Showing posts with label krishna. Show all posts
Showing posts with label krishna. Show all posts

ഗീത ഒരു പഠനം - 03

ശരീരം പോലെ ലോകത്തിലുള്ള ശബ്ടാദി വിഷയങ്ങളും ഭ്രമ മാത്രങ്ങള്ളണ്. ഇല്ലാത്ത ശരീരം കൊണ്ട് ഇല്ലാത്ത വിഷയങ്ങളെ അനുഭവിക്കുന്നതായി ജീവൻ ഭ്രമിക്കുന്നു. എല്ലാവരുടെയും ജീവിതത്തിന്റെ എല്ലാവശങ്ങളും ഒരുപോലെ അസത്യങ്ങളാണ്. അതുകൊണ്ട് എത്രകാലം കഴിഞ്ഞാലും സത്യത്തെ അറിയുവാൻ കഴിയുന്നില്ല.ഇല്ലാത്ത ശബ്ടാദി വിഷയങ്ങളിൽ നിന്ന് മനസ്സിനെ തിരിക്കുന്നവന് സത്യത്തെ തിരിച്ചറിയാൻ കഴിയും.

ഇല്ലാത്തത്  എപ്പോഴും ഇല്ലാത്തതും, ഉള്ളത്  എപ്പോഴും ഉള്ളതുമാണ്. ശരീരവും വിഷയ പദാർത്‌ഥങ്ങളും പലപ്പോഴും ഇല്ലാത്തതും ചിലപ്പോൾ മാത്രം ഉള്ളവയുമാണ. ചിലപ്പോൾ മാത്രം ഉള്ളതായി തോന്നുന്ന വസ്തു സത്യമല്ല. സത്യമായ ഒരു വസ്തു അതിനടിയിൽ ഉള്ളതുകൊണ്ടാണ് 
അസത്യമായ പലതും ഉള്ളതുപോലെ  കാണപ്പെടാൻ  ഇടവരുന്നത്. ആ സത്യവസ്തുവാണ്  ജഗത്തിന്റെ സത്ത. അതിനെ ആത്മാവെന്നും ബ്രഹ്മമെന്നും ഈശ്വരൻ എന്നൊക്കെ വിളിക്കുന്നു. ലോകമൊട്ടാകെ നശിച്ചാലും അതിന് നാശമില്ല. ഈ പരമവസ്തുവിനെ തന്നെയാണ് എല്ലാവരും 'ഞാൻ' എന്ന് അഭിമാനിക്കുന്നത്; പക്ഷേ അറിയുന്നില്ലന്നേയുള്ളൂ.

എല്ലാ ജീവികളുടെയും എല്ലാ പദാർത്‌ഥങ്ങളുടെയും പരമസത്തയായ ആത്മാവ് ഒരിക്കലും ഉണ്ടായുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല. അത് എപ്പോഴും എവിടെയും ഒരുപോലെ നിലനിൽക്കുന്നു. ഈ ആത്മ ചൈതന്യമോഴിച്ച് മറ്റെല്ലാം മിഥ്യയാകയാൽ ആർക്കും ഒന്നിനെക്കുറിച്ചും വ്യസനിക്കുവാൻ അർഹതയില്ല. 

ഇനി ജനനമരണങ്ങൾ സത്യമാണെങ്കിൽത്തന്നെ, അത് നിയതമായ സ്വഭാവങ്ങൾ ആയാതിനാൽ  അതിനെ ആർക്കും തടുക്കുവാൻ സാദ്ധ്യമല്ല. തടയാൻ കഴിയാത്ത ആപത്തിനെ പറ്റി  ദുഖിച്ചു കാര്യമില്ല.ബുദ്ധിമാന്മാർ അത് ചെയ്യാറുമില്ല.വെള്ളത്തിലെ കുമിളപോലെ ക്ഷണനേരം മാത്രം നിലനിൽക്കുന്ന ശരീരത്തിന്റെ നാശത്തിൽ ആർക്കും ദുഃഖിക്കാനോ സന്തോഷിക്കണോ ഒന്നുമില്ല. ശരീരത്തിലുള്ള സത്യ ബുദ്ധിയും, അഭിമാനവും കാരണം ആർക്കും ആത്മതത്വത്തെ വേണ്ടവിധത്തിൽ അറിയുവാൻ കഴിയുന്നില്ല.ബ്രഹ്മം ഒഴികെ ബാക്കിയെല്ലാം തോന്നൽ ആയതിനാൽ വ്യസനവും ഭീതിയും തികച്ചും അസ്ഥാനത്താണ്. പരമതത്ത്വം മാത്രമേ പരമാർത്ഥ മായിട്ടുള്ളുവെങ്കിൽ പിന്നെ ആരാണ് കൊല്ലുന്നത് ?  ആരെയാണ്  കൊല്ലുന്നത് ?  ആയുധങ്ങൽക്കോ അഗ്നിക്കോ മറ്റു ഭൂതങ്ങൽക്കോ ആത്മാവിനെ ഒന്നും ചെയ്യാൻ കഴിയില്ല.

അസത്തായിരിക്കുന്ന ജഗത്തിൽ  ചെയ്യപ്പെടുന്ന യുദ്ധവും അസത്തല്ലേ? അപ്പോൾ ഈ യുദ്ധം കൊണ്ട് ആർക്ക്, എന്ത് നേട്ടം എന്ന് ചിന്തിക്കരുത്. 
ജഗത്ത്  അസത്താണെങ്കിളും അതിലുള്ള  എല്ലാ  ജീവികളും സുഖത്തെ കാംക്ഷിക്കുന്നുണ്ട്. ദുഃഖം ആർക്കും ഇഷ്ട്ടമല്ല. സുഖത്തിനുവേണ്ടി  എല്ലാവരും ക്ളെശിക്കുന്നു. ധർമ്മമാണ് സുഖത്തിന് ഹേതു. എവിടെ ധർമ്മമുണ്ടോ അവിടെ സുഖമുണ്ട്. ധർമ്മത്തിന്റെ ക്ഷയവും അധർമ്മത്തിന്റെ വളർച്ചയുമാണ്‌ ദുഃഖത്തിന്റെ മുഖ്യഹേതു. ധർമത്തെ രക്ഷിക്കുകയെന്നത്  ക്ഷത്രിയന്റെ ധർമ്മമാണ്. പേരുകേട്ടവൻ  പേര്കെട്ട്  ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണ്. ജയാപജയങ്ങളെകുറിച്ച്  ചിന്തിക്കേണ്ടതില്ല. വിജയിച്ചാലും പരാജിതനായാലും സ്വധർമ്മം ആച്ചരിക്കലാണ് കൃതാര്ത്ഥതയ്ക്കും നിലനിൽപ്പിനും ഹേതുവായിത്തീരുന്നത്.  ജയാപജയങ്ങളെ പ്പറ്റി ചിന്തയും ശ്രദ്ധയും ഉണ്ടെങ്കിൽ ആ പ്രവർത്തി ധർമ്മാചരണമാകാനും പോകുന്നില്ല. എകാഗ്രമായിതീർന്ന പ്രജ്ഞകൊണ്ട്  താനടക്കമുള്ള ജഗത്തിന്റെ മൂലസത്തയായ ആത്മാവിനെ മറക്കാതിരിക്കുകയും ധർമ്മത്തെ ആചരിക്കുകയും ചെയ്താൽ മതി. 

ഈ ജഗത്തും അതിൽ ചേഷ്ടിക്കുന്ന താനും തന്റെ ചെഷ്ടകളെല്ലാം മിഥ്യയാണ്‌. എങ്കിലും ധർമ്മത്തെ ആചരിക്കണം.എന്തിനു വേണ്ടി എന്ന് ചോദ്യമില്ല. ധർമ്മാചരണം ധർമ്മാച്ചരണ ത്തിനുവേണ്ടിമാത്രം. അല്ലാതെ ലാഭചേതങ്ങൽക്ക് പ്രയത്നിക്കുന്നവൻ പരമ മൂഢനും പരമാർത്ഥത്തെ ഒരു തരത്തിലും അറിയാത്തവനുമാകുന്നു. അതിനാൽ ധർമ്മത്തിന്  വേണ്ടി ധർമ്മ ത്തെ ആചരിക്കു. അധ്യാത്മശാസ്ത്രങ്ങളുടേയൊക്കെ  നിഗൂഢമായ സന്ദേശത്തിന്റെ രത്നച്ചുരുക്കമാണിത്‌. ഇതിനെ വേണ്ടവിധം അറിഞ്ഞ്‌  പ്രായോഗികമാക്കി ജീവിക്കുന്ന ബുദ്ധിമാന്മാരെ 'സ്ഥിതപ്രജ്ഞൻ' എന്ന് വിളിക്കുന്നു. അവർ സുഖികളും സംതൃപ്തരുമാണ്.                      

ഭക്ത്യാ ഭാഗവതം ജ്ഞേയം - 03


ഭാഗവതം എന്നത് ഒരു മനോഭാവമാണ്. ഏതിനെയും ഉൾക്കൊള്ളാൻ സന്നദ്ധമായൊരു മനോഭാവം. ഭാഗവതമായ മനസ്സിന് ഒന്നും അന്യമല്ല. ഏതു അപരിചിതമായ ആശയത്തേയും അത് ഉൾക്കൊള്ളും. ശ്രുതി, യുക്തി, അനുഭവം അനുഭവം എന്നീ മാനദണ്ഡങ്ങൾ വെച്ചുകൊണ്ട് അത് പരിശോധിക്കും.തള്ളേണ്ടത് തള്ളും; കൊള്ളേണ്ടത്  കൊള്ളും. ഭാഗവത മനസ്സ് ഇല്ലാത്തവർക്ക്‌ അപരിചിതമോ, നൂതനമോ ആയ ആശയം ഉൾക്കൊള്ളാൻ പ്രയാസമാകും. ഭാഗവതം എന്ന ഗ്രന്ഥം വായിച്ചതുകൊണ്ട് മാത്രം ഭാഗവത'മനസ്സ്'ഉണ്ടാവുകയില്ല.
ഭഗവാൻ ഏകൻ .... ബാക്കിയെല്ലാം മായ.     

മാറ്റം പ്രകൃതി നിയമമാണ്

സംഭവിച്ചതെല്ലാം നല്ലതിന്

സംഭവിക്കുന്നതെല്ലാം നല്ലതിന്

ഇനി സംഭാവിയ്ക്കാനുള്ളതും നല്ലതിനാണ്.

നഷ്ടപ്പെട്ടതോർത്ത് എന്തിനു ദുഃഖിയ്ക്കണം?

നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?

നശിച്ചതെന്തെങ്കിലും നീ സൃഷ്ടിച്ചതാണോ?

നീ നേടിയതെല്ലാം നിനക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്.

നിനക്കുള്ളതെല്ലാം ഇവിടെ നിന്ന് നേടിയതാണ്.

ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അത് മറ്റാരുടേതോ ആകും

മാറ്റം പ്രകൃതി നിയമമാണ് 

ഭക്ത്യാ ഭാഗവതം ജ്ഞേയം - 02


ഭാഗവതത്തെ സർവ്വ വേദാന്തസാരം എന്നാണ്  പറയുന്നത്.

സർവ്വ വേദാന്തസാരം യദ് 
ബ്രഹ്മാത്മൈകത്വ ലക്ഷണം
വസ്ത്വഃ  ദ്വിതീയം തന്നിഷ്ടം
കൈവല്യൈക  പ്രയോജനം.

ഇത് സർവ്വ വേദാന്തസാരമാണ് . ഉപനിഷത്തുക്കളുടെ പ്രതിപാദനലക്ഷ്യമായ ബ്രഹ്മവും ആത്മാവും തമ്മിലുള്ള ഐക്യം എന്ന ലക്ഷണത്തോടുകൂടിയതുമാണ്. ഇതിൽ പ്രതിപാദിക്കപ്പെടുന്ന സദ്‌വസ്തു  അഥവാ പരമാത്മവസ്തു ഏകവും അദ്വിതീയവുമാണ്. ആ  പരമാത്മവസ്തുവിലാണ് പ്രപഞ്ചം വിവർത്തരൂപേണ പ്രതിഷ്ഠിതമായിരിക്കുന്നത്. ഉപനിഷത്ത് ഉപാസനകൊണ്ട്  പ്രാപിപ്പിക്കപ്പെടേണ്ട മോക്ഷം അല്ലെങ്കിൽ കൈവല്യമാണ്  ഭാഗവതത്തിന്റെ ഏകമായ പ്രയോജനവും.

ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുന്നത് ഏതൊരു സദ്‌വസ്തുവിലാണോ, ചലനാത്മകമായ ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുമ്പോഴും പ്രപഞ്ചത്തിന്  കാരണമായ ഏതൊരു സദ്‌വസ്തു അചഞ്ചലമായി നിലകൊള്ളുന്നുവോ, ഏതൊരു സദ്‌വസ്തു പ്രപഞ്ചാനുഭവങ്ങളുടെ മാനങ്ങളായി കാലം, ദേശം, അവസ്ഥ എന്നിവയെ അതിക്രമിച്ച് അവയ്ക്ക്  അതീതമായി വർത്തിക്കുന്നുവോ ആ പരമാർത്ഥ തത്വത്തെയാണ്  ഉപനിഷത്തുക്കൾ 'സത്', അവൻ (സഃ), ബ്രഹ്മം, പരമാത്മാവ്‌ തുടങ്ങിയ ശബ്ദങ്ങളാൽ വിവക്ഷിക്കുന്നത്.

സർവ്വം ഖല്വിദം ബ്രഹ്മതജ്
ജലാനിതി  ശാന്തമുപാസിത

(ദൃശ്യപ്രപഞ്ചം ബ്രഹ്മം തന്നെയാണ്. പ്രപഞ്ചം. പ്രപഞ്ചം ബ്രഹ്മത്തിലുണ്ടായി നിലനിന്ന് മറയുന്നു എന്നറിഞ്ഞ് ശാന്തരായി ഉപാസിക്കുവിൻ).

സ ദേവ സൗമ്യ  ഇദമഗ്ര ആസീത്  
ഏകം ഏവ അദ്വിതീയം 

(ഈ പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനുമുമ്പ്  'സത് ' മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത് ഏകവും കേവലവും അദ്വിതീയവുമാണ്.)

'യതോവാ ഇമാനി ഭൂതാനി ജായന്തേ
യേന ജാതാനി ജീവന്തി , യത് പ്രയന്ത്യഭിസം
വിശന്തി തത് ബ്രഹ്മേതി'

(ഏതൊന്നിൽ നിന്നാണോ ഈ ഭൂതജാലങ്ങൾ എല്ലാം ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഇവയെല്ലാം നിലനിൽക്കുന്നത്, ഏതൊന്നിലാണോ ഉണ്ടായിനിലനിന്നവയെല്ലാം ലയിക്കുന്നത്  അതിനെയാണ്  ബ്രഹ്മം എന്ന് പറയുന്നത്.)

മുകളിൽ ഉദ്ധരിച്ച വെദാന്തസാരങ്ങളായ ഉപനിഷത്ത് വാക്യങ്ങളിൽ നിന്ന്  ബ്രഹ്മത്തിന്റെ എകത്വത്തെയും   അധിഷ്ഠാനമെന്ന നിലയിൽ  പ്രപഞ്ചത്തിന്റെ കാരണത്തെയും വെളിപ്പെടുത്തുന്നു. ഇതേ ആശയം തന്നെ ഭാഗവത്തിൽ സൂക്ഷ്മ ഭാഗവതം (ഹ്രസ്വ ഭാഗവതം) എന്നു പ്രസിദ്ധമായ 'ചതുശ്ലോകീ' ഭാഗവത്തിൽ ആദ്യംതന്നെ പറഞ്ഞുവേക്കുന്നു.

ഭാഗവതത്തിലെ കഥകളിലെല്ലാം തന്നെ തത്വരൂപത്തിൽ ഭഗവാൻറെ അദ്വൈത രൂപത്തേയും   ജീവ ബ്രഹ്മ ഐക്യത്തേയും  സംശയലേശമന്യേ  വെളിപ്പെടുത്തുന്നതിനോടൊപ്പം തന്നെ അഭ്യാസരൂപേണ പല കുറി  ആവർത്തിക്കുകയും ചെയ്യുന്നു.

പുരഞ്ജനോപാഖ്യാനം നോക്കു...ജീവൻറെ അവിജ്ഞാത സഖാവായി പരമാത്മാവിനെ അവതരിപ്പിച്ചുകൊണ്ട്  ജീവനും പരനും ഒരേ തത്വം തന്നെയെന്നും ഈ അവിജ്ഞാതസഖാവിനെ മറന്നതാണ് ജീവൻറെ സുഖദുഃഖങ്ങൾക്ക്  കാരണമെന്നും പറയുന്നു. മാനസസരസ്സിൽ വിഹാരിച്ചുകൊണ്ട് കാലാതീതമായി വർത്തിച്ചിരുന്ന  ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയന്ന  ഐക്യഭാവനയിലേക്ക്  പുരഞ്ജനകഥ എത്തിചേരുന്നു.

ഭാഗവത കഥയുടെ പരിസമാപ്തിയുൽ ശ്രീശുക ബ്രഹ്മർഷി  പരീക്ഷിത്ത് മഹാരാജാവിന്  ജീവൻറെയും ബ്രഹ്മത്തിന്റെയും ഐക്യം അനുഭവവേദ്യമാക്കി നൽകുന്നു .