Showing posts with label bhagavadgita. Show all posts
Showing posts with label bhagavadgita. Show all posts

മാറ്റം പ്രകൃതി നിയമമാണ്

സംഭവിച്ചതെല്ലാം നല്ലതിന്

സംഭവിക്കുന്നതെല്ലാം നല്ലതിന്

ഇനി സംഭാവിയ്ക്കാനുള്ളതും നല്ലതിനാണ്.

നഷ്ടപ്പെട്ടതോർത്ത് എന്തിനു ദുഃഖിയ്ക്കണം?

നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?

നശിച്ചതെന്തെങ്കിലും നീ സൃഷ്ടിച്ചതാണോ?

നീ നേടിയതെല്ലാം നിനക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്.

നിനക്കുള്ളതെല്ലാം ഇവിടെ നിന്ന് നേടിയതാണ്.

ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അത് മറ്റാരുടേതോ ആകും

മാറ്റം പ്രകൃതി നിയമമാണ് 

ഗീത ഒരു പഠനം - 02

ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ധർമ്മം ഉണ്ട് . അത് പ്രവൃത്തിക്ക് അനുസരണമായി മാറിക്കൊണ്ടും ഇരിക്കും.ഒരാളുടെ ധർമ്മം മറ്റൊരാൾക്ക്‌ ധർമ്മം ആയികൊള്ളണമെന്നില്ല . പട്ടാളക്കാരന്റെ ധർമ്മമല്ല ഗൃഹസ്തന്റെ ധർമ്മം. ഗുരുവിന്റെ ധർമ്മമല്ല ശിഷ്യന്റെ ധർമ്മം. ഇപ്രകാരം സ്വധർമ്മം മാറിക്കൊണ്ടിരിക്കും.സ്വന്തം തൊഴിൽ ഈശ്വരോപാസനയോടും നിസ്വാർത്ഥമായും   ചെയ്യണമെന്നു ഗീത നമ്മെ പഠിപ്പിക്കുന്നു . ഗീതയിലെ ഈശ്വരൻ സ്വർഗ്ഗവാസിയോ ക്ഷേത്രത്തിലെ ശ്രീകോവിൽ വാസിയോ അല്ല. അദ്ദേഹം സർവ്വവ്യാപിയും സർവ്വാത്മവും സർവ്വാന്തര്യാമിയുമാണ്.

                 സർവ്വഃത പാണി  പാദം  തത് 
                 സർവ്വതോƒക്ഷി  ശിരോമുഖം
                 സർവ്വതഃ   ശ്രുതിമല്ലോകേ 
                 സർവ്വമാവൃത  തിഷ്ഠതി

ലോകത്തിലുള്ള സകല കണ്ണും സകല ചെവിയും അദ്ദേഹത്തിന്റെതാണ്. സർവ്വ ശരീരങ്ങളിലും വർത്തിക്കുന്നത് അദ്ദേഹമാണ്. ഇങ്ങനെയുള്ള ഈശ്വരൻറെ ആരധനയായിട്ട്  സർവ്വകർമ്മവും ആവശ്യം വേണ്ടിവന്നാൽ യുദ്ധവും ചെയ്യാമെന്നാണ് ഗീത പറയുന്നത്. 

സ്വന്തം തൊഴിൽ ഉപേക്ഷിച്ച് സന്യസിക്കുവാൻ ഗീത ഉപദേശിക്കുന്നില്ല.ജാതിസ്പർധയോ അയിത്തമോ പുലർത്താൻ ഗീത ഉപദേശിക്കുന്നില്ല. ഗീത പഠിച്ചതുകൊണ്ട് ഒരു തൊഴിലാളിയും സന്യസിയാകില്ല. മറിച്ച് ആ വ്യക്തി സ്വന്തം തൊഴിലിൽ ആത്മാർഥത പുലർത്തി സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുകയേയുള്ളു. 

ലോകത്ത് ഇന്ന്  കാണുന്ന സാമ്പത്തിക അസമത്ത്വത്തിനും ചൂഷണത്തിനും എതിരായുള്ള ഫലപ്രദമായുള്ള ക്രിയാമർഗ്ഗം ഗീത കാട്ടിത്തരുന്നു. യജ്ഞശിഷ്ഠത്തിനും ദാനത്തിനും ഗീത വളരെ പ്രാധാന്യം നൽകുന്നു.യജ്ഞം എന്നാൽ ത്യാഗം എന്നർത്ഥം. ധനം സമ്പാദിക്കുന്നത് 
സമ്പാതിക്കുന്നവന്റെ ഭോഗസുഃഖത്തിനല്ല മറിച്ച് ദീനനും രോഗിക്കും ദരിദ്രനും സേവനം ചെയ്യാൻ  വേണ്ടിയായിരിക്കണമെന്ന്  ഗീത നമ്മെ പഠിപ്പിക്കുന്നു. 
ചുരുക്കത്തിൽ ഗീതാ സന്ദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. 'ഒരുവന്റെ പ്രവൃത്തിരംഗം എന്തുതന്നെയായിക്കൊള്ളട്ടെ, അവൻ ചെയുന്ന സകല കർമ്മവും ഈശ്വരാര്പ്പണമായി, നിഷ്ക്കാമമായി, നിസ്വാർത്ഥമായി ചെയ്യുക.സർവ്വവ്യാപിയും വിരാട്ട് രൂപിയുമായ സർവ്വേശ്വരന്റെ ആരാധനയായിരിക്കണം അവന്റെ എല്ലാ കർമ്മവും'.ബഹുജനഹിതായ, ബഹുജനസുഖായ എന്നായിരിക്കണം അവന്റെ മുദ്രാവാക്യം. അപ്പോൾ അവന്റെ മനസ്സ് രാഗദ്വേഷ വിമുക്തമാകും.ശുദ്ധമായ മനസ്സുകൊണ്ട് ഈശ്വരനെ സാക്ഷാത്കരിക്കാം.സാക്ഷാത്കാരം കൊണ്ട്  നിത്യാനന്ദം എന്ന ജീവിത ലക്ഷ്യം നേടാം. 

ഗീതോപദേശം സ്വജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുക.നമുക്ക് ചുറ്റും കാണുന്ന ദോഷങ്ങൾക്ക് പരിഹാരം അത് മാത്രമാണ്.

സർവ്വതിനേയും സമത്വഭാവേന വീക്ഷിക്കുക!
സർവ്വഭൂതങ്ങളിലും ഈശ്വരനെ ദർശിക്കുക!
ലോകത്ത് ശാന്തിയും സമാധാനവും തനിയെ  വരും. 

നിങ്ങളുടെ ജീവരഥം തെളിക്കാൻ  പാർതസാരഥിയായ ഭഗവാനെ തന്നെ ചുമതലപ്പെടുത്തുക, ശരണം പ്രാപിക്കുക. - "സത്സംഗം"   

ഗീത ഒരു പഠനം

ഹിന്ദു  മത ഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്  വേദങ്ങളാണ്. വേദങ്ങളുടെ സാരമാണ് ഉപനിഷത്തുകൾ. ആ ഉപനിഷത്തുക്കളുടെ സാരമാണ് ശ്രീമദ് ഭഗവത്ഗീത. 

ഗീത കേവലം ഹിന്ദുമത വിശ്വാസികളുടെ ഒരു മതഗ്രന്ഥമല്ല. അത് പൊതുവെ ലോകജനതക്ക് സ്വീകാര്യമായ, അത്യന്തം വിലപ്പെട്ട ഒരു അപൂർവ്വ ഗ്രന്ഥമാണ്. മനുഷ്യന് ദൈനം ദിന ജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെയും വിഷമങ്ങളെയും പരിഹരിച്ച് അവർക്ക് വിവേകവും സുഖവും ശാന്തിയും നേടുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ് ഗീത. അത് ഒരു പ്രത്യേക രാഷ്ട്രത്തേയോ സമുദായത്തേയൊ  മതത്തേയോ ലക്ഷ്യമാക്കിയല്ല ഉപദേശിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യ സമൂദായത്തിന് ഒട്ടാകെ ജന്മസാഫല്യം നേടുവാൻ അനുസരിക്കേണ്ട ഉപദേശങ്ങളാണ് ഗീതയിൽ കാണുന്നത്. മനുഷ്യ സമൂഹത്തിന്റെ സന്മാർഗ്ഗബോധത്തിനും ഉൾകർഷതിത്തിനും ഉന്നമനത്തിനും ശ്രേയസ്സിനും ഉതകുന്ന തത്വസംഹിഹകളുടെ സമാഹാരമാണത്.

ഭോഗതൃഷ്ണയിലും ഉപഭോഗസംസ്കാരത്തിലും ഉഴലുന്ന, സ്വധർമ്മം മറന്ന നമുക്ക് ഭഗവത്ഗീതയിലെ തത്ത്വോപദേശങ്ങൾ അത്യാവശ്യങ്ങളാണ്. അതി ഗഹനമാണ് ഗീതയിലെ തത്ത്വോപദേശസാരങ്ങൾ. അതുകൊണ്ടാണ് ഗീതാവ്യഖ്യാതാക്കളായ വിവധ പണ്ഡിത ശ്രേഷ്ഠന്മാർ അവരവരുടെ രുചിഭേദമനുസരിച്ച്  വവിധങ്ങളായ വ്യാഖ്യാനങ്ങൾ ഗീതയ്ക്ക്  നൽകിയിരിക്കുന്നത് . ഗീതാ സന്ദേശം ജ്ഞാനയോഗമാണ്, ഭക്തിയൊഗമാണ്, രാജയോഗമാണ്, കർമ്മയോഗമാണ് എന്നെല്ലാമാണ് ഈ  വ്യാഖ്യാനങ്ങൾ. ഓരോതരത്തിൽ ഇവയെല്ലാം ശരിയാണ് താനും. എല്ലാ യോഗങ്ങൾക്കും ഗീതയിൽ സ്ഥാനമുണ്ട്. 'സർവ്വ ശാസ്ത്രമയീ ഗീത' എന്ന് വ്യാസനും  'സമസ്ത വേദാർത്ഥ സാരസംഗ്രഹ ഭൂതം' എന്ന് ശ്രീശങ്കരനും ഗീതയെ വിശേഷിപിച്ചു . ' യുക്തിവാദികളുടെപോലും രാജാവ് എന്ന് മഹാത്മജിയുടെ പ്രഖ്യാപനവും ശ്രദ്ധേയമാണ് .  ഗീതയെ അദ്ദേഹം രണ്ടാമത്തെ മാതാവായി വിശേഷിപ്പിച്ചിട്ടുമുണ്ട്. കഷ്ടതയോ ബുദ്ധിമുട്ടോ മന:ക്ളേശമോ വരുമ്പോൾ മഹാത്മജി ഈ രണ്ടാനമ്മയുടെ മടിയിൽ അഭയം പ്രാപിക്കും. അവിടെ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന ഒരു ശ്ളോകം അദ്ദേഹം കണ്ടെത്തുന്നു. ഗീതാ ഭക്തൻ നിരാശ എന്തെന്ന് അറിയുന്നില്ല. ' അനാസക്തിയോഗ'മെന്ന  ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനം പ്രസിദ്ധമാണ്.

ഗീതയിലെ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിൽ പതിനൊന്നാം ശ്ളോകം മുതൽ പ്രത്യക്ഷമായി തന്നെ ഉപദേശ തത്ത്വങ്ങൾ ആരംഭിയ്ക്കുന്നു. കുരുക്ഷേത്ര ഭൂമിയിൽ നടന്ന കൗരവ പാണ്ഡവ യുദ്ധത്തിൽ അർജ്ജുനൻ ബന്ധുജനങ്ങളോട് പോരിൽ ഏറ്റുമുട്ടുന്നതിനു വിമുഖത കാട്ടുകയും വില്ലും അമ്പും താഴെവെച്ചു വ്യാകുലചിത്തനായി തീരുകയും ചെയ്തപ്പോൾ അദ്ദേഹത്തെ സ്വധർമ്മ തല്പരനാക്കുന്നതിനു സാരഥിയായിരുന്ന ശ്രീകൃഷ്ണൻ നല്കുന്ന ഉപദേശമാണ് ഭഗവത് ഗീത.