Showing posts with label bhakthi. Show all posts
Showing posts with label bhakthi. Show all posts

വിഗ്രഹം ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിച്ചതിന്റെ തത്ത്വം

ഇന്ദ്രിയങ്ങളെ അടക്കി മനസ്സിന് ശാന്തി വന്നവനാണ് "ശാന്തിക്കാരൻ". 

വിഗ്രഹം ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിച്ചതിന്റെ തത്ത്വം ഭഗവാൻ നമ്മുടെ ഇരുളടഞ്ഞ ഹൃദയഗുഹയ്ക്കുള്ളിൽ ഇരിക്കുന്നുവെന്നും മനസ്സ് ശാന്തമായവർക്കു മാത്രമേ വിഗ്രഹം (ഹൃദയഗുഹയ്ക്കുള്ളിൽ ഇരിക്കുന്ന ഭഗവാനെ) കാണാൻ കഴിയുകയുള്ളു എന്നുമാണ്. 

വിളക്ക് തെളിയിക്കുമ്പോഴാണ് വിഗ്രഹം കാണുന്നത്. വിവേകമാകുന്ന തിരി (നിത്യാനിത്യവസ്തുവിവേകം) ജ്ഞാനമാകുന്ന അഗ്നിയും ഭക്തിയാകുന്ന എണ്ണയും (സ്നേഹം) ഉണ്ടെങ്കിൽ സ്വന്തം ഹൃദയത്തിൽ ഇരിക്കുന്ന ഭഗവാനെ കാണാൻ കഴിയും. ഇതാണ് പൂജാമുറിയിലെ തത്ത്വം.

 ക്ഷേത്രത്തിൽ ബിംബത്തെയാണ് പ്രതിഷ്ഠിക്കുന്നത്. പ്രതിബിംബമാണ് ജീവൻ, മായയിൽ പ്രതിബിംബിച്ച ബ്രഹ്മ ചൈതന്യമായ ജീവന് നാനത്വമുണ്ട്‌. എന്നാൽ ബിംബത്തിന് നാനത്വമില്ല. ഈശ്വരൻ ഒന്നുമാത്രം. പ്രതിബിംബജീവൻ അനേകം പ്രതിബിംബ ബിംബത്തിൽ ലയിക്കുന്നതുപോലെ ജീവൻ ബ്രഹ്മമാകുന്ന ബിംബത്തിലും ലയിക്കുന്നതിനാണ് ക്ഷേത്രോപാസന വിധിച്ചിരിക്കുന്നത്. ഗാത്രം ക്ഷേത്രമാണ്. ജീവൻ ശിവനുമാണ്. ക്ഷേത്രവും ക്ഷേത്രജ്ഞാനവും എന്തെന്ന് അറിയുന്നതാണ് "ജ്ഞാനം" എന്ന് ഭഗവത് ഗീതയിൽ പറയുന്നത്.

മന്ത്രശുദ്ധിക്കും ജപശുദ്ധിക്കും അക്ഷരലക്ഷം ജപിക്കണം

മന്ത്രശുദ്ധിക്കും ജപശുദ്ധിക്കും അക്ഷരലക്ഷം തവണ മന്ത്രം ജപിക്കണം. മന്ത്രത്തിൽ എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം, അതാണ്‌ അക്ഷരലക്ഷം. അത് ശ്രദ്ധ, ഭക്തി, വിശ്വാസപൂർവ്വം ഒരേ സ്ഥലത്തിരുന്ന് ഒരേ സമയത്ത് ഒരേ സംഖ്യ ഒരേ ധ്യാനപൂർവ്വം ചെയ്യണം. ജപത്തിന് സ്ഥലം, ആസനം, ബന്ധം, മുദ്ര, ദൃഷ്ടി, മന്ത്രം എന്നീ ആറ് അംഗങ്ങൾ ഉണ്ട്. ഇതൊന്നും മാറുകയോ മാറ്റുകയോ അരുത്. 

ആസനം - ജപിക്കുവാൻ ഉപയോഗിക്കുന്ന ഇരിപ്പിടമാണ്.

ബന്ധം - ഉഢ്യാണബന്ധവും മുദ്ര ചിൻമുദ്രയുമാണ്‌.

ദൃഷ്ടി - ഹൃദയത്തിലോ, ഭ്രൂമദ്ധ്യത്തിലോ ആകാം.

ബാഹ്യവും ആഭ്യന്തരവുമായ ശുദ്ധിയോടെ, ഗുരുവന്ദനം ചെയ്ത്, പ്രദോഷത്തിലും പ്രഭാതത്തിലും നിശ്ചിതസംഖ്യ മന്ത്രം ജപിക്കണം. സൂര്യന് അഭിമുഖമായിട്ടിരുന്നാണ് മന്ത്രം ജപിക്കേണ്ടത്. ഉത്തരാഭിമുഖമായി (വടക്കോട്ട്‌ നോക്കിയിരുന്ന്) എപ്പോൾ വേണമെങ്കിലും മന്ത്രം ജപിയ്ക്കാം.

ഭഗവാന്റെ ചതുർബാഹു

സ്വധർമ്മം ഈശ്വരാർപ്പണമായി ചെയ്യുക . ഗ്രാമ്യധർമ്മങ്ങൽ ഒഴിവാക്കുക . കഴിയുന്നതും ഏകാന്തതയിൽ  ഇരിക്കുക. ഏകത്തിൽ മനസ്സ് ഉറപ്പിച്ച്   ഇരിക്കുന്നതാണ്  ഏകാന്തത. ഭഗവത് സ്മരണയിൽ ഇരിക്കുക.
 ഭഗവാന്റെ ചതുർബാഹുവിൽ അടങ്ങിയിരിക്കുക തത്വം:
--------------------------------------------------------------
1. ശംഖ്  - ജ്ഞാനത്തെ സൂചിപ്പിക്കുന്നു
2. ഗദ     - ശക്തിയെ സൂചിപ്പിക്കുന്നു
3. ചക്രം  - പ്രകാശത്തെ സൂചിപ്പിക്കുന്നു  / കാലത്തെ സൂചിപ്പിക്കുന്നു
4. താമര - ആനന്ദത്തെ സൂചിപ്പിക്കുന്നു / നിർലിപ്തത (ഒട്ടലില്ലായ്മ്മ )യെ സൂചിപ്പിക്കുന്നു
ഭഗവാനിൽ ഈ നാലും അടങ്ങിയിരിക്കുന്നു. നാലും കൂടി ചേർന്നതാണ്  ഭഗവാൻ.

ഭക്ത്യാ ഭാഗവതം ജ്ഞേയം - 04

തമോഗുണത്തിൽ നിന്നാണ്  പഞ്ചഭൂതങ്ങൾ ഉണ്ടാകുന്നത്. രജോഗുണത്തിൽ നിന്ന്   ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും. സത്വഗുണത്തിൽ നിന്ന് ഇന്ദ്രിയാധിഷ്ഠിത ദേവന്മാർ ഉണ്ടാകുന്നു. ജീവൻ എന്നത് ഈശ്വരചൈതന്യം തനെയാണ്‌. ജീവന് ഇന്ദ്രിയങ്ങളോടുള്ള അത്യന്ത സംയോഗം മൂലം 'ഞാൻ'  എന്ന  ഭാവം ഉണ്ടാകുന്നു. 'അഹം' എന്ന ഭാവത്തിന്റെ വളർച്ചക്ക്  ഇന്ദ്രിയങ്ങളിലൂടെയുള്ള വിഷയങ്ങളുടെ സ്വീകരണം കാരണമായിത്തീരുന്നു.

എന്നാൽ എപ്പോഴും ആത്മാവ് സാക്ഷീ ചൈതന്യമായി നിലനിൽക്കുന്നു. മനസ്സ് അനുഭവിക്കുന്ന സുഖദുഃഖങ്ങൾ   ജീവൻ സ്വയം ഏറ്റെടുക്കുകയാണ്. ആത്മാവിനുണ്ടാകുന്ന കേവലമായ ഒരു ഭ്രമഭ്രംഷമാണ്  ഇതിന് കാരണം. മനസ്സിന്റെ സുഖദുഖങ്ങളെ ജീവൻ  സ്വയം ഏറ്റെടുക്കുമ്പോൾ 'ഞാൻ' എന്ന  ഭാവമായി.

എന്നാൽ ആത്മവിചാരത്തിലൂടെ മനസ്സ് സ്വന്തം രൂപത്തെ തിരിച്ചറിയുമ്പോൾ ഭ്രമം അവസാനിക്കുകയും ആത്മബോധം തെളിയുകയും ചെയ്യുന്നു.അഹംഭാവം മാറി അഹംബോധം തെളിയാൻ 'തദനു ഭജന' (ആത്മവിചാരം) ചെയ്യുക. ജഡമേത്  ചേതനമെത്  എന്ന് അപ്പോൾ വേർത്തിരിച്ചറിയാൻ  കഴിയും. മനസ്സ് ഒരു പ്രവാഹമാണ്. ചിന്തയുടെ പ്രവാഹം. പ്രാണനെ നിയന്ത്രിച്ചാൽ മനസ്സിനെ നിയന്ത്രിക്കാം. പ്രാണശക്തിയാണ്  ജീവശക്തിക്ക് താങ്ങ്. പ്രാണായാമത്തിന്റെ പ്രാധാന്യം ഇതിൽ നിന്ന് മനസ്സിലാക്കാം.

ദുഃഖത്തിന്റെ യഥാർത്ഥ കാരണം അറിഞ്ഞാൽ മോചനത്തിന്റെ മാർഗ്ഗം  തുറന്നുകിട്ടും. അക്ഷമതയാണ് മിക്ക ദുഃഖങ്ങളുടെയും കാരണം. ദൈവത്തിന്റെ ഇച്ഹക്ക്  അനുസരിച്ചാണ് ജീവിക്ക് സുഖവും ദുഖവും വരുന്നത്. ജീവിയുടെ മുൻകാല കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് ഈശ്വരേച്ഹ സംഭവിക്കുന്നത്‌.        

ഗീത ഒരു പഠനം - 02

ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ധർമ്മം ഉണ്ട് . അത് പ്രവൃത്തിക്ക് അനുസരണമായി മാറിക്കൊണ്ടും ഇരിക്കും.ഒരാളുടെ ധർമ്മം മറ്റൊരാൾക്ക്‌ ധർമ്മം ആയികൊള്ളണമെന്നില്ല . പട്ടാളക്കാരന്റെ ധർമ്മമല്ല ഗൃഹസ്തന്റെ ധർമ്മം. ഗുരുവിന്റെ ധർമ്മമല്ല ശിഷ്യന്റെ ധർമ്മം. ഇപ്രകാരം സ്വധർമ്മം മാറിക്കൊണ്ടിരിക്കും.സ്വന്തം തൊഴിൽ ഈശ്വരോപാസനയോടും നിസ്വാർത്ഥമായും   ചെയ്യണമെന്നു ഗീത നമ്മെ പഠിപ്പിക്കുന്നു . ഗീതയിലെ ഈശ്വരൻ സ്വർഗ്ഗവാസിയോ ക്ഷേത്രത്തിലെ ശ്രീകോവിൽ വാസിയോ അല്ല. അദ്ദേഹം സർവ്വവ്യാപിയും സർവ്വാത്മവും സർവ്വാന്തര്യാമിയുമാണ്.

                 സർവ്വഃത പാണി  പാദം  തത് 
                 സർവ്വതോƒക്ഷി  ശിരോമുഖം
                 സർവ്വതഃ   ശ്രുതിമല്ലോകേ 
                 സർവ്വമാവൃത  തിഷ്ഠതി

ലോകത്തിലുള്ള സകല കണ്ണും സകല ചെവിയും അദ്ദേഹത്തിന്റെതാണ്. സർവ്വ ശരീരങ്ങളിലും വർത്തിക്കുന്നത് അദ്ദേഹമാണ്. ഇങ്ങനെയുള്ള ഈശ്വരൻറെ ആരധനയായിട്ട്  സർവ്വകർമ്മവും ആവശ്യം വേണ്ടിവന്നാൽ യുദ്ധവും ചെയ്യാമെന്നാണ് ഗീത പറയുന്നത്. 

സ്വന്തം തൊഴിൽ ഉപേക്ഷിച്ച് സന്യസിക്കുവാൻ ഗീത ഉപദേശിക്കുന്നില്ല.ജാതിസ്പർധയോ അയിത്തമോ പുലർത്താൻ ഗീത ഉപദേശിക്കുന്നില്ല. ഗീത പഠിച്ചതുകൊണ്ട് ഒരു തൊഴിലാളിയും സന്യസിയാകില്ല. മറിച്ച് ആ വ്യക്തി സ്വന്തം തൊഴിലിൽ ആത്മാർഥത പുലർത്തി സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുകയേയുള്ളു. 

ലോകത്ത് ഇന്ന്  കാണുന്ന സാമ്പത്തിക അസമത്ത്വത്തിനും ചൂഷണത്തിനും എതിരായുള്ള ഫലപ്രദമായുള്ള ക്രിയാമർഗ്ഗം ഗീത കാട്ടിത്തരുന്നു. യജ്ഞശിഷ്ഠത്തിനും ദാനത്തിനും ഗീത വളരെ പ്രാധാന്യം നൽകുന്നു.യജ്ഞം എന്നാൽ ത്യാഗം എന്നർത്ഥം. ധനം സമ്പാദിക്കുന്നത് 
സമ്പാതിക്കുന്നവന്റെ ഭോഗസുഃഖത്തിനല്ല മറിച്ച് ദീനനും രോഗിക്കും ദരിദ്രനും സേവനം ചെയ്യാൻ  വേണ്ടിയായിരിക്കണമെന്ന്  ഗീത നമ്മെ പഠിപ്പിക്കുന്നു. 
ചുരുക്കത്തിൽ ഗീതാ സന്ദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. 'ഒരുവന്റെ പ്രവൃത്തിരംഗം എന്തുതന്നെയായിക്കൊള്ളട്ടെ, അവൻ ചെയുന്ന സകല കർമ്മവും ഈശ്വരാര്പ്പണമായി, നിഷ്ക്കാമമായി, നിസ്വാർത്ഥമായി ചെയ്യുക.സർവ്വവ്യാപിയും വിരാട്ട് രൂപിയുമായ സർവ്വേശ്വരന്റെ ആരാധനയായിരിക്കണം അവന്റെ എല്ലാ കർമ്മവും'.ബഹുജനഹിതായ, ബഹുജനസുഖായ എന്നായിരിക്കണം അവന്റെ മുദ്രാവാക്യം. അപ്പോൾ അവന്റെ മനസ്സ് രാഗദ്വേഷ വിമുക്തമാകും.ശുദ്ധമായ മനസ്സുകൊണ്ട് ഈശ്വരനെ സാക്ഷാത്കരിക്കാം.സാക്ഷാത്കാരം കൊണ്ട്  നിത്യാനന്ദം എന്ന ജീവിത ലക്ഷ്യം നേടാം. 

ഗീതോപദേശം സ്വജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുക.നമുക്ക് ചുറ്റും കാണുന്ന ദോഷങ്ങൾക്ക് പരിഹാരം അത് മാത്രമാണ്.

സർവ്വതിനേയും സമത്വഭാവേന വീക്ഷിക്കുക!
സർവ്വഭൂതങ്ങളിലും ഈശ്വരനെ ദർശിക്കുക!
ലോകത്ത് ശാന്തിയും സമാധാനവും തനിയെ  വരും. 

നിങ്ങളുടെ ജീവരഥം തെളിക്കാൻ  പാർതസാരഥിയായ ഭഗവാനെ തന്നെ ചുമതലപ്പെടുത്തുക, ശരണം പ്രാപിക്കുക. - "സത്സംഗം"   

ഭക്ത്യാ ഭാഗവതം ജ്ഞേയം - 01

ഏതൊരു വ്യക്തിയും  ആവശ്യം സാക്ഷാത്ക്കരിക്കേണ്ട ബൗദ്ധിക മൂല്യമാണ് സത്യം. ഭാരതീയ ഋഷികൾ  ഇത് പണ്ടേ കണ്ടെത്തി. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ യാഥാർത്യവും സത്യത്തിൽ തന്നെ ഉറപ്പിച്ചു നിര്ത്തിയിരിക്കുന്നു. അതീന്ദ്രിയമായ സത്യവും അതീന്ദ്രിയമായ ജ്ഞാനവും ഒന്നുതന്നെ. സത്യദർശനമായിരുന്നു ഋഷിമാരുടെ ജീവിതലക്ഷ്യവും.

ആധുനികശാസ്ത്രവും അന്വേഷിക്കുന്നത് അതുതന്നെ. പദാർത്ഥനിഷ്ഠമായ മാർഗ്ഗത്തിലൂടെയാണ്  അവർ അന്വേഷിക്കുന്നത്. അതീന്ദ്രിയമായ സത്യത്തെ  ഭൗതികമാനങ്ങൾക്ക്  വിധേയമാക്കാൻ ശ്രമിച്ചാൽ വിജയിക്കില്ല. ദേശകാലങ്ങൾക്ക്  വിധേയമായ മാനദണ്ഡങ്ങൾ കൊണ്ട് സത്യത്തെ അളക്കാൻ കഴിയില്ല. ജ്ഞാനത്തെ അളക്കാൻ ജ്ഞാനം കൊണ്ടേ കഴിയൂ.. ജ്ഞാനത്തിലൂടെ സത്യദർശനം സാധിച്ചവരാണ് ഋഷികൾ. അവരുടെ അന്തർമുഖവീക്ഷണം ജഗത്തിൻറെ പലതലങ്ങളെയും അനാവരണം ചെയ്ത് സത്യത്തിലേക്ക് അടുത്തു. മനുഷ്യ ജീവിതവുമായി   ബന്ധപ്പെടുത്തിക്കൊണ്ട്  സത്യസ്വരൂപത്തെ അന്വേഷിക്കുകയാണ് ശ്രീമദ് ഭാഗവതത്തിന്റെ ലക്ഷ്യം.

സത്യാന്വേഷണത്തിന് മനുഷ്യന് ലഭിച്ച ഉപാധിയാണ് ഈ ജഗത്ത്. അഖണ്ഡമായ നിത്യവസ്തുവാണ്  സത്യം. അതിലാണ് ജഗത്തിന്റെ നിലനില്പ്പ്. കാര്യത്തില്  നിന്ന് കാരണ ത്തിലേക്ക് അന്വേഷണം പുരോഗമിക്കുന്നു. പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനും തിരോഭാവത്തിനും അധിഷ്ഠാനം സത്യമാണ്. ഇത് ഉപനിഷത്തുക്കളെ അടിസ്ഥാനമാക്കി നിർണ്ണയിക്കാം.  പദാർത്ഥത്തിന്  അതീതമായ ഒരു സങ്കൽപ്പത്തിലാണ്  ജഗത്തിന്റെ നിലയെന്ന് ആധുനിക ഭൗതികശാസ്ത്രത്തിന്  സമ്മതിച്ചുതരുവാൻ കഴിയില്ല. എന്നാൽ  വ്യാസാൻ അതിനെ  സത്യത്തിന്റെ അനിത്യഭാവങ്ങളായി യുക്തിപൂർവ്വം  നമുക്ക് കാട്ടിത്തരുന്നു.  

സത്യവും ജ്ഞാനവും ഒന്നുതന്നെയാണെന്ന്  ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നു. വിജ്ഞാനം വിഷയത്മാകവും  വ്യക്തിനിഷ്ഠവുമാണ്. വിഷയങ്ങളോടുള്ള ബന്ധമാണ്  ജ്ഞാനത്തെ വിജ്ഞാനമാക്കുന്നത്. ജ്ഞാനം നിര്വിഷയമാക്കപ്പെടുമ്പോൾ  അത് പരമസത്യമായി മാറുന്നു. നാനാത്വത്തിലാണ് വിജ്ഞാനത്തിന്റെ നിലനില്ല്പ്പ്. സർവ്വപ്രാണികളിലും നിലനിന്നുകൊണ്ട്      ജഗത്ബോധം ജനിപ്പിക്കുന്നത് ഈ വിജ്ഞാനമാണ്‌. അതിനെ വിഷയനിർമുക്തമാക്കുമ്പോൾ  പരമമായ സത്യ ദർശനമായി.  

സ്വയം പ്രകാശികകുന്നതാണ് ജ്ഞാനം. അതിനെ പ്രകാശിപ്പിക്കുവാൻ മറ്റൊരു പ്രകാശവും ആവശ്യമില്ല. ഭഗവാൻ സത്യസ്വരൂപനാണ്. മോഹം നിമിത്തം പലരും അത് തന്നിൽതന്നെയാണ്   സ്ഥിതി ചെയ്യുന്നതെന്ന് തിരിച്ചറിയുന്നില്ല. ആ യാഥാർത്ഥ്യം അറിയിക്കുകയാണ്  ഉപനിഷത്തുക്കൾ ചെയ്യുന്നത്. ഇന്ദ്രിയങ്ങൾ ബഹിർമുഖങ്ങളായതിനാൽ സത്യത്തെ തന്നിൽനിന്ന് അന്യമായി   കാണുവാൻ ഓരോ മനുഷ്യനേയും പ്രേരിപ്പിക്കുന്നു. ഇന്ദ്രിയങ്ങളെ അന്തർഖങ്ങളാക്കിയാൽ മാത്രമേ  സത്യത്തിന്റെ  സാക്ഷാത്കാരം സാധ്യമാകു.
ജഗത്തിന്റെ തൃഗുണാത്മികമായ രചന സത്യത്തെ തികച്ചും ആവരണം ചെയ്യുന്ന വിധത്തിലാണ്. അതുകൊണ്ട് പരമമായസത്യം തന്നിൽനിന്നു അന്യമാണെന്ന് മനുഷ്യർ വിചാരിക്കുന്നു. എന്നാൽ അത് അകത്തും പുറത്തും       നിർലിപ്തമായി സ്ഥിതി ചെയ്യുന്നു; ഒന്നിനോടും ചേരാതെ, എങ്ങും നിറഞ്ഞ്.  ആ സത്യമാണ് ഭാഗവത്തിന്റെ പ്രമേയം. അതിനെ സാക്ഷാത്കരിക്കുകയാണ്  ജീവിതത്തിൻറെ പരമലക്ഷ്യം
.
ആദ്ധ്യാത്മിക ശാസ്ത്രങ്ങളുടെ കൂട്ടത്തിൽ ശ്രീമദ് ഭാഗവതത്തിന് സമുന്നതമായ ഒരു സ്ഥാനമുണ്ട്. കലിയുഗത്തിൽ അന്നഗതപ്രാണരായ മനുഷ്യർക്ക്  സരളമായ ഭക്തിമാർഗ്ഗത്തെ പ്രകാശിപ്പിക്കുന്നതിനാൽ ഭാഗവതത്തിന് മഹോന്നതമായ സ്വീകാര്യതയുമുണ്ട്. ഭക്തി മാത്രമല്ല ജ്ഞാനവൈരാഗ്യങ്ങളെക്കൊണ്ടും സമ്പുഷ്ഠമാണ്  ശ്രീമദ് ഭാഗവതം. 18 പുരാണങ്ങളിലും  ശ്രേഷ്ഠമായതിനാൽ ഇതിനെ പുരാണതിലകം എന്ന് വിളിക്കുന്നു.

പുരാണങ്ങൾ ഉപനിഷത്ത് ശാസ്ത്രങ്ങളുടെ കഥാരൂപത്തിലുള്ള ആവിഷ്ക്കാരങ്ങളാണ്. ഭാഗവതം സർവ്വൊപനിഷത് സാരവും. വേദങ്ങളിൽ പ്രകാശിപ്പിചിരിക്കുന്ന തത്ത്വങ്ങളുടെ സംക്ഷിപ്തവും  യുക്ത്യാധിഷ്ഠിതവുമായ പ്രഖ്യാപനങ്ങളാണ്‌ ഉപനിഷത്തുകളിൽ കാണപ്പെടുന്നത്‌.  ഉപനിഷത്തുകളിൽ പറഞ്ഞതിൽ കവിഞ്ഞ ഒരറിവും ഇനി ഉണ്ടാവാനില്ല. അറിവിൻറെ അവസാനമാണ്  'വേദാന്തം'.  വേദാന്തം തന്നെയാണ്   ഉപനിഷത്തുക്കൾ.