Showing posts with label mahabharata. Show all posts
Showing posts with label mahabharata. Show all posts

ഗീത ഒരു പഠനം - 03

ശരീരം പോലെ ലോകത്തിലുള്ള ശബ്ടാദി വിഷയങ്ങളും ഭ്രമ മാത്രങ്ങള്ളണ്. ഇല്ലാത്ത ശരീരം കൊണ്ട് ഇല്ലാത്ത വിഷയങ്ങളെ അനുഭവിക്കുന്നതായി ജീവൻ ഭ്രമിക്കുന്നു. എല്ലാവരുടെയും ജീവിതത്തിന്റെ എല്ലാവശങ്ങളും ഒരുപോലെ അസത്യങ്ങളാണ്. അതുകൊണ്ട് എത്രകാലം കഴിഞ്ഞാലും സത്യത്തെ അറിയുവാൻ കഴിയുന്നില്ല.ഇല്ലാത്ത ശബ്ടാദി വിഷയങ്ങളിൽ നിന്ന് മനസ്സിനെ തിരിക്കുന്നവന് സത്യത്തെ തിരിച്ചറിയാൻ കഴിയും.

ഇല്ലാത്തത്  എപ്പോഴും ഇല്ലാത്തതും, ഉള്ളത്  എപ്പോഴും ഉള്ളതുമാണ്. ശരീരവും വിഷയ പദാർത്‌ഥങ്ങളും പലപ്പോഴും ഇല്ലാത്തതും ചിലപ്പോൾ മാത്രം ഉള്ളവയുമാണ. ചിലപ്പോൾ മാത്രം ഉള്ളതായി തോന്നുന്ന വസ്തു സത്യമല്ല. സത്യമായ ഒരു വസ്തു അതിനടിയിൽ ഉള്ളതുകൊണ്ടാണ് 
അസത്യമായ പലതും ഉള്ളതുപോലെ  കാണപ്പെടാൻ  ഇടവരുന്നത്. ആ സത്യവസ്തുവാണ്  ജഗത്തിന്റെ സത്ത. അതിനെ ആത്മാവെന്നും ബ്രഹ്മമെന്നും ഈശ്വരൻ എന്നൊക്കെ വിളിക്കുന്നു. ലോകമൊട്ടാകെ നശിച്ചാലും അതിന് നാശമില്ല. ഈ പരമവസ്തുവിനെ തന്നെയാണ് എല്ലാവരും 'ഞാൻ' എന്ന് അഭിമാനിക്കുന്നത്; പക്ഷേ അറിയുന്നില്ലന്നേയുള്ളൂ.

എല്ലാ ജീവികളുടെയും എല്ലാ പദാർത്‌ഥങ്ങളുടെയും പരമസത്തയായ ആത്മാവ് ഒരിക്കലും ഉണ്ടായുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല. അത് എപ്പോഴും എവിടെയും ഒരുപോലെ നിലനിൽക്കുന്നു. ഈ ആത്മ ചൈതന്യമോഴിച്ച് മറ്റെല്ലാം മിഥ്യയാകയാൽ ആർക്കും ഒന്നിനെക്കുറിച്ചും വ്യസനിക്കുവാൻ അർഹതയില്ല. 

ഇനി ജനനമരണങ്ങൾ സത്യമാണെങ്കിൽത്തന്നെ, അത് നിയതമായ സ്വഭാവങ്ങൾ ആയാതിനാൽ  അതിനെ ആർക്കും തടുക്കുവാൻ സാദ്ധ്യമല്ല. തടയാൻ കഴിയാത്ത ആപത്തിനെ പറ്റി  ദുഖിച്ചു കാര്യമില്ല.ബുദ്ധിമാന്മാർ അത് ചെയ്യാറുമില്ല.വെള്ളത്തിലെ കുമിളപോലെ ക്ഷണനേരം മാത്രം നിലനിൽക്കുന്ന ശരീരത്തിന്റെ നാശത്തിൽ ആർക്കും ദുഃഖിക്കാനോ സന്തോഷിക്കണോ ഒന്നുമില്ല. ശരീരത്തിലുള്ള സത്യ ബുദ്ധിയും, അഭിമാനവും കാരണം ആർക്കും ആത്മതത്വത്തെ വേണ്ടവിധത്തിൽ അറിയുവാൻ കഴിയുന്നില്ല.ബ്രഹ്മം ഒഴികെ ബാക്കിയെല്ലാം തോന്നൽ ആയതിനാൽ വ്യസനവും ഭീതിയും തികച്ചും അസ്ഥാനത്താണ്. പരമതത്ത്വം മാത്രമേ പരമാർത്ഥ മായിട്ടുള്ളുവെങ്കിൽ പിന്നെ ആരാണ് കൊല്ലുന്നത് ?  ആരെയാണ്  കൊല്ലുന്നത് ?  ആയുധങ്ങൽക്കോ അഗ്നിക്കോ മറ്റു ഭൂതങ്ങൽക്കോ ആത്മാവിനെ ഒന്നും ചെയ്യാൻ കഴിയില്ല.

അസത്തായിരിക്കുന്ന ജഗത്തിൽ  ചെയ്യപ്പെടുന്ന യുദ്ധവും അസത്തല്ലേ? അപ്പോൾ ഈ യുദ്ധം കൊണ്ട് ആർക്ക്, എന്ത് നേട്ടം എന്ന് ചിന്തിക്കരുത്. 
ജഗത്ത്  അസത്താണെങ്കിളും അതിലുള്ള  എല്ലാ  ജീവികളും സുഖത്തെ കാംക്ഷിക്കുന്നുണ്ട്. ദുഃഖം ആർക്കും ഇഷ്ട്ടമല്ല. സുഖത്തിനുവേണ്ടി  എല്ലാവരും ക്ളെശിക്കുന്നു. ധർമ്മമാണ് സുഖത്തിന് ഹേതു. എവിടെ ധർമ്മമുണ്ടോ അവിടെ സുഖമുണ്ട്. ധർമ്മത്തിന്റെ ക്ഷയവും അധർമ്മത്തിന്റെ വളർച്ചയുമാണ്‌ ദുഃഖത്തിന്റെ മുഖ്യഹേതു. ധർമത്തെ രക്ഷിക്കുകയെന്നത്  ക്ഷത്രിയന്റെ ധർമ്മമാണ്. പേരുകേട്ടവൻ  പേര്കെട്ട്  ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണ്. ജയാപജയങ്ങളെകുറിച്ച്  ചിന്തിക്കേണ്ടതില്ല. വിജയിച്ചാലും പരാജിതനായാലും സ്വധർമ്മം ആച്ചരിക്കലാണ് കൃതാര്ത്ഥതയ്ക്കും നിലനിൽപ്പിനും ഹേതുവായിത്തീരുന്നത്.  ജയാപജയങ്ങളെ പ്പറ്റി ചിന്തയും ശ്രദ്ധയും ഉണ്ടെങ്കിൽ ആ പ്രവർത്തി ധർമ്മാചരണമാകാനും പോകുന്നില്ല. എകാഗ്രമായിതീർന്ന പ്രജ്ഞകൊണ്ട്  താനടക്കമുള്ള ജഗത്തിന്റെ മൂലസത്തയായ ആത്മാവിനെ മറക്കാതിരിക്കുകയും ധർമ്മത്തെ ആചരിക്കുകയും ചെയ്താൽ മതി. 

ഈ ജഗത്തും അതിൽ ചേഷ്ടിക്കുന്ന താനും തന്റെ ചെഷ്ടകളെല്ലാം മിഥ്യയാണ്‌. എങ്കിലും ധർമ്മത്തെ ആചരിക്കണം.എന്തിനു വേണ്ടി എന്ന് ചോദ്യമില്ല. ധർമ്മാചരണം ധർമ്മാച്ചരണ ത്തിനുവേണ്ടിമാത്രം. അല്ലാതെ ലാഭചേതങ്ങൽക്ക് പ്രയത്നിക്കുന്നവൻ പരമ മൂഢനും പരമാർത്ഥത്തെ ഒരു തരത്തിലും അറിയാത്തവനുമാകുന്നു. അതിനാൽ ധർമ്മത്തിന്  വേണ്ടി ധർമ്മ ത്തെ ആചരിക്കു. അധ്യാത്മശാസ്ത്രങ്ങളുടേയൊക്കെ  നിഗൂഢമായ സന്ദേശത്തിന്റെ രത്നച്ചുരുക്കമാണിത്‌. ഇതിനെ വേണ്ടവിധം അറിഞ്ഞ്‌  പ്രായോഗികമാക്കി ജീവിക്കുന്ന ബുദ്ധിമാന്മാരെ 'സ്ഥിതപ്രജ്ഞൻ' എന്ന് വിളിക്കുന്നു. അവർ സുഖികളും സംതൃപ്തരുമാണ്.                      

ഭക്ത്യാ ഭാഗവതം ജ്ഞേയം - 01

ഏതൊരു വ്യക്തിയും  ആവശ്യം സാക്ഷാത്ക്കരിക്കേണ്ട ബൗദ്ധിക മൂല്യമാണ് സത്യം. ഭാരതീയ ഋഷികൾ  ഇത് പണ്ടേ കണ്ടെത്തി. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ യാഥാർത്യവും സത്യത്തിൽ തന്നെ ഉറപ്പിച്ചു നിര്ത്തിയിരിക്കുന്നു. അതീന്ദ്രിയമായ സത്യവും അതീന്ദ്രിയമായ ജ്ഞാനവും ഒന്നുതന്നെ. സത്യദർശനമായിരുന്നു ഋഷിമാരുടെ ജീവിതലക്ഷ്യവും.

ആധുനികശാസ്ത്രവും അന്വേഷിക്കുന്നത് അതുതന്നെ. പദാർത്ഥനിഷ്ഠമായ മാർഗ്ഗത്തിലൂടെയാണ്  അവർ അന്വേഷിക്കുന്നത്. അതീന്ദ്രിയമായ സത്യത്തെ  ഭൗതികമാനങ്ങൾക്ക്  വിധേയമാക്കാൻ ശ്രമിച്ചാൽ വിജയിക്കില്ല. ദേശകാലങ്ങൾക്ക്  വിധേയമായ മാനദണ്ഡങ്ങൾ കൊണ്ട് സത്യത്തെ അളക്കാൻ കഴിയില്ല. ജ്ഞാനത്തെ അളക്കാൻ ജ്ഞാനം കൊണ്ടേ കഴിയൂ.. ജ്ഞാനത്തിലൂടെ സത്യദർശനം സാധിച്ചവരാണ് ഋഷികൾ. അവരുടെ അന്തർമുഖവീക്ഷണം ജഗത്തിൻറെ പലതലങ്ങളെയും അനാവരണം ചെയ്ത് സത്യത്തിലേക്ക് അടുത്തു. മനുഷ്യ ജീവിതവുമായി   ബന്ധപ്പെടുത്തിക്കൊണ്ട്  സത്യസ്വരൂപത്തെ അന്വേഷിക്കുകയാണ് ശ്രീമദ് ഭാഗവതത്തിന്റെ ലക്ഷ്യം.

സത്യാന്വേഷണത്തിന് മനുഷ്യന് ലഭിച്ച ഉപാധിയാണ് ഈ ജഗത്ത്. അഖണ്ഡമായ നിത്യവസ്തുവാണ്  സത്യം. അതിലാണ് ജഗത്തിന്റെ നിലനില്പ്പ്. കാര്യത്തില്  നിന്ന് കാരണ ത്തിലേക്ക് അന്വേഷണം പുരോഗമിക്കുന്നു. പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനും തിരോഭാവത്തിനും അധിഷ്ഠാനം സത്യമാണ്. ഇത് ഉപനിഷത്തുക്കളെ അടിസ്ഥാനമാക്കി നിർണ്ണയിക്കാം.  പദാർത്ഥത്തിന്  അതീതമായ ഒരു സങ്കൽപ്പത്തിലാണ്  ജഗത്തിന്റെ നിലയെന്ന് ആധുനിക ഭൗതികശാസ്ത്രത്തിന്  സമ്മതിച്ചുതരുവാൻ കഴിയില്ല. എന്നാൽ  വ്യാസാൻ അതിനെ  സത്യത്തിന്റെ അനിത്യഭാവങ്ങളായി യുക്തിപൂർവ്വം  നമുക്ക് കാട്ടിത്തരുന്നു.  

സത്യവും ജ്ഞാനവും ഒന്നുതന്നെയാണെന്ന്  ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നു. വിജ്ഞാനം വിഷയത്മാകവും  വ്യക്തിനിഷ്ഠവുമാണ്. വിഷയങ്ങളോടുള്ള ബന്ധമാണ്  ജ്ഞാനത്തെ വിജ്ഞാനമാക്കുന്നത്. ജ്ഞാനം നിര്വിഷയമാക്കപ്പെടുമ്പോൾ  അത് പരമസത്യമായി മാറുന്നു. നാനാത്വത്തിലാണ് വിജ്ഞാനത്തിന്റെ നിലനില്ല്പ്പ്. സർവ്വപ്രാണികളിലും നിലനിന്നുകൊണ്ട്      ജഗത്ബോധം ജനിപ്പിക്കുന്നത് ഈ വിജ്ഞാനമാണ്‌. അതിനെ വിഷയനിർമുക്തമാക്കുമ്പോൾ  പരമമായ സത്യ ദർശനമായി.  

സ്വയം പ്രകാശികകുന്നതാണ് ജ്ഞാനം. അതിനെ പ്രകാശിപ്പിക്കുവാൻ മറ്റൊരു പ്രകാശവും ആവശ്യമില്ല. ഭഗവാൻ സത്യസ്വരൂപനാണ്. മോഹം നിമിത്തം പലരും അത് തന്നിൽതന്നെയാണ്   സ്ഥിതി ചെയ്യുന്നതെന്ന് തിരിച്ചറിയുന്നില്ല. ആ യാഥാർത്ഥ്യം അറിയിക്കുകയാണ്  ഉപനിഷത്തുക്കൾ ചെയ്യുന്നത്. ഇന്ദ്രിയങ്ങൾ ബഹിർമുഖങ്ങളായതിനാൽ സത്യത്തെ തന്നിൽനിന്ന് അന്യമായി   കാണുവാൻ ഓരോ മനുഷ്യനേയും പ്രേരിപ്പിക്കുന്നു. ഇന്ദ്രിയങ്ങളെ അന്തർഖങ്ങളാക്കിയാൽ മാത്രമേ  സത്യത്തിന്റെ  സാക്ഷാത്കാരം സാധ്യമാകു.
ജഗത്തിന്റെ തൃഗുണാത്മികമായ രചന സത്യത്തെ തികച്ചും ആവരണം ചെയ്യുന്ന വിധത്തിലാണ്. അതുകൊണ്ട് പരമമായസത്യം തന്നിൽനിന്നു അന്യമാണെന്ന് മനുഷ്യർ വിചാരിക്കുന്നു. എന്നാൽ അത് അകത്തും പുറത്തും       നിർലിപ്തമായി സ്ഥിതി ചെയ്യുന്നു; ഒന്നിനോടും ചേരാതെ, എങ്ങും നിറഞ്ഞ്.  ആ സത്യമാണ് ഭാഗവത്തിന്റെ പ്രമേയം. അതിനെ സാക്ഷാത്കരിക്കുകയാണ്  ജീവിതത്തിൻറെ പരമലക്ഷ്യം
.
ആദ്ധ്യാത്മിക ശാസ്ത്രങ്ങളുടെ കൂട്ടത്തിൽ ശ്രീമദ് ഭാഗവതത്തിന് സമുന്നതമായ ഒരു സ്ഥാനമുണ്ട്. കലിയുഗത്തിൽ അന്നഗതപ്രാണരായ മനുഷ്യർക്ക്  സരളമായ ഭക്തിമാർഗ്ഗത്തെ പ്രകാശിപ്പിക്കുന്നതിനാൽ ഭാഗവതത്തിന് മഹോന്നതമായ സ്വീകാര്യതയുമുണ്ട്. ഭക്തി മാത്രമല്ല ജ്ഞാനവൈരാഗ്യങ്ങളെക്കൊണ്ടും സമ്പുഷ്ഠമാണ്  ശ്രീമദ് ഭാഗവതം. 18 പുരാണങ്ങളിലും  ശ്രേഷ്ഠമായതിനാൽ ഇതിനെ പുരാണതിലകം എന്ന് വിളിക്കുന്നു.

പുരാണങ്ങൾ ഉപനിഷത്ത് ശാസ്ത്രങ്ങളുടെ കഥാരൂപത്തിലുള്ള ആവിഷ്ക്കാരങ്ങളാണ്. ഭാഗവതം സർവ്വൊപനിഷത് സാരവും. വേദങ്ങളിൽ പ്രകാശിപ്പിചിരിക്കുന്ന തത്ത്വങ്ങളുടെ സംക്ഷിപ്തവും  യുക്ത്യാധിഷ്ഠിതവുമായ പ്രഖ്യാപനങ്ങളാണ്‌ ഉപനിഷത്തുകളിൽ കാണപ്പെടുന്നത്‌.  ഉപനിഷത്തുകളിൽ പറഞ്ഞതിൽ കവിഞ്ഞ ഒരറിവും ഇനി ഉണ്ടാവാനില്ല. അറിവിൻറെ അവസാനമാണ്  'വേദാന്തം'.  വേദാന്തം തന്നെയാണ്   ഉപനിഷത്തുക്കൾ.                    

ഗീത ഒരു പഠനം

ഹിന്ദു  മത ഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്  വേദങ്ങളാണ്. വേദങ്ങളുടെ സാരമാണ് ഉപനിഷത്തുകൾ. ആ ഉപനിഷത്തുക്കളുടെ സാരമാണ് ശ്രീമദ് ഭഗവത്ഗീത. 

ഗീത കേവലം ഹിന്ദുമത വിശ്വാസികളുടെ ഒരു മതഗ്രന്ഥമല്ല. അത് പൊതുവെ ലോകജനതക്ക് സ്വീകാര്യമായ, അത്യന്തം വിലപ്പെട്ട ഒരു അപൂർവ്വ ഗ്രന്ഥമാണ്. മനുഷ്യന് ദൈനം ദിന ജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെയും വിഷമങ്ങളെയും പരിഹരിച്ച് അവർക്ക് വിവേകവും സുഖവും ശാന്തിയും നേടുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ് ഗീത. അത് ഒരു പ്രത്യേക രാഷ്ട്രത്തേയോ സമുദായത്തേയൊ  മതത്തേയോ ലക്ഷ്യമാക്കിയല്ല ഉപദേശിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യ സമൂദായത്തിന് ഒട്ടാകെ ജന്മസാഫല്യം നേടുവാൻ അനുസരിക്കേണ്ട ഉപദേശങ്ങളാണ് ഗീതയിൽ കാണുന്നത്. മനുഷ്യ സമൂഹത്തിന്റെ സന്മാർഗ്ഗബോധത്തിനും ഉൾകർഷതിത്തിനും ഉന്നമനത്തിനും ശ്രേയസ്സിനും ഉതകുന്ന തത്വസംഹിഹകളുടെ സമാഹാരമാണത്.

ഭോഗതൃഷ്ണയിലും ഉപഭോഗസംസ്കാരത്തിലും ഉഴലുന്ന, സ്വധർമ്മം മറന്ന നമുക്ക് ഭഗവത്ഗീതയിലെ തത്ത്വോപദേശങ്ങൾ അത്യാവശ്യങ്ങളാണ്. അതി ഗഹനമാണ് ഗീതയിലെ തത്ത്വോപദേശസാരങ്ങൾ. അതുകൊണ്ടാണ് ഗീതാവ്യഖ്യാതാക്കളായ വിവധ പണ്ഡിത ശ്രേഷ്ഠന്മാർ അവരവരുടെ രുചിഭേദമനുസരിച്ച്  വവിധങ്ങളായ വ്യാഖ്യാനങ്ങൾ ഗീതയ്ക്ക്  നൽകിയിരിക്കുന്നത് . ഗീതാ സന്ദേശം ജ്ഞാനയോഗമാണ്, ഭക്തിയൊഗമാണ്, രാജയോഗമാണ്, കർമ്മയോഗമാണ് എന്നെല്ലാമാണ് ഈ  വ്യാഖ്യാനങ്ങൾ. ഓരോതരത്തിൽ ഇവയെല്ലാം ശരിയാണ് താനും. എല്ലാ യോഗങ്ങൾക്കും ഗീതയിൽ സ്ഥാനമുണ്ട്. 'സർവ്വ ശാസ്ത്രമയീ ഗീത' എന്ന് വ്യാസനും  'സമസ്ത വേദാർത്ഥ സാരസംഗ്രഹ ഭൂതം' എന്ന് ശ്രീശങ്കരനും ഗീതയെ വിശേഷിപിച്ചു . ' യുക്തിവാദികളുടെപോലും രാജാവ് എന്ന് മഹാത്മജിയുടെ പ്രഖ്യാപനവും ശ്രദ്ധേയമാണ് .  ഗീതയെ അദ്ദേഹം രണ്ടാമത്തെ മാതാവായി വിശേഷിപ്പിച്ചിട്ടുമുണ്ട്. കഷ്ടതയോ ബുദ്ധിമുട്ടോ മന:ക്ളേശമോ വരുമ്പോൾ മഹാത്മജി ഈ രണ്ടാനമ്മയുടെ മടിയിൽ അഭയം പ്രാപിക്കും. അവിടെ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന ഒരു ശ്ളോകം അദ്ദേഹം കണ്ടെത്തുന്നു. ഗീതാ ഭക്തൻ നിരാശ എന്തെന്ന് അറിയുന്നില്ല. ' അനാസക്തിയോഗ'മെന്ന  ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനം പ്രസിദ്ധമാണ്.

ഗീതയിലെ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിൽ പതിനൊന്നാം ശ്ളോകം മുതൽ പ്രത്യക്ഷമായി തന്നെ ഉപദേശ തത്ത്വങ്ങൾ ആരംഭിയ്ക്കുന്നു. കുരുക്ഷേത്ര ഭൂമിയിൽ നടന്ന കൗരവ പാണ്ഡവ യുദ്ധത്തിൽ അർജ്ജുനൻ ബന്ധുജനങ്ങളോട് പോരിൽ ഏറ്റുമുട്ടുന്നതിനു വിമുഖത കാട്ടുകയും വില്ലും അമ്പും താഴെവെച്ചു വ്യാകുലചിത്തനായി തീരുകയും ചെയ്തപ്പോൾ അദ്ദേഹത്തെ സ്വധർമ്മ തല്പരനാക്കുന്നതിനു സാരഥിയായിരുന്ന ശ്രീകൃഷ്ണൻ നല്കുന്ന ഉപദേശമാണ് ഭഗവത് ഗീത.