Showing posts with label sathsangam. Show all posts
Showing posts with label sathsangam. Show all posts

ദുശ്ശീലങ്ങൽ ചെയ്യുകയെന്നത്

അവസാനിക്കാത്ത ലൗകിക മോഹങ്ങളുടെ വൃക്ഷത്തെ ഊട്ടി വളർത്തുകയായിരിക്കും ദുശ്ശീലങ്ങൽ ചെയ്യുകയെന്നത്.  നിത്യേനയുള്ള കഠിനമായ പാഠങ്ങളിലൂടെ നിങ്ങൾ എപ്പോഴെങ്കിലും വ്യക്തമായി കണ്ടെത്തും. അതേ സമയം നല്ല ശീലങ്ങൾ  ഊട്ടി വളർത്തുന്നത് ആത്മീയമായ ഉൽകർഷേചഛയുടെ വൃക്ഷമായിരിക്കും. അതിനു വേണ്ടി നിങ്ങളുടെ ശ്രമങ്ങൾ കൂടുതൽ കേന്ദ്രീകരിക്കണം. അങ്ങനെ ഒരുനാൾ നിങ്ങൾക്ക് ആത്മാസാക്ഷാത്കാരത്തിന്റെ പാകമായ ഫലം പറിച്ചെടുക്കാൻ കഴിയും. നിങ്ങളുടെ ദുശ്ശീലങ്ങൽ ഉപേക്ഷിക്കുമ്പോൾ മാത്രമാണ് നിങ്ങൾ യദാർത്ഥത്തിൽ ഒരു സ്വതന്ത്രമനുഷ്യനാകുന്നത്. ആത്മ നിയന്ത്രണ ശക്തിയിലാണ്  നിതാന്ത സ്വാതന്ത്ര്യത്തിന്റെ വിത്തിരിക്കുന്നത്.  

മന്ത്രശുദ്ധിക്കും ജപശുദ്ധിക്കും അക്ഷരലക്ഷം ജപിക്കണം

മന്ത്രശുദ്ധിക്കും ജപശുദ്ധിക്കും അക്ഷരലക്ഷം തവണ മന്ത്രം ജപിക്കണം. മന്ത്രത്തിൽ എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം, അതാണ്‌ അക്ഷരലക്ഷം. അത് ശ്രദ്ധ, ഭക്തി, വിശ്വാസപൂർവ്വം ഒരേ സ്ഥലത്തിരുന്ന് ഒരേ സമയത്ത് ഒരേ സംഖ്യ ഒരേ ധ്യാനപൂർവ്വം ചെയ്യണം. ജപത്തിന് സ്ഥലം, ആസനം, ബന്ധം, മുദ്ര, ദൃഷ്ടി, മന്ത്രം എന്നീ ആറ് അംഗങ്ങൾ ഉണ്ട്. ഇതൊന്നും മാറുകയോ മാറ്റുകയോ അരുത്. 

ആസനം - ജപിക്കുവാൻ ഉപയോഗിക്കുന്ന ഇരിപ്പിടമാണ്.

ബന്ധം - ഉഢ്യാണബന്ധവും മുദ്ര ചിൻമുദ്രയുമാണ്‌.

ദൃഷ്ടി - ഹൃദയത്തിലോ, ഭ്രൂമദ്ധ്യത്തിലോ ആകാം.

ബാഹ്യവും ആഭ്യന്തരവുമായ ശുദ്ധിയോടെ, ഗുരുവന്ദനം ചെയ്ത്, പ്രദോഷത്തിലും പ്രഭാതത്തിലും നിശ്ചിതസംഖ്യ മന്ത്രം ജപിക്കണം. സൂര്യന് അഭിമുഖമായിട്ടിരുന്നാണ് മന്ത്രം ജപിക്കേണ്ടത്. ഉത്തരാഭിമുഖമായി (വടക്കോട്ട്‌ നോക്കിയിരുന്ന്) എപ്പോൾ വേണമെങ്കിലും മന്ത്രം ജപിയ്ക്കാം.

ജീവിച്ച വർഷങ്ങളിൽ എത്രമാത്രം ജീവിതമുണ്ടായിരുന്നു

സ്നേഹം സ്വീകരിക്കുവാൻ എന്തെളുപ്പമാണ്. അത് നഷ്ടപ്പെട്ടാൽ സഹിക്കാൻ വളരെ പ്രയാസവുമാണ്. എന്നാൽ ഇതിനിടയിൽ അത് കൊടുക്കാൻ നമ്മളിൽ പലരും മറന്നു പോക്കുന്നു. വേവലാതികൊണ്ടാ; മനഃപൂർവ്വമല്ല!

******************

അനുരഞ്ജനം നല്ല കുടയാണ്. പക്ഷേ, മോശം മേൽക്കുരയും. അത്, ഒരു താൽക്കാലിക പരിഹാരം മാത്രമാണ്.

******************

എന്ത് കൊടുക്കുന്നു എന്നതല്ല എങ്ങനെ കൊടുക്കുന്നു എന്നതാണ് കാര്യം. കൊടുക്കുന്ന ആളുടെ ഭാവനയ്ക്ക് അനുസരിച്ചായിരിക്കും വാങ്ങുന്ന ആളുടെ സംതൃപ്തി.

******************

നമുക്ക് ചെയ്യാൻ പ്രത്യേകിച്ചൊന്നുമില്ലാത്തിടത്തേയ്ക്ക് നാം പോകാതിരിക്കുന്നത് തന്നെയാണ് ഉത്തമം.

******************

ജീവിതത്തിൽ എത്രവർഷം ജീവിച്ചിരുന്നു എന്നത് ഒരു കാര്യമേയല്ല. ജീവിച്ച വർഷങ്ങളിൽ എത്രമാത്രം ജീവിതമുണ്ടായിരുന്നു എന്നതാണ് കാര്യം.

******************

ആയിരം നാഴികയുള്ള നീണ്ടയാത്രയും ഒരു കാൽവെയ്പിലൂടെ വേണം തുടങ്ങാൻ.

******************

അറിയാത്തത്, അറിയില്ലെന്നറിയുന്നതാണ്, ശരിയായ അറിവ്.

ഭോഗംകൊണ്ട് കാമം നശിക്കുകയില്ല

വീതിച്ചുകൊടുക്കാത്ത സൗഭാഗ്യം സൗഭാഗ്യമേയല്ല. പാവങ്ങൾക്ക് നൽകുന്നതാണ് ദാനം. ബാക്കിയെല്ലാം കടം നൽകലാണ്.

*******************

തന്നിൽനിന്ന് അന്യമായി എന്തെങ്കിലും ഉണ്ടെങ്കിലേ ആർജ്ജിക്കാനോ വർജ്ജിക്കാനോ കഴിയു.

*******************

ഓരോരുത്തർക്കും അവരവരുടെ തലത്തിൽ ഉള്ളവരെ മാത്രമേ മനസ്സിലാക്കാൻ കഴിയു.

*******************

ഭോഗംകൊണ്ട് കാമം നശിക്കുകയില്ല. തീയിൽ നെയ്യ് ഒഴിച്ചാൽ കെടില്ല!

*******************

വീടിന്റെ വലിപ്പച്ചെറുപ്പം അതിനുള്ളിൽ ഇരുന്നുകത്തുന്ന വിളക്കിന് ബാധകമല്ല.

*******************

മഴ എത്ര ശക്തമായാലും ആകാശം നനയില്ല.

*******************

നിഴലിനെ തൊട്ടാൽ ദേഹത്തെ സ്പർശിച്ച സുഖം കിട്ടില്ല.

*******************

ഒരാളുടെ ചിന്ത, ആരോഗ്യം, വിശപ്പ്‌, ദാഹം ഇതൊക്കെ അയാൾക്ക് മാത്രമേ അറിയാൻ കഴിയു. മറ്റുള്ളവർക്ക് ഊഹിക്കാം, പക്ഷെ അത് ശരിയായി കൊള്ളണമെന്നില്ല. (മാത്രയുടെ കാര്യത്തിലെങ്കിലും!)

ഗീത ഒരു പഠനം - 02

ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ധർമ്മം ഉണ്ട് . അത് പ്രവൃത്തിക്ക് അനുസരണമായി മാറിക്കൊണ്ടും ഇരിക്കും.ഒരാളുടെ ധർമ്മം മറ്റൊരാൾക്ക്‌ ധർമ്മം ആയികൊള്ളണമെന്നില്ല . പട്ടാളക്കാരന്റെ ധർമ്മമല്ല ഗൃഹസ്തന്റെ ധർമ്മം. ഗുരുവിന്റെ ധർമ്മമല്ല ശിഷ്യന്റെ ധർമ്മം. ഇപ്രകാരം സ്വധർമ്മം മാറിക്കൊണ്ടിരിക്കും.സ്വന്തം തൊഴിൽ ഈശ്വരോപാസനയോടും നിസ്വാർത്ഥമായും   ചെയ്യണമെന്നു ഗീത നമ്മെ പഠിപ്പിക്കുന്നു . ഗീതയിലെ ഈശ്വരൻ സ്വർഗ്ഗവാസിയോ ക്ഷേത്രത്തിലെ ശ്രീകോവിൽ വാസിയോ അല്ല. അദ്ദേഹം സർവ്വവ്യാപിയും സർവ്വാത്മവും സർവ്വാന്തര്യാമിയുമാണ്.

                 സർവ്വഃത പാണി  പാദം  തത് 
                 സർവ്വതോƒക്ഷി  ശിരോമുഖം
                 സർവ്വതഃ   ശ്രുതിമല്ലോകേ 
                 സർവ്വമാവൃത  തിഷ്ഠതി

ലോകത്തിലുള്ള സകല കണ്ണും സകല ചെവിയും അദ്ദേഹത്തിന്റെതാണ്. സർവ്വ ശരീരങ്ങളിലും വർത്തിക്കുന്നത് അദ്ദേഹമാണ്. ഇങ്ങനെയുള്ള ഈശ്വരൻറെ ആരധനയായിട്ട്  സർവ്വകർമ്മവും ആവശ്യം വേണ്ടിവന്നാൽ യുദ്ധവും ചെയ്യാമെന്നാണ് ഗീത പറയുന്നത്. 

സ്വന്തം തൊഴിൽ ഉപേക്ഷിച്ച് സന്യസിക്കുവാൻ ഗീത ഉപദേശിക്കുന്നില്ല.ജാതിസ്പർധയോ അയിത്തമോ പുലർത്താൻ ഗീത ഉപദേശിക്കുന്നില്ല. ഗീത പഠിച്ചതുകൊണ്ട് ഒരു തൊഴിലാളിയും സന്യസിയാകില്ല. മറിച്ച് ആ വ്യക്തി സ്വന്തം തൊഴിലിൽ ആത്മാർഥത പുലർത്തി സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുകയേയുള്ളു. 

ലോകത്ത് ഇന്ന്  കാണുന്ന സാമ്പത്തിക അസമത്ത്വത്തിനും ചൂഷണത്തിനും എതിരായുള്ള ഫലപ്രദമായുള്ള ക്രിയാമർഗ്ഗം ഗീത കാട്ടിത്തരുന്നു. യജ്ഞശിഷ്ഠത്തിനും ദാനത്തിനും ഗീത വളരെ പ്രാധാന്യം നൽകുന്നു.യജ്ഞം എന്നാൽ ത്യാഗം എന്നർത്ഥം. ധനം സമ്പാദിക്കുന്നത് 
സമ്പാതിക്കുന്നവന്റെ ഭോഗസുഃഖത്തിനല്ല മറിച്ച് ദീനനും രോഗിക്കും ദരിദ്രനും സേവനം ചെയ്യാൻ  വേണ്ടിയായിരിക്കണമെന്ന്  ഗീത നമ്മെ പഠിപ്പിക്കുന്നു. 
ചുരുക്കത്തിൽ ഗീതാ സന്ദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. 'ഒരുവന്റെ പ്രവൃത്തിരംഗം എന്തുതന്നെയായിക്കൊള്ളട്ടെ, അവൻ ചെയുന്ന സകല കർമ്മവും ഈശ്വരാര്പ്പണമായി, നിഷ്ക്കാമമായി, നിസ്വാർത്ഥമായി ചെയ്യുക.സർവ്വവ്യാപിയും വിരാട്ട് രൂപിയുമായ സർവ്വേശ്വരന്റെ ആരാധനയായിരിക്കണം അവന്റെ എല്ലാ കർമ്മവും'.ബഹുജനഹിതായ, ബഹുജനസുഖായ എന്നായിരിക്കണം അവന്റെ മുദ്രാവാക്യം. അപ്പോൾ അവന്റെ മനസ്സ് രാഗദ്വേഷ വിമുക്തമാകും.ശുദ്ധമായ മനസ്സുകൊണ്ട് ഈശ്വരനെ സാക്ഷാത്കരിക്കാം.സാക്ഷാത്കാരം കൊണ്ട്  നിത്യാനന്ദം എന്ന ജീവിത ലക്ഷ്യം നേടാം. 

ഗീതോപദേശം സ്വജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുക.നമുക്ക് ചുറ്റും കാണുന്ന ദോഷങ്ങൾക്ക് പരിഹാരം അത് മാത്രമാണ്.

സർവ്വതിനേയും സമത്വഭാവേന വീക്ഷിക്കുക!
സർവ്വഭൂതങ്ങളിലും ഈശ്വരനെ ദർശിക്കുക!
ലോകത്ത് ശാന്തിയും സമാധാനവും തനിയെ  വരും. 

നിങ്ങളുടെ ജീവരഥം തെളിക്കാൻ  പാർതസാരഥിയായ ഭഗവാനെ തന്നെ ചുമതലപ്പെടുത്തുക, ശരണം പ്രാപിക്കുക. - "സത്സംഗം"   

ആർക്കും ആരേയും നന്നാക്കാൻ കഴിയില്ല. ആർക്കും ആരേയും ചീത്തയാക്കാനും കഴിയില്ല.

ആർക്കും ആരേയും നന്നാക്കാൻ കഴിയില്ല. ആർക്കും ആരേയും ചീത്തയാക്കാനും കഴിയില്ല. ബാഹ്യപ്രേരണയേക്കാൾ വലുതാണ്‌ നിങ്ങൾ സ്വയം അതിനു തയ്യാറായിരുന്നു എന്ന കാര്യം. വിരലുകൾ കൊണ്ട് ഞെരടുമ്പോൾ മാമ്പൂമൊട്ട് വിടരുന്നത് വിരലിന്റെ മിടുക്കുക്കൊണ്ടൊന്നുമല്ല. വിടരാനുള്ള ത്വര മാമ്പൂമൊട്ടിൽ അത്ര കലശലായിരുന്നു. ഒരു നല്ല കാറ്റ് അടിച്ചാലും മാമ്പൂമൊട്ട്  വിടർന്നേനെ !

ജീവിക്കാൻ കഴിഞ്ഞെങ്കിൽ

കൂടിന്റെ മൂലകളെല്ലാം വൃത്തികേടാക്കിയിട്ട്‌ കൂട്ടിലേക്കും ഒഴിഞ്ഞ ആകാശത്തേക്കും ഉറ്റു നോക്കുന്നതുപോലെയാണ് സുഖാന്വേഷണങ്ങൾ!
പ്രതീക്ഷിക്കുന്നു -
ഇത്രത്തോളം ഒന്നുകൂടി ജീവിക്കാൻ കഴിഞ്ഞെങ്കിൽ!
മറ്റൊരു വിധത്തിൽ കൂടു കേടുവരുത്താം
അത്രതന്നെ ... !!

അയാളുടെ അവസ്ഥ ശരിക്കുപറഞ്ഞാൽ അയാൾക്കേ അറിയു

അയാളുടെ അവസ്ഥ ശരിക്കുപറഞ്ഞാൽ അയാൾക്കേ അറിയു. പുറത്തു നിന്ന് കണക്കെടുക്കുന്ന ആൾക്ക് നഷ്ടമെന്നു തോന്നുന്നത് ഒരു പക്ഷെ അയാൾക്ക് ലാഭം എന്ന് തോന്നുന്നുണ്ടാകും. നനുത്ത സൗഹൃദത്തിന്റെ വെണ്‍പട്ടുപുതച്ചു നിൽക്കുന്ന അയാളെ നോക്കി " അവർ പറഞ്ഞു " പലരും പറ്റിക്കൂടി പറ്റിക്കുകയാണ്. ആ പറ്റിക്കൽ അയാളുടെ ബുദ്ധിയില്ലായ്മകൊണ്ട് സംഭവിക്കുന്നതല്ല. ആ പറ്റിക്കൽ അയാളുടെ അനുവാദത്തോടെ നടക്കുന്നതാണെങ്കിലോ....?

ഞാൻ ആത്മഹത്യ ചെയ്യാത്തതിന്റെ കാരണം

പഴയകാലം മനസ്സിലൂടെ കടന്നുപോകുന്നു. ദുഃഖമുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. സുഖമുണ്ടോ? അതും ഇല്ലെന്നാണ് തോന്നുന്നത്. എന്താണ് സുഖവും ദുഃഖവും? ഒക്കെ മനസ്സിന്റെ ഒരു തോന്നൽ മാത്രം.

മന ഏവ മനുഷ്യാണാം 
കാരണം സുഖ ദുഃഖയോ

മനുഷ്യന്റെ സുഖ ദുഃഖങ്ങൾക്ക് കാരണം അവന്റെ മനസ്സാണ്. സുഖവും ദുഃഖവും എല്ലാം മനുഷ്യന്റെ മറ്റുകാര്യങ്ങളിലെന്നപ്പോലെ ആപേക്ഷികങ്ങളാണ്. ജീവിതം തടഞ്ഞു നിർത്താൻ കഴിയാത്ത ഒരു ഒഴുക്കുതന്നെയാണ്. ആ ഒഴുക്കിൽ കാറ്റത്തു പറന്നുവീണ ഒരു കരിയിലയാണ് ഓരോ ജീവനും. ഒഴുക്കിനൊപ്പം ആ കരിയിലയും ഒഴുകുന്നു. ചിലപ്പോൾ വട്ടം ചുറ്റുന്നു ചിലപ്പോൾ ചുഴിക്കുത്തിൽ മുങ്ങിത്താഴുന്നു. പിന്നൊരു മലരിയിൽ ഉയർന്നു പൊങ്ങുന്നു. ചിലപ്പോൾ കറങ്ങിക്കറങ്ങി ചില കരകളിൽ അടുക്കുന്നു. വീണ്ടും ഒഴുക്കിൽ പെടുന്നു. ഒഴുക്കിന്റെ ഗതി വിഗതികൾക്കൊപ്പം ചലിക്കാൻ വിധിക്കപ്പെട്ട പാവം കരിയില!.

എത്രയെത്ര കടവുകളിൽ അത് കറങ്ങിനിന്നു. അത് ഒഴുകി നീങ്ങി. കടന്നുപോന്ന കടവുകളെ ഓർത്ത് കരിയില ദുഃഖിക്കുന്നതും സന്തോഷിക്കുന്നതും വിഡ്ഢിത്തമാണ്. ദുഃഖത്തിന്റെ കടവുകൾ, സുഖത്തിന്റെ കടവുകൾ, കഷ്ടപ്പാടുകളുടെ കടവുകൾ, ദാരിദ്ര്യത്തിന്റെ കടവുകൾ, ബഹുമതിയുടെ കടവുകൾ, അവമതിയുടെ കടവുകൾ, എത്രയെത്ര കടവുകൾ ഈ കരിയില കടന്നുപോന്നിരിക്കുന്നു. ഇനിയും എത്രയെത്ര കടവുകൾ കടന്നു പോകാനിരിക്കുന്നു.

ജീവിതം ഒരു ഭാരമായി ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. ഇത് എന്നെങ്കിലും അവസാനിക്കുമ്പോൾ ഒരു ഭാരം ഒഴിഞ്ഞു എന്ന് വിശ്വസിക്കാനും എനിക്ക് കഴിയുന്നില്ല. ജീവിതത്തോടുള്ള ശരിയായ സമീപനം ജീവിതത്തെ അവഗണിയ്ക്കലാണ്. അല്ലാതെ ജീവിതത്തെ നിഷേധിക്കലല്ല. ഞാൻ ആത്മഹത്യ ചെയ്യാത്തതിന്റെ കാരണവും അതു തന്നെയാണ്. ഓരോ ആത്മഹത്യയും സഹായത്തിനു വേണ്ടിയുള്ള നിശബ്ദമായ നിലവിളിയാണ്. ആത്മബലമില്ലാത്തവരാണ് നിലവിളിക്കുന്നത്. 

ജീവിതം ഏക രസമല്ല എന്ന് എനിക്കറിയാം. ജീവിതത്തിന് നാം കല്പിക്കുന്നതിൽ കവിഞ്ഞ ഒരു ലക്ഷ്യവും ഇല്ല. സന്തോഷമുള്ള കാര്യങ്ങൾ മാത്രമല്ല സന്തോഷമില്ലാത്ത കാര്യങ്ങളും കടന്നുപോകുന്നു, അതെ വേഗതയോടെ . ചെറുതും വലുതുമായ എല്ലാ ക്ളേശങ്ങളിലും വലുത് ഒരിക്കലും സംഭവിക്കാത്തവയാണ്. ഒഴുകുന്ന വെള്ളത്തിൽ ഉരുളുന്ന പാറയിൽ പായൽ പിടിക്കയില്ല. ആരും ഈ ലോകത്ത് തികച്ചും ഒറ്റപ്പെടുന്നില്ല. നിങ്ങളെ വേണ്ടവർ, നിങ്ങൾക്കു വേണ്ടവർ ഈ ലോകത്ത് എവിടേയോ ഉണ്ട്. അന്വേഷിച്ചു കണ്ടെത്തുക. നിരാശപ്പെടാൻ മാത്രം ഈ ലോകം അത്ര ചീത്തയൊന്നുമല്ല. ജീവിതവും അത്ര ചീത്തയല്ല. ജീവിതത്തിന് ഒരു ശരിയായ നിർവ്വചനം കണ്ടുപിടിക്കുവാൻ കഴിയുമോ? എന്താണ് ജീവിതം? എന്താണ് മരണം. രണ്ടും എനിക്കറിയില്ല. ആലോചിക്കുന്നവർക്ക് ജീവിതം ഒരു ചെറിയ നേരമ്പോക്കാണ്. അനുഭവിക്കുന്നവർക്ക്‌ ഒരു കരയിക്കുന്ന നാടകവും. മായയോ ഈശ്വര നിശ്ചയമോ യാദൃശ്ചികമോ എന്തു തന്നെയായാലും ജീവിതം കുഴഞ്ഞു മറിഞ്ഞ ഒരു പ്രശ്നമാണ്.

" ഒന്നും ഒന്നുമല്ല " എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ചിലപ്പോൾ " എന്തിലും എന്തോ ഒന്ന് ഉണ്ട് " എന്നും തോന്നാറുണ്ട്. ചുരുക്കത്തിൽ 

അറിയില്ലടിയന്നൊന്നും
അറിവില്ലെന്നറിഞ്ഞിടാം

എന്ന അവസ്ഥ. ഒന്നിനെക്കുറിച്ചും ഒന്നും അറിയാതെ, ഞാൻ ഒറ്റയ്ക്കാണെങ്കിലും " ഒറ്റയ്ക്കല്ല "എന്ന് ഉരുവിടുന്ന മനസ്സുമായി ഓർമ്മയുടെ കച്ചിത്തുരുമ്പിൽ പിടിച്ച് ഒഴുക്കിനൊപ്പം ഞാനിവിടെ ഇങ്ങനെ........

മറ്റുള്ളവരുടെ നേരെ നിങ്ങൾ വിരൽ ചൂണ്ടുമ്പോൾ

സ്വന്തം ദൗർബല്യങ്ങൾ ഉള്ളിൽ ഒളിഞ്ഞുകിടക്കവേ, മിഥ്യാഭിമാനത്തിന്റെയും ബാഹ്യമര്യാദയുടേയും ഒരു കവചം ധരിച്ചാണ് നാം മറ്റുള്ളവരോട് പെരുമാറുന്നത്.

********************

അവരവരുടെ തിന്മകൾ മറയ്ക്കുവാൻ വേണ്ടി മറ്റുള്ളവരുടെ കുറ്റം പറയുക മനുഷ്യസ്വഭാവമാണ്.

********************

മറ്റുള്ളവരുടെ നേരെ നിങ്ങൾ വിരൽ ചൂണ്ടുമ്പോൾ മറ്റു മൂന്നു വിരലുകൾ നിങ്ങളുടെ നേരെ ചൂണ്ടപ്പെട്ടിരിക്കുന്നു.

********************

അഭിപ്രായങ്ങൾ ഔദ്യോഗികങ്ങളായി തീരുന്നത് അവ ശരിയെന്നു തെളിയുമ്പോഴല്ല; അധികാരികൾ അവയെ അംഗീകരിക്കുമ്പോഴാണ്.

********************

സമൂഹത്തിന് ഒരു വേട്ടക്കാരന്റെ മനസ്സാണ്. ഇര വീഴുമ്പോഴെ അതിന് തൃപ്തിയാകു. വീഴ്ത്തൽ അഹ്ളാദം മാത്രമല്ല; ആഘോഷം കൂടിയാണ്.

********************

ചെയ്യരുതാത്തത്‌ ചെയ്യുന്നത് തെറ്റാണ്; സംശയമില്ല. ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നത് അതിലും വലിയ തെറ്റാണ്.

********************

ശരി എന്തെന്ന് അറിയുകയും അത് ചെയ്യാതെ ഇരിക്കുകയും ചെയ്യുന്നത് ധൈര്യമില്ലായ്മയാണ്.