എന്റെ വാക്കുകൾ ആരും കേൾക്കുന്നില്ല

" ന കശ്ചിത് ശ്രുണോതി മേ " -  പണ്ട് വ്യാസൻ വിളിച്ചു പറഞ്ഞ വാക്കുകളാണിവ. " എന്നെ ആരും കേൾക്കുന്നില്ല " അതായത് എന്റെ വാക്കുകൾ ആരും കേൾക്കുന്നില്ല. ഇന്നും കേരളത്തിലെ  സമൂഹത്തിൽ  ഈ വാക്കുകൾ മുഴങ്ങുന്നു. പരിഭവത്തിന്റെയും പരിദേവനത്തിന്റെയും സ്വരത്തിൽ അത് വ്യക്തിയുടെ മനസ്സിലും ഗൃഹാന്തരീക്ഷത്തിലും സമൂഹമദ്ധ്യത്തിലും മുഴങ്ങുന്നു. " ന കശ്ചിത് ശ്രുണോതി മേ "

എല്ലാവരും പറയുവാൻ ആഗ്രഹിക്കുന്നു. ആർക്കും കേൾക്കാൻ ആഗ്രഹമില്ല. ക്ഷമയുമില്ല. അവർക്ക് അവരുടെ മോഹത്തെയും മോഹഭംഗത്തെയും കുറിച്ച് പറയണം. ജീവിതത്തിൽ പെട്ടെന്ന് ഉയർന്നുപൊങ്ങിയ മഴവില്ല് തകർന്നടിഞ്ഞു വീണതിനെപ്പറ്റി പറയണം. ജീവിത പങ്കാളിയുടെ സ്വഭാവ വ്യതിയാനത്തെപ്പറ്റി പറയണം. ഒന്നിച്ചിറങ്ങി പാതി വഴിക്കുവെച്ച് യാത്രപോലും പറയാതെ പിരിഞ്ഞ ദുരന്തത്തെപ്പറ്റി പറയണം. ഏക സന്താനത്തിന്റെ അപഥസഞ്ചാരത്തെക്കുറിച്ചും പറയണം. ആരുണ്ട്‌ ഇതെല്ലാം കേൾക്കാൻ? ആവശ്യമുണ്ട്, കേൾക്കാൻ ഒരാളെ!

കേൾക്കാനുള്ള ക്ഷമയും സമാധാനവും ഉണ്ടായിരിക്കുക എന്നത് വിശിഷ്ടമായ ഒരു ഗുണമാണ്. എല്ലാവരിലും അത് ഉണ്ടായിരിക്കുകയില്ല. ഉണ്ടായിരുന്നുവെങ്കിൽ എന്ന് നമ്മൾ ആശിച്ചു പോകുന്നു. ഭർത്താവിനെ ഭാര്യ കേള്ക്കുന്നില്ല. ഭാര്യയെ ഭർത്താവ് കേൾക്കുന്നില്ല. കുട്ടികളെ മാതാപിതാക്കൾ കേൾക്കുന്നില്ല. മാതാപിതാക്കളെ കുട്ടികളും കേൾക്കുന്നില്ല. ഒരൊറ്റ കുരയ്ക്കു കീഴെ അപരിചിതരെപ്പോലെ അവർ പെരുമാറുന്നു. ഇവിടെ പെരുമാറ്റം യാന്ത്രികമാകുന്നു. യന്ത്രസമാനമായ ജീവിതത്തിൽ എവിടെയാണ് സന്തോഷവും സംതൃപ്തിയും. കൂടുമ്പോൾ ഇമ്പം തരുന്നതായിരിക്കണം കുടുംബം. യന്ത്രങ്ങൾക്കിടയിൽ എന്ത് ഇമ്പം? ഇരമ്പൽ മാത്രം!

കേൾക്കുക എന്നതിന് ജീവിതത്തിൽ വളരെ പ്രാധാന്യമാണ് ഉള്ളത്. പ്രതിസന്ധിയിൽ ഉഴലുന്നവരുടെ വാക്കുകൾകേട്ട് അവർക്കായി നൽകുന്ന ആശ്വാസവചനം അവരുടെ ജീവിതത്തെ തന്നെ മാറ്റിതീർത്തേക്കാം. ഇത് അറിയേണ്ടവർ അറിയേണ്ടസമയത്ത് അറിയേണ്ട വിധത്തിൽ അറിയേണ്ടതാണ്. അല്ലാതെ വീണു കിടക്കുന്നവനെ ചവിട്ടാൻ ആർക്കാണ് കഴിയാത്തത്. അതിന് പ്രത്യേകമിടുക്കൊന്നും വേണ്ട.

ഗോദയിൽ വീണുകിടക്കുന്നവന്റെ മുമ്പിൽ " മപ്പടിച്ചു " കാണിക്കുന്നത് വീരസ്യമല്ലെന്ന് ശൂരന്മാർ മനസ്സിലാക്കേണ്ട കാലം വൈകി. വീണവനും നിൽക്കുന്നവനും ഒരർത്ഥത്തിലും തുല്യരല്ല. ആര്? എവിടെ? വീണു എന്നറിയാതെ "കൊജ്ഞണന്മാരോട് " ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. " ഞാനും ഒരു തണ്ടാനും ആലപ്പുഴെ ഒരു കൊപ്രാമുതലാളിം ..... " കൊജ്ഞണനെ അവന്റെ സ്വപ്നലോകത്തിൽ ജീവിക്കാൻ നമുക്ക് അനുവദിക്കാം.