം. ബാഹ്യവും ആന്തരികവുമായ ശ്രദ്ധയോടെ, ഗുരുവന്ദനം ചെയ്ത്‌  പ്രദോഷത്തിലും പ്രഭാതത്തിലും നിശ്ചിത സംഖ്യ ജപിക്കണം.  ആദിത്യാഭിമുഖമായിട്ടിരുന്നാണ് ജപിക്കേണ്ടത്. ഉത്തരാഭിമുഖമായി (വടക്കോട്ട്‌ നോക്കിയിരുന്ന്) എപ്പോൾ വേണമെങ്കിലും ജപിക്കാം. .......................തുടരും...

ജീവിച്ച വർഷങ്ങളിൽ എത്രമാത്രം ജീവിതമുണ്ടായിരുന്നു

സ്നേഹം സ്വീകരിക്കുവാൻ എന്തെളുപ്പമാണ്. അത് നഷ്ടപ്പെട്ടാൽ സഹിക്കാൻ വളരെ പ്രയാസവുമാണ്. എന്നാൽ ഇതിനിടയിൽ അത് കൊടുക്കാൻ നമ്മളിൽ പലരും മറന്നു പോക്കുന്നു. വേവലാതികൊണ്ടാ; മനഃപൂർവ്വമല്ല!

******************

അനുരഞ്ജനം നല്ല കുടയാണ്. പക്ഷേ, മോശം മേൽക്കുരയും. അത്, ഒരു താൽക്കാലിക പരിഹാരം മാത്രമാണ്.

******************

എന്ത് കൊടുക്കുന്നു എന്നതല്ല എങ്ങനെ കൊടുക്കുന്നു എന്നതാണ് കാര്യം. കൊടുക്കുന്ന ആളുടെ ഭാവനയ്ക്ക് അനുസരിച്ചായിരിക്കും വാങ്ങുന്ന ആളുടെ സംതൃപ്തി.

******************

നമുക്ക് ചെയ്യാൻ പ്രത്യേകിച്ചൊന്നുമില്ലാത്തിടത്തേയ്ക്ക് നാം പോകാതിരിക്കുന്നത് തന്നെയാണ് ഉത്തമം.

******************

ജീവിതത്തിൽ എത്രവർഷം ജീവിച്ചിരുന്നു എന്നത് ഒരു കാര്യമേയല്ല. ജീവിച്ച വർഷങ്ങളിൽ എത്രമാത്രം ജീവിതമുണ്ടായിരുന്നു എന്നതാണ് കാര്യം.

******************

ആയിരം നാഴികയുള്ള നീണ്ടയാത്രയും ഒരു കാൽവെയ്പിലൂടെ വേണം തുടങ്ങാൻ.

******************

അറിയാത്തത്, അറിയില്ലെന്നറിയുന്നതാണ്, ശരിയായ അറിവ്.

വിമർശനത്തിൽ നിന്ന് രക്ഷനേടാൻ

വിമർശനത്തിൽ നിന്ന് രക്ഷനേടാൻ ഇതാ മൂന്ന് എളുപ്പവഴികൾ
1). ഒന്നും പറയാതിരിക്കുക.
2). ഒന്നും ചെയ്യാതിരിക്കുക
3). ഒന്നും ആകാതിരിക്കുക.

*******************

ഒരാൾ ഉറങ്ങിയിട്ടില്ല എന്നതുകൊണ്ട്‌ അയാൾ ഉണർന്നിരിക്കുകയാണെന്ന് അർത്ഥമാക്കേണ്ടതില്ല.

*******************

അസത്യത്തെ നേരിടാൻ ഏതു മരമണ്ടനും കഴിയും. എന്നാൽ അർദ്ധസത്യമായ അസത്യത്തെ നേരിടുന്നത് അതി കഠിനമായ ഒരേർപ്പാടാണ്.

*******************

തന്നെ കടന്ന് ഏറെ ഉയർന്നു പോയവരുടെ നന്ദികേടിനെക്കുറിച്ച് ഒരാൾ പരാതിപ്പെടാൻ ഏറെ സാദ്ധ്യതയുണ്ട്.

*******************

അസത്യത്തിന് എത്ര നല്ല പുറംതോടാണ്.

*******************

നൂറ് മുറികളുള്ള വലിയ ഭവനം നിങ്ങൾക്ക് ഉണ്ടായിരിക്കാം. പക്ഷേ, രാത്രി ഉറങ്ങുവാൻ നിങ്ങൾക്ക് ഒരു മുറിയിൽ എട്ടടിസ്ഥലം മാത്രം മതി.

*******************

യുക്തി എക്കാലത്തും ഉണ്ടായിരുന്നു. എന്നാൽ അത് യുക്തിസഹമായ രീതിയിൽ ആരിയുന്നില്ലെന്നു മാത്രം.

ഭക്ത്യാ ഭാഗവതം ജ്ഞേയം - 04

തമോഗുണത്തിൽ നിന്നാണ്  പഞ്ചഭൂതങ്ങൾ ഉണ്ടാകുന്നത്. രജോഗുണത്തിൽ നിന്ന്   ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും. സത്വഗുണത്തിൽ നിന്ന് ഇന്ദ്രിയാധിഷ്ഠിത ദേവന്മാർ ഉണ്ടാകുന്നു. ജീവൻ എന്നത് ഈശ്വരചൈതന്യം തനെയാണ്‌. ജീവന് ഇന്ദ്രിയങ്ങളോടുള്ള അത്യന്ത സംയോഗം മൂലം 'ഞാൻ'  എന്ന  ഭാവം ഉണ്ടാകുന്നു. 'അഹം' എന്ന ഭാവത്തിന്റെ വളർച്ചക്ക്  ഇന്ദ്രിയങ്ങളിലൂടെയുള്ള വിഷയങ്ങളുടെ സ്വീകരണം കാരണമായിത്തീരുന്നു.

എന്നാൽ എപ്പോഴും ആത്മാവ് സാക്ഷീ ചൈതന്യമായി നിലനിൽക്കുന്നു. മനസ്സ് അനുഭവിക്കുന്ന സുഖദുഃഖങ്ങൾ   ജീവൻ സ്വയം ഏറ്റെടുക്കുകയാണ്. ആത്മാവിനുണ്ടാകുന്ന കേവലമായ ഒരു ഭ്രമഭ്രംഷമാണ്  ഇതിന് കാരണം. മനസ്സിന്റെ സുഖദുഖങ്ങളെ ജീവൻ  സ്വയം ഏറ്റെടുക്കുമ്പോൾ 'ഞാൻ' എന്ന  ഭാവമായി.

എന്നാൽ ആത്മവിചാരത്തിലൂടെ മനസ്സ് സ്വന്തം രൂപത്തെ തിരിച്ചറിയുമ്പോൾ ഭ്രമം അവസാനിക്കുകയും ആത്മബോധം തെളിയുകയും ചെയ്യുന്നു.അഹംഭാവം മാറി അഹംബോധം തെളിയാൻ 'തദനു ഭജന' (ആത്മവിചാരം) ചെയ്യുക. ജഡമേത്  ചേതനമെത്  എന്ന് അപ്പോൾ വേർത്തിരിച്ചറിയാൻ  കഴിയും. മനസ്സ് ഒരു പ്രവാഹമാണ്. ചിന്തയുടെ പ്രവാഹം. പ്രാണനെ നിയന്ത്രിച്ചാൽ മനസ്സിനെ നിയന്ത്രിക്കാം. പ്രാണശക്തിയാണ്  ജീവശക്തിക്ക് താങ്ങ്. പ്രാണായാമത്തിന്റെ പ്രാധാന്യം ഇതിൽ നിന്ന് മനസ്സിലാക്കാം.

ദുഃഖത്തിന്റെ യഥാർത്ഥ കാരണം അറിഞ്ഞാൽ മോചനത്തിന്റെ മാർഗ്ഗം  തുറന്നുകിട്ടും. അക്ഷമതയാണ് മിക്ക ദുഃഖങ്ങളുടെയും കാരണം. ദൈവത്തിന്റെ ഇച്ഹക്ക്  അനുസരിച്ചാണ് ജീവിക്ക് സുഖവും ദുഖവും വരുന്നത്. ജീവിയുടെ മുൻകാല കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് ഈശ്വരേച്ഹ സംഭവിക്കുന്നത്‌.        

ഭക്ത്യാ ഭാഗവതം ജ്ഞേയം - 03


ഭാഗവതം എന്നത് ഒരു മനോഭാവമാണ്. ഏതിനെയും ഉൾക്കൊള്ളാൻ സന്നദ്ധമായൊരു മനോഭാവം. ഭാഗവതമായ മനസ്സിന് ഒന്നും അന്യമല്ല. ഏതു അപരിചിതമായ ആശയത്തേയും അത് ഉൾക്കൊള്ളും. ശ്രുതി, യുക്തി, അനുഭവം അനുഭവം എന്നീ മാനദണ്ഡങ്ങൾ വെച്ചുകൊണ്ട് അത് പരിശോധിക്കും.തള്ളേണ്ടത് തള്ളും; കൊള്ളേണ്ടത്  കൊള്ളും. ഭാഗവത മനസ്സ് ഇല്ലാത്തവർക്ക്‌ അപരിചിതമോ, നൂതനമോ ആയ ആശയം ഉൾക്കൊള്ളാൻ പ്രയാസമാകും. ഭാഗവതം എന്ന ഗ്രന്ഥം വായിച്ചതുകൊണ്ട് മാത്രം ഭാഗവത'മനസ്സ്'ഉണ്ടാവുകയില്ല.
ഭഗവാൻ ഏകൻ .... ബാക്കിയെല്ലാം മായ.     

ഭക്ത്യാ ഭാഗവതം ജ്ഞേയം - 02


ഭാഗവതത്തെ സർവ്വ വേദാന്തസാരം എന്നാണ്  പറയുന്നത്.

സർവ്വ വേദാന്തസാരം യദ് 
ബ്രഹ്മാത്മൈകത്വ ലക്ഷണം
വസ്ത്വഃ  ദ്വിതീയം തന്നിഷ്ടം
കൈവല്യൈക  പ്രയോജനം.

ഇത് സർവ്വ വേദാന്തസാരമാണ് . ഉപനിഷത്തുക്കളുടെ പ്രതിപാദനലക്ഷ്യമായ ബ്രഹ്മവും ആത്മാവും തമ്മിലുള്ള ഐക്യം എന്ന ലക്ഷണത്തോടുകൂടിയതുമാണ്. ഇതിൽ പ്രതിപാദിക്കപ്പെടുന്ന സദ്‌വസ്തു  അഥവാ പരമാത്മവസ്തു ഏകവും അദ്വിതീയവുമാണ്. ആ  പരമാത്മവസ്തുവിലാണ് പ്രപഞ്ചം വിവർത്തരൂപേണ പ്രതിഷ്ഠിതമായിരിക്കുന്നത്. ഉപനിഷത്ത് ഉപാസനകൊണ്ട്  പ്രാപിപ്പിക്കപ്പെടേണ്ട മോക്ഷം അല്ലെങ്കിൽ കൈവല്യമാണ്  ഭാഗവതത്തിന്റെ ഏകമായ പ്രയോജനവും.

ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുന്നത് ഏതൊരു സദ്‌വസ്തുവിലാണോ, ചലനാത്മകമായ ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുമ്പോഴും പ്രപഞ്ചത്തിന്  കാരണമായ ഏതൊരു സദ്‌വസ്തു അചഞ്ചലമായി നിലകൊള്ളുന്നുവോ, ഏതൊരു സദ്‌വസ്തു പ്രപഞ്ചാനുഭവങ്ങളുടെ മാനങ്ങളായി കാലം, ദേശം, അവസ്ഥ എന്നിവയെ അതിക്രമിച്ച് അവയ്ക്ക്  അതീതമായി വർത്തിക്കുന്നുവോ ആ പരമാർത്ഥ തത്വത്തെയാണ്  ഉപനിഷത്തുക്കൾ 'സത്', അവൻ (സഃ), ബ്രഹ്മം, പരമാത്മാവ്‌ തുടങ്ങിയ ശബ്ദങ്ങളാൽ വിവക്ഷിക്കുന്നത്.

സർവ്വം ഖല്വിദം ബ്രഹ്മതജ്
ജലാനിതി  ശാന്തമുപാസിത

(ദൃശ്യപ്രപഞ്ചം ബ്രഹ്മം തന്നെയാണ്. പ്രപഞ്ചം. പ്രപഞ്ചം ബ്രഹ്മത്തിലുണ്ടായി നിലനിന്ന് മറയുന്നു എന്നറിഞ്ഞ് ശാന്തരായി ഉപാസിക്കുവിൻ).

സ ദേവ സൗമ്യ  ഇദമഗ്ര ആസീത്  
ഏകം ഏവ അദ്വിതീയം 

(ഈ പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനുമുമ്പ്  'സത് ' മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത് ഏകവും കേവലവും അദ്വിതീയവുമാണ്.)

'യതോവാ ഇമാനി ഭൂതാനി ജായന്തേ
യേന ജാതാനി ജീവന്തി , യത് പ്രയന്ത്യഭിസം
വിശന്തി തത് ബ്രഹ്മേതി'

(ഏതൊന്നിൽ നിന്നാണോ ഈ ഭൂതജാലങ്ങൾ എല്ലാം ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഇവയെല്ലാം നിലനിൽക്കുന്നത്, ഏതൊന്നിലാണോ ഉണ്ടായിനിലനിന്നവയെല്ലാം ലയിക്കുന്നത്  അതിനെയാണ്  ബ്രഹ്മം എന്ന് പറയുന്നത്.)

മുകളിൽ ഉദ്ധരിച്ച വെദാന്തസാരങ്ങളായ ഉപനിഷത്ത് വാക്യങ്ങളിൽ നിന്ന്  ബ്രഹ്മത്തിന്റെ എകത്വത്തെയും   അധിഷ്ഠാനമെന്ന നിലയിൽ  പ്രപഞ്ചത്തിന്റെ കാരണത്തെയും വെളിപ്പെടുത്തുന്നു. ഇതേ ആശയം തന്നെ ഭാഗവത്തിൽ സൂക്ഷ്മ ഭാഗവതം (ഹ്രസ്വ ഭാഗവതം) എന്നു പ്രസിദ്ധമായ 'ചതുശ്ലോകീ' ഭാഗവത്തിൽ ആദ്യംതന്നെ പറഞ്ഞുവേക്കുന്നു.

ഭാഗവതത്തിലെ കഥകളിലെല്ലാം തന്നെ തത്വരൂപത്തിൽ ഭഗവാൻറെ അദ്വൈത രൂപത്തേയും   ജീവ ബ്രഹ്മ ഐക്യത്തേയും  സംശയലേശമന്യേ  വെളിപ്പെടുത്തുന്നതിനോടൊപ്പം തന്നെ അഭ്യാസരൂപേണ പല കുറി  ആവർത്തിക്കുകയും ചെയ്യുന്നു.

പുരഞ്ജനോപാഖ്യാനം നോക്കു...ജീവൻറെ അവിജ്ഞാത സഖാവായി പരമാത്മാവിനെ അവതരിപ്പിച്ചുകൊണ്ട്  ജീവനും പരനും ഒരേ തത്വം തന്നെയെന്നും ഈ അവിജ്ഞാതസഖാവിനെ മറന്നതാണ് ജീവൻറെ സുഖദുഃഖങ്ങൾക്ക്  കാരണമെന്നും പറയുന്നു. മാനസസരസ്സിൽ വിഹാരിച്ചുകൊണ്ട് കാലാതീതമായി വർത്തിച്ചിരുന്ന  ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയന്ന  ഐക്യഭാവനയിലേക്ക്  പുരഞ്ജനകഥ എത്തിചേരുന്നു.

ഭാഗവത കഥയുടെ പരിസമാപ്തിയുൽ ശ്രീശുക ബ്രഹ്മർഷി  പരീക്ഷിത്ത് മഹാരാജാവിന്  ജീവൻറെയും ബ്രഹ്മത്തിന്റെയും ഐക്യം അനുഭവവേദ്യമാക്കി നൽകുന്നു .

ഗീത ഒരു പഠനം - 02

ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ധർമ്മം ഉണ്ട് . അത് പ്രവൃത്തിക്ക് അനുസരണമായി മാറിക്കൊണ്ടും ഇരിക്കും.ഒരാളുടെ ധർമ്മം മറ്റൊരാൾക്ക്‌ ധർമ്മം ആയികൊള്ളണമെന്നില്ല . പട്ടാളക്കാരന്റെ ധർമ്മമല്ല ഗൃഹസ്തന്റെ ധർമ്മം. ഗുരുവിന്റെ ധർമ്മമല്ല ശിഷ്യന്റെ ധർമ്മം. ഇപ്രകാരം സ്വധർമ്മം മാറിക്കൊണ്ടിരിക്കും.സ്വന്തം തൊഴിൽ ഈശ്വരോപാസനയോടും നിസ്വാർത്ഥമായും   ചെയ്യണമെന്നു ഗീത നമ്മെ പഠിപ്പിക്കുന്നു . ഗീതയിലെ ഈശ്വരൻ സ്വർഗ്ഗവാസിയോ ക്ഷേത്രത്തിലെ ശ്രീകോവിൽ വാസിയോ അല്ല. അദ്ദേഹം സർവ്വവ്യാപിയും സർവ്വാത്മവും സർവ്വാന്തര്യാമിയുമാണ്.

                 സർവ്വഃത പാണി  പാദം  തത് 
                 സർവ്വതോƒക്ഷി  ശിരോമുഖം
                 സർവ്വതഃ   ശ്രുതിമല്ലോകേ 
                 സർവ്വമാവൃത  തിഷ്ഠതി

ലോകത്തിലുള്ള സകല കണ്ണും സകല ചെവിയും അദ്ദേഹത്തിന്റെതാണ്. സർവ്വ ശരീരങ്ങളിലും വർത്തിക്കുന്നത് അദ്ദേഹമാണ്. ഇങ്ങനെയുള്ള ഈശ്വരൻറെ ആരധനയായിട്ട്  സർവ്വകർമ്മവും ആവശ്യം വേണ്ടിവന്നാൽ യുദ്ധവും ചെയ്യാമെന്നാണ് ഗീത പറയുന്നത്. 

സ്വന്തം തൊഴിൽ ഉപേക്ഷിച്ച് സന്യസിക്കുവാൻ ഗീത ഉപദേശിക്കുന്നില്ല.ജാതിസ്പർധയോ അയിത്തമോ പുലർത്താൻ ഗീത ഉപദേശിക്കുന്നില്ല. ഗീത പഠിച്ചതുകൊണ്ട് ഒരു തൊഴിലാളിയും സന്യസിയാകില്ല. മറിച്ച് ആ വ്യക്തി സ്വന്തം തൊഴിലിൽ ആത്മാർഥത പുലർത്തി സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുകയേയുള്ളു. 

ലോകത്ത് ഇന്ന്  കാണുന്ന സാമ്പത്തിക അസമത്ത്വത്തിനും ചൂഷണത്തിനും എതിരായുള്ള ഫലപ്രദമായുള്ള ക്രിയാമർഗ്ഗം ഗീത കാട്ടിത്തരുന്നു. യജ്ഞശിഷ്ഠത്തിനും ദാനത്തിനും ഗീത വളരെ പ്രാധാന്യം നൽകുന്നു.യജ്ഞം എന്നാൽ ത്യാഗം എന്നർത്ഥം. ധനം സമ്പാദിക്കുന്നത് 
സമ്പാതിക്കുന്നവന്റെ ഭോഗസുഃഖത്തിനല്ല മറിച്ച് ദീനനും രോഗിക്കും ദരിദ്രനും സേവനം ചെയ്യാൻ  വേണ്ടിയായിരിക്കണമെന്ന്  ഗീത നമ്മെ പഠിപ്പിക്കുന്നു. 
ചുരുക്കത്തിൽ ഗീതാ സന്ദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. 'ഒരുവന്റെ പ്രവൃത്തിരംഗം എന്തുതന്നെയായിക്കൊള്ളട്ടെ, അവൻ ചെയുന്ന സകല കർമ്മവും ഈശ്വരാര്പ്പണമായി, നിഷ്ക്കാമമായി, നിസ്വാർത്ഥമായി ചെയ്യുക.സർവ്വവ്യാപിയും വിരാട്ട് രൂപിയുമായ സർവ്വേശ്വരന്റെ ആരാധനയായിരിക്കണം അവന്റെ എല്ലാ കർമ്മവും'.ബഹുജനഹിതായ, ബഹുജനസുഖായ എന്നായിരിക്കണം അവന്റെ മുദ്രാവാക്യം. അപ്പോൾ അവന്റെ മനസ്സ് രാഗദ്വേഷ വിമുക്തമാകും.ശുദ്ധമായ മനസ്സുകൊണ്ട് ഈശ്വരനെ സാക്ഷാത്കരിക്കാം.സാക്ഷാത്കാരം കൊണ്ട്  നിത്യാനന്ദം എന്ന ജീവിത ലക്ഷ്യം നേടാം. 

ഗീതോപദേശം സ്വജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുക.നമുക്ക് ചുറ്റും കാണുന്ന ദോഷങ്ങൾക്ക് പരിഹാരം അത് മാത്രമാണ്.

സർവ്വതിനേയും സമത്വഭാവേന വീക്ഷിക്കുക!
സർവ്വഭൂതങ്ങളിലും ഈശ്വരനെ ദർശിക്കുക!
ലോകത്ത് ശാന്തിയും സമാധാനവും തനിയെ  വരും. 

നിങ്ങളുടെ ജീവരഥം തെളിക്കാൻ  പാർതസാരഥിയായ ഭഗവാനെ തന്നെ ചുമതലപ്പെടുത്തുക, ശരണം പ്രാപിക്കുക. - "സത്സംഗം"   

ഭക്ത്യാ ഭാഗവതം ജ്ഞേയം - 01

ഏതൊരു വ്യക്തിയും  ആവശ്യം സാക്ഷാത്ക്കരിക്കേണ്ട ബൗദ്ധിക മൂല്യമാണ് സത്യം. ഭാരതീയ ഋഷികൾ  ഇത് പണ്ടേ കണ്ടെത്തി. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ യാഥാർത്യവും സത്യത്തിൽ തന്നെ ഉറപ്പിച്ചു നിര്ത്തിയിരിക്കുന്നു. അതീന്ദ്രിയമായ സത്യവും അതീന്ദ്രിയമായ ജ്ഞാനവും ഒന്നുതന്നെ. സത്യദർശനമായിരുന്നു ഋഷിമാരുടെ ജീവിതലക്ഷ്യവും.

ആധുനികശാസ്ത്രവും അന്വേഷിക്കുന്നത് അതുതന്നെ. പദാർത്ഥനിഷ്ഠമായ മാർഗ്ഗത്തിലൂടെയാണ്  അവർ അന്വേഷിക്കുന്നത്. അതീന്ദ്രിയമായ സത്യത്തെ  ഭൗതികമാനങ്ങൾക്ക്  വിധേയമാക്കാൻ ശ്രമിച്ചാൽ വിജയിക്കില്ല. ദേശകാലങ്ങൾക്ക്  വിധേയമായ മാനദണ്ഡങ്ങൾ കൊണ്ട് സത്യത്തെ അളക്കാൻ കഴിയില്ല. ജ്ഞാനത്തെ അളക്കാൻ ജ്ഞാനം കൊണ്ടേ കഴിയൂ.. ജ്ഞാനത്തിലൂടെ സത്യദർശനം സാധിച്ചവരാണ് ഋഷികൾ. അവരുടെ അന്തർമുഖവീക്ഷണം ജഗത്തിൻറെ പലതലങ്ങളെയും അനാവരണം ചെയ്ത് സത്യത്തിലേക്ക് അടുത്തു. മനുഷ്യ ജീവിതവുമായി   ബന്ധപ്പെടുത്തിക്കൊണ്ട്  സത്യസ്വരൂപത്തെ അന്വേഷിക്കുകയാണ് ശ്രീമദ് ഭാഗവതത്തിന്റെ ലക്ഷ്യം.

സത്യാന്വേഷണത്തിന് മനുഷ്യന് ലഭിച്ച ഉപാധിയാണ് ഈ ജഗത്ത്. അഖണ്ഡമായ നിത്യവസ്തുവാണ്  സത്യം. അതിലാണ് ജഗത്തിന്റെ നിലനില്പ്പ്. കാര്യത്തില്  നിന്ന് കാരണ ത്തിലേക്ക് അന്വേഷണം പുരോഗമിക്കുന്നു. പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനും തിരോഭാവത്തിനും അധിഷ്ഠാനം സത്യമാണ്. ഇത് ഉപനിഷത്തുക്കളെ അടിസ്ഥാനമാക്കി നിർണ്ണയിക്കാം.  പദാർത്ഥത്തിന്  അതീതമായ ഒരു സങ്കൽപ്പത്തിലാണ്  ജഗത്തിന്റെ നിലയെന്ന് ആധുനിക ഭൗതികശാസ്ത്രത്തിന്  സമ്മതിച്ചുതരുവാൻ കഴിയില്ല. എന്നാൽ  വ്യാസാൻ അതിനെ  സത്യത്തിന്റെ അനിത്യഭാവങ്ങളായി യുക്തിപൂർവ്വം  നമുക്ക് കാട്ടിത്തരുന്നു.  

സത്യവും ജ്ഞാനവും ഒന്നുതന്നെയാണെന്ന്  ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നു. വിജ്ഞാനം വിഷയത്മാകവും  വ്യക്തിനിഷ്ഠവുമാണ്. വിഷയങ്ങളോടുള്ള ബന്ധമാണ്  ജ്ഞാനത്തെ വിജ്ഞാനമാക്കുന്നത്. ജ്ഞാനം നിര്വിഷയമാക്കപ്പെടുമ്പോൾ  അത് പരമസത്യമായി മാറുന്നു. നാനാത്വത്തിലാണ് വിജ്ഞാനത്തിന്റെ നിലനില്ല്പ്പ്. സർവ്വപ്രാണികളിലും നിലനിന്നുകൊണ്ട്      ജഗത്ബോധം ജനിപ്പിക്കുന്നത് ഈ വിജ്ഞാനമാണ്‌. അതിനെ വിഷയനിർമുക്തമാക്കുമ്പോൾ  പരമമായ സത്യ ദർശനമായി.  

സ്വയം പ്രകാശികകുന്നതാണ് ജ്ഞാനം. അതിനെ പ്രകാശിപ്പിക്കുവാൻ മറ്റൊരു പ്രകാശവും ആവശ്യമില്ല. ഭഗവാൻ സത്യസ്വരൂപനാണ്. മോഹം നിമിത്തം പലരും അത് തന്നിൽതന്നെയാണ്   സ്ഥിതി ചെയ്യുന്നതെന്ന് തിരിച്ചറിയുന്നില്ല. ആ യാഥാർത്ഥ്യം അറിയിക്കുകയാണ്  ഉപനിഷത്തുക്കൾ ചെയ്യുന്നത്. ഇന്ദ്രിയങ്ങൾ ബഹിർമുഖങ്ങളായതിനാൽ സത്യത്തെ തന്നിൽനിന്ന് അന്യമായി   കാണുവാൻ ഓരോ മനുഷ്യനേയും പ്രേരിപ്പിക്കുന്നു. ഇന്ദ്രിയങ്ങളെ അന്തർഖങ്ങളാക്കിയാൽ മാത്രമേ  സത്യത്തിന്റെ  സാക്ഷാത്കാരം സാധ്യമാകു.
ജഗത്തിന്റെ തൃഗുണാത്മികമായ രചന സത്യത്തെ തികച്ചും ആവരണം ചെയ്യുന്ന വിധത്തിലാണ്. അതുകൊണ്ട് പരമമായസത്യം തന്നിൽനിന്നു അന്യമാണെന്ന് മനുഷ്യർ വിചാരിക്കുന്നു. എന്നാൽ അത് അകത്തും പുറത്തും       നിർലിപ്തമായി സ്ഥിതി ചെയ്യുന്നു; ഒന്നിനോടും ചേരാതെ, എങ്ങും നിറഞ്ഞ്.  ആ സത്യമാണ് ഭാഗവത്തിന്റെ പ്രമേയം. അതിനെ സാക്ഷാത്കരിക്കുകയാണ്  ജീവിതത്തിൻറെ പരമലക്ഷ്യം
.
ആദ്ധ്യാത്മിക ശാസ്ത്രങ്ങളുടെ കൂട്ടത്തിൽ ശ്രീമദ് ഭാഗവതത്തിന് സമുന്നതമായ ഒരു സ്ഥാനമുണ്ട്. കലിയുഗത്തിൽ അന്നഗതപ്രാണരായ മനുഷ്യർക്ക്  സരളമായ ഭക്തിമാർഗ്ഗത്തെ പ്രകാശിപ്പിക്കുന്നതിനാൽ ഭാഗവതത്തിന് മഹോന്നതമായ സ്വീകാര്യതയുമുണ്ട്. ഭക്തി മാത്രമല്ല ജ്ഞാനവൈരാഗ്യങ്ങളെക്കൊണ്ടും സമ്പുഷ്ഠമാണ്  ശ്രീമദ് ഭാഗവതം. 18 പുരാണങ്ങളിലും  ശ്രേഷ്ഠമായതിനാൽ ഇതിനെ പുരാണതിലകം എന്ന് വിളിക്കുന്നു.

പുരാണങ്ങൾ ഉപനിഷത്ത് ശാസ്ത്രങ്ങളുടെ കഥാരൂപത്തിലുള്ള ആവിഷ്ക്കാരങ്ങളാണ്. ഭാഗവതം സർവ്വൊപനിഷത് സാരവും. വേദങ്ങളിൽ പ്രകാശിപ്പിചിരിക്കുന്ന തത്ത്വങ്ങളുടെ സംക്ഷിപ്തവും  യുക്ത്യാധിഷ്ഠിതവുമായ പ്രഖ്യാപനങ്ങളാണ്‌ ഉപനിഷത്തുകളിൽ കാണപ്പെടുന്നത്‌.  ഉപനിഷത്തുകളിൽ പറഞ്ഞതിൽ കവിഞ്ഞ ഒരറിവും ഇനി ഉണ്ടാവാനില്ല. അറിവിൻറെ അവസാനമാണ്  'വേദാന്തം'.  വേദാന്തം തന്നെയാണ്   ഉപനിഷത്തുക്കൾ.                    

ഗീത ഒരു പഠനം

ഹിന്ദു  മത ഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്  വേദങ്ങളാണ്. വേദങ്ങളുടെ സാരമാണ് ഉപനിഷത്തുകൾ. ആ ഉപനിഷത്തുക്കളുടെ സാരമാണ് ശ്രീമദ് ഭഗവത്ഗീത. 

ഗീത കേവലം ഹിന്ദുമത വിശ്വാസികളുടെ ഒരു മതഗ്രന്ഥമല്ല. അത് പൊതുവെ ലോകജനതക്ക് സ്വീകാര്യമായ, അത്യന്തം വിലപ്പെട്ട ഒരു അപൂർവ്വ ഗ്രന്ഥമാണ്. മനുഷ്യന് ദൈനം ദിന ജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെയും വിഷമങ്ങളെയും പരിഹരിച്ച് അവർക്ക് വിവേകവും സുഖവും ശാന്തിയും നേടുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ് ഗീത. അത് ഒരു പ്രത്യേക രാഷ്ട്രത്തേയോ സമുദായത്തേയൊ  മതത്തേയോ ലക്ഷ്യമാക്കിയല്ല ഉപദേശിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യ സമൂദായത്തിന് ഒട്ടാകെ ജന്മസാഫല്യം നേടുവാൻ അനുസരിക്കേണ്ട ഉപദേശങ്ങളാണ് ഗീതയിൽ കാണുന്നത്. മനുഷ്യ സമൂഹത്തിന്റെ സന്മാർഗ്ഗബോധത്തിനും ഉൾകർഷതിത്തിനും ഉന്നമനത്തിനും ശ്രേയസ്സിനും ഉതകുന്ന തത്വസംഹിഹകളുടെ സമാഹാരമാണത്.

ഭോഗതൃഷ്ണയിലും ഉപഭോഗസംസ്കാരത്തിലും ഉഴലുന്ന, സ്വധർമ്മം മറന്ന നമുക്ക് ഭഗവത്ഗീതയിലെ തത്ത്വോപദേശങ്ങൾ അത്യാവശ്യങ്ങളാണ്. അതി ഗഹനമാണ് ഗീതയിലെ തത്ത്വോപദേശസാരങ്ങൾ. അതുകൊണ്ടാണ് ഗീതാവ്യഖ്യാതാക്കളായ വിവധ പണ്ഡിത ശ്രേഷ്ഠന്മാർ അവരവരുടെ രുചിഭേദമനുസരിച്ച്  വവിധങ്ങളായ വ്യാഖ്യാനങ്ങൾ ഗീതയ്ക്ക്  നൽകിയിരിക്കുന്നത് . ഗീതാ സന്ദേശം ജ്ഞാനയോഗമാണ്, ഭക്തിയൊഗമാണ്, രാജയോഗമാണ്, കർമ്മയോഗമാണ് എന്നെല്ലാമാണ് ഈ  വ്യാഖ്യാനങ്ങൾ. ഓരോതരത്തിൽ ഇവയെല്ലാം ശരിയാണ് താനും. എല്ലാ യോഗങ്ങൾക്കും ഗീതയിൽ സ്ഥാനമുണ്ട്. 'സർവ്വ ശാസ്ത്രമയീ ഗീത' എന്ന് വ്യാസനും  'സമസ്ത വേദാർത്ഥ സാരസംഗ്രഹ ഭൂതം' എന്ന് ശ്രീശങ്കരനും ഗീതയെ വിശേഷിപിച്ചു . ' യുക്തിവാദികളുടെപോലും രാജാവ് എന്ന് മഹാത്മജിയുടെ പ്രഖ്യാപനവും ശ്രദ്ധേയമാണ് .  ഗീതയെ അദ്ദേഹം രണ്ടാമത്തെ മാതാവായി വിശേഷിപ്പിച്ചിട്ടുമുണ്ട്. കഷ്ടതയോ ബുദ്ധിമുട്ടോ മന:ക്ളേശമോ വരുമ്പോൾ മഹാത്മജി ഈ രണ്ടാനമ്മയുടെ മടിയിൽ അഭയം പ്രാപിക്കും. അവിടെ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന ഒരു ശ്ളോകം അദ്ദേഹം കണ്ടെത്തുന്നു. ഗീതാ ഭക്തൻ നിരാശ എന്തെന്ന് അറിയുന്നില്ല. ' അനാസക്തിയോഗ'മെന്ന  ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനം പ്രസിദ്ധമാണ്.

ഗീതയിലെ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിൽ പതിനൊന്നാം ശ്ളോകം മുതൽ പ്രത്യക്ഷമായി തന്നെ ഉപദേശ തത്ത്വങ്ങൾ ആരംഭിയ്ക്കുന്നു. കുരുക്ഷേത്ര ഭൂമിയിൽ നടന്ന കൗരവ പാണ്ഡവ യുദ്ധത്തിൽ അർജ്ജുനൻ ബന്ധുജനങ്ങളോട് പോരിൽ ഏറ്റുമുട്ടുന്നതിനു വിമുഖത കാട്ടുകയും വില്ലും അമ്പും താഴെവെച്ചു വ്യാകുലചിത്തനായി തീരുകയും ചെയ്തപ്പോൾ അദ്ദേഹത്തെ സ്വധർമ്മ തല്പരനാക്കുന്നതിനു സാരഥിയായിരുന്ന ശ്രീകൃഷ്ണൻ നല്കുന്ന ഉപദേശമാണ് ഭഗവത് ഗീത.